
ധാക്ക: അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് വ്യക്തമായ മേല്‍കൈ. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ആതിഥേയരായ ബംഗ്ലാദേശ് 371 റണ്‍സ് മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 476 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഇതിനെതിരെ ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് 95 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
രണ്ട് വിക്കറ്റ് നേട്ടവുമായി ഹസന്‍ മുറാദ് ആണ് ബംഗ്ലാ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഖാലിദ് അഹമ്മദും തൈജുല്‍ ഇസ്ലാമും മെഹ്ദി ഹസന്‍ മിറാസും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. അയര്‍ലന്‍ഡിനായി ഓപ്പിങ് ബാറ്റര്‍മാരയ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും(21)) പോള്‍ സ്റ്റിര്‍ലിങ്ങും(27) ചേര്‍ന്ന് 41 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചതാണ്. പക്ഷെ ആദ്യ വിക്കറ്റ് വീണതോടെ ടീം തകര്‍ച്ച നേരിടാന്‍ തുടങ്ങി.
തലേന്ന് ബാറ്റിങ് തുടര്‍ന്ന ബംഗ്ലാദേശ് മുഷ്ഫിഖുര്‍ റമീമിന്റെയും(106) ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെയും(128) സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ പടുത്തത്. ഇവരെ കൂടാതെ അര്‍ദ്ധസെഞ്ച്വറി പ്രകടനം കാഴ്‌ച്ചവച്ച മോനിമുല്‍ ഹഖ്(63), മെഹ്ദി ഹസന്‍ മിറാസ്(47) എന്നിവരും മികച്ച സംഭാവന നല്‍കി. ആദ്യ ടെസ്റ്റിലെ സെഞ്ച്വരിക്കാരന്‍ മഹ്‌മദുല്‍ ഹസന്‍ ജോയിയും(34) ഷാദ്മാന്‍ ഇസ്ലാമും(35) ഭേദപ്പെട്ട തുടക്കം സമ്മാനിച്ചിരുന്നു.









