
കൊളംബോ: കാഴ്ചപരിമിത വനിതകള്‍ക്കായുള്ള ആദ്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഭാരതം ജേതാക്കളായി. ഫൈനലില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം ലക്ഷ്യം മറികടന്നു.
കൊളംബോ പി സാറ ഓവല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഭാരതം നേപ്പാളിനെ ബാറ്റിങ്ങിനയച്ചു. സരിത(34), ബിമല റായ്(26) എന്നിവരുടെ മികവിലാണ് നേപ്പാള്‍ പൊരുതാവുന്ന ടോട്ടല്‍ നേടിയെടുത്തത്. ഭാരതത്തിനായി ജമുന റാണി തുഡു, അനു കുമാരി ഓരോ വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ ഭാരതത്തെ ഫുല സരണ്‍(27 പന്തില്‍ 44) മുന്നില്‍ നിന്ന് നയിച്ചു. ഒപ്പം കരുണ കുമാരിയും(27 പന്തില്‍ 42) മികവ് കാട്ടിയതോടെ ഭാരതം വേഗത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഫുല സരണ്‍ ഫൈനലിലെ താരമായി.
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഡോ.ഹരിണി അമരസൂര്യ, ലോകകപ്പ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍ മീനാക്ഷി ലേഖി, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ചെയര്‍മാന്‍ ഡോ. മഹന്ദേഷ്, പ്രസിഡന്റ് ബൂസ് ഗൗഡ, വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍(ഡബ്ല്യുബിസിസി) സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.









