
സിഡ്‌നി: ഓസ്‌ട്രേലിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഭാരതത്തിന്റെ ലക്ഷ്യ സെന്‍ സ്വന്തമാക്കി. ഫൈനലില്‍ ജപ്പാനില്‍ നിന്നുള്ള കരുത്തന്‍ താരം യുഷി തനാകയെ നേരിട്ടുള്ള ഗെയിമിന് അടിയറ പറയിച്ചാണ് നീണ്ട ഇടവേളയ്‌ക്ക് ശേഷം ഭാരത താരത്തിന്റെ കിരീടനേട്ടം. സ്‌കോര്‍ 21-15, 21-11
ഈ കലണ്ടര്‍ വര്‍ഷത്തില്‍ ലക്ഷ്യ നേടുന്ന ആദ്യ കിരീട നേട്ടമാണിത്. മാസങ്ങള്‍ക്ക് മുമ്പ് ഹോങ്കോങ് ഓപ്പണ്‍ റണ്ണറപ്പ് ആയിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ നേടുന്ന രണ്ടാമത്തെ ഭാരത താരമാണ് ലക്ഷ്യ സെന്‍. ഇതിന് മുമ്പ് 2017ല്‍ കിഡംബി ശ്രീകാന്ത് ജേതാവായിട്ടുണ്ട്. സെമിയില്‍ ലോക ആറാം നമ്പര്‍ താരം ചൂ ടിയെന്‍ ഷെനിനെ തോല്‍പ്പിക്കാന്‍ 80 മിനിറ്റുകള്‍ വേണ്ടിവന്ന ലക്ഷ്യയ്‌ക്ക് ഇന്നലെ കിരീടപോരാട്ടം വെറും 38 മിനിറ്റില്‍ തീര്‍ക്കുവാന്‍ സാധിച്ചു. മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ നിന്നും ലക്ഷ്യ…, ലക്ഷ്യ… വിളികള്‍ മുഴങ്ങിക്കൊണ്ടിരുന്നു.









