
പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാഴ്‌ച്ചക്കാരെ വിളിച്ചുകൂട്ടുന്ന ആവേശ തുടക്കമവുമായി പെര്‍ത്ത് ടെസ്റ്റ്. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസും ഇംഗ്ലണ്ടും കൊമ്പുകോര്‍ത്തപ്പോള്‍ പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യദിനം പൊഴിഞ്ഞത് 19 വിക്കറ്റുകള്‍. എല്ലാം നേടിയിരിക്കുന്നത് പേസര്‍മാര്‍.
വിഖ്യാതമായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിവസത്തെ സ്‌കോര്‍ നില കൂടി പരിശോധിച്ചാല്‍ തുടക്കത്തിലേ ഉണ്ടായിട്ടുള്ള ക്രിക്കറ്റ് സൗന്ദര്യത്തിന്റെ വ്യാപ്തി വ്യക്തമാകും. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഒമ്പത് വിക്കറ്റുകള്‍. നേടിയിരിക്കുന്നത് 123 റണ്‍സ്.
58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് പ്രകടനവുമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് പെര്‍ത്തിലെ ആദ്യ ദിവസം സ്റ്റാറായി. ആ തോന്നലിനെ മറികടന്നുകൊണ്ടാണ് ഇംഗ്ലണ്ട് ഓസീസിനെ വളരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയിരിക്കുന്നത്. കുറഞ്ഞ പക്ഷം മികച്ചൊരു തുടക്കമെങ്കിലും നല്‍കി രണ്ടാം ദിവസമായ ഇന്ന് അനായാസം ലീഡ് നേടിയെടുക്കുമെന്ന് കരുതിയ സ്ഥാനത്താണ് ഓസീസ് വന്‍ തകര്‍ച്ച നേരിട്ടത്.
ഇംഗ്ലണ്ട് പേസ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് തന്നെ. അഞ്ച് വിക്കറ്റുകളാണ് സ്റ്റോക്‌സ് നേടിയത്. 26 റണ്‍സെടുത്ത അലെക്‌സ് കാരി ആണ് ടോപ് സ്‌കോറര്‍. പുതുമുഖമായി ഇറങ്ങിയ ജെയ്‌ക്ക് വെതറാള്‍ഡിനെ രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇംഗ്ലണ്ട് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ പ്രതികാരത്തിന് തുടക്കമിട്ടു. മാര്‍നസ് ലാബുഷെയ്‌നെ(ഒമ്പത്) കൂടി പുറത്താക്കി ആര്‍ച്ചര്‍ വീണ്ടും ഞെട്ടലേല്‍പ്പിച്ചു. ഒട്ടും വൈകിക്കാതെ ഇംഗ്ലണ്ട് പേസര്‍ ബ്രൈഡന്‍ കാഴ്‌സെയും നയം വ്യക്തമാക്കിയതോടെ ഒന്നിന് 28 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് നാലിന് 31 എന്ന നിലയിലേക്ക് തകര്‍ന്നു. ഒന്നാന്തരം ബാറ്റര്‍മാരായ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(17), ഉസ്മാന്‍ ഖവാജ(രണ്ട്) എന്നിവരാണ് കാഴ്‌സെയ്‌ക്ക് മുന്നില്‍ വീണത്.
അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ട്രാവിസ് ഹെഡും കാമറോണ്‍ ഗ്രീനും ചേര്‍ന്ന് ഓസീസിനെ കരകയറ്റാനുള്ള ശ്രമം ശക്തമാക്കി. കൂട്ടുകെട്ട് 45 റണ്‍സിലെത്തുമ്പോള്‍ സ്റ്റോക്‌സ് പണി തുടങ്ങി. ഓസീസ് നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിനെ പൊളിച്ചത് അപകടകാരിയായ ട്രാവിസ് ഹെഡിനെ(21) വീഴ്‌ത്തിക്കൊണ്ടാണ്. അധികം വൈകാതെ ഗ്രീനിനെയും(24) സ്റ്റോക്‌സ് പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് ക്യാപ്റ്റന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഓസീസ് സ്‌കോര്‍ 121ലെത്തുമ്പോള്‍ ഒമ്പത് വിക്കറ്റുകളും വീണു. പിന്നീട് രണ്ട് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ആദ്യദിനം അവസാനിച്ചു. അലെക്‌സ് കാരിയുടെ ടോപ് സ്‌കോര്‍ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ആദ്യ ദിവസം തന്നെ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്ന അപൂര്‍വ്വ കാഴ്‌ച്ചയ്‌ക്ക് പെര്‍ത്തില്‍ കളമൊരുങ്ങിയേനെ.
രാവിലെ ടോസ് നേടിയത് വിരുന്നുകാരായ ഇംഗ്ലണ്ട് ആണ്. ക്യാപ്റ്റന്‍ സ്റ്റോക്‌സ് മുന്‍ നിശ്ചയിച്ചത് പോലെ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ക്ലാസിക് ക്രിക്കറ്റ് കാണാനിരുന്നവര്‍ക്ക് മുന്നില്‍ കൈയ്യടി വാങ്ങിക്കൂട്ടാന്‍ നിയോഗം ആതിഥേയരുടെ സൂപ്പര്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ സാക് ക്രൗളിയെ പൂജ്യനായി മടക്കിക്കൊണ്ട് തുടങ്ങി. മാരക ബൗളിങ്ങിനെ കൂസാതെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അതിവേഗം സ്‌കോര്‍ ചെയ്യുന്ന ബാസ്‌ബോള്‍ ശൈലിയുമായി പൊരുതി. കനത്ത പേസ് ആക്രമണത്തെ അതിജീവിച്ച് ഹാരി ബ്രൂക് നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെയും(52) ഓലീ പോപ്പും(46) ജാമീ സ്മിത്തും(33) കാഴ്‌ച്ചവച്ച മിന്നല്‍ പ്രകടനത്തിന്റെയും ബലത്തില്‍ ഇംഗ്ലണ്ടിന് 150ന് മേല്‍ സ്‌കോര്‍ ചെയ്യാനായി. ഓസീസിനായി പുതുമുഖ താരം ബ്രെണ്ടന്‍ ഡോഗറ്റ് രണ്ട് വിക്കറ്റ് നേടി. കാമറോണ്‍ ഗ്രീന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.









