
കണ്ണൂര്‍: കരുത്തരായ കണ്ണൂര്‍ വാരിയേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ത്ത ഫോഴ്‌സ കൊച്ചിക്ക് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ആദ്യ വിജയം.
മഴയില്‍ കുതിര്‍ന്ന കളിയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വാരിയേഴ്‌സിനെ തകര്‍ത്തത്. ആദ്യം ലീഡ് നേടിയ ശേഷമാണ് വാരിയേഴ്‌സ് നാലെണ്ണം വഴങ്ങിയത്. ഫോഴ്‌സയ്‌ക്കായി നിജോ ഗില്‍ബര്‍ട്ട് രണ്ടും സജീഷ്, അഭിത്ത് എന്നിവര്‍ ഓരോ ഗോളും നേടി. വാരിയേഴ്‌സിനായി മുഹമ്മദ് സിനാന്‍ ആശ്വാസ ഗോള്‍ സ്വന്തമാക്കി. കണ്ണൂര്‍ വാരിയേഴ്സിന്റെ സീസണിലെ രണ്ടാം തോല്‍വിയും ഫോഴ്സ കൊച്ചിയുടെ ആദ്യ ജയവുമാണ്. തുടര്‍ച്ചയായ ഏഴ് പരാജയങ്ങള്‍ക്ക് ശേഷമാണ് ഫോഴ്‌സ കൊച്ചി ആദ്യ വിജയം നേടുന്നത്. ഇതോടെ മൂന്ന് പോയിന്റുമായി അക്കൗണ്ട് തുറക്കാനും അവര്‍ക്കായി. എട്ട് കളിയില്‍ നിന്ന് 10 പോയിന്റുമായി കണ്ണൂര്‍ അഞ്ചാം സ്ഥാനത്തു തന്നെയാണ്.
കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന അഡ്രിയാന്‍ സര്‍ഡിനേരോ വാരിയേഴ്‌സിനായി തിരിച്ചെത്തിയപ്പോള്‍ അസിയര്‍ ഗോമസ് സൈഡ് ബെഞ്ചിലായി. ഫോഴ്സ കൊച്ചി മൂന്ന് മാറ്റങ്ങളുമായി ഇറങ്ങി. റിജോണ്‍ ജോസ്, അലക്സാണ്ടര്‍ റൊമാരിയോ, അഭിത്ത് എന്നിവര്‍ക്ക് പകരമായി നിജോ ഗില്‍ബര്‍ട്ട്, ജിഷ്ണു കെ.എസ്, ജിനോ റൊണാള്‍ഡ് എന്നിവര്‍ ആദ്യ ഇലവനിലെത്തി.
ഫോഴ്‌സ ആദ്യ മിനിറ്റില്‍ തന്നെ ആക്രമണം തുടങ്ങി. പക്ഷെ നാലാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ആദ്യം ഗോളടിച്ചു. മുഹമ്മദ് സിനാനാണ് സ്‌കോറര്‍. കണ്ണൂര്‍ക്കാരന്‍ മുഹമ്മദ് സിനാന്റെ ടൂര്‍ണമെന്റിലെ മൂന്നാം ഗോള്‍.
15-ാം മിനിറ്റില്‍ സജിഷിലൂടെ കൊച്ചി സമനില പിടിച്ചു. 34-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ കൊച്ചി ലീഡ് നേടി. ആദ്യ പകുതിയില്‍ ഫോഴ്‌സ മുന്നില്‍.
48-ാം മിനിറ്റില്‍ നിജോ കൊച്ചിയുടെ ലീഡ് വീണ്ടും ഉയര്‍ത്തി. 66-ാം മിനിറ്റില്‍ അഭിജിത്തിലൂടെ കൊച്ചി ക്വാട്ട പൂര്‍ത്തിയാക്കി.









