
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് സൂപ്പര്‍ ഹെവിവെയ്റ്റ് പോരാട്ടം. മലബാര്‍ ഡെര്‍ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിയും കരുത്തരായ മലപ്പുറം എഫ്സിയും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം.
പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ആവേശകരമായ 3-3 സമനിലയില്‍ അവസാനിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നില്‍ നിന്ന കാലിക്കറ്റ് എഫ്സി അവസാന അഞ്ച് മിനിറ്റിനിടെ രണ്ട് ഗോള്‍ വഴങ്ങിയാണ് സമനിലകൊണ്ട് തൃപ്തരായത്.
നിലവില്‍ ഏഴ് കളികളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കാലിക്കറ്റ് എഫ്സി. ഇന്ന് സ്വന്തം തട്ടകത്തില്‍ വിജയിച്ചാല്‍ 17 പോയിന്റുമായി സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാകും. ക്യാപ്റ്റന്‍ പ്രശാന്തിനൊപ്പം വിങ്ങില്‍ മുഹമ്മദ് അജ്സലും എത്തുമ്പോള്‍ കാലിക്കറ്റിന് കരുത്ത് ഇരട്ടിയാകും. കഴിഞ്ഞ കളിയില്‍ തൃശൂര്‍ മാജിക് എഫ്സിയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തലാണ് കാലിക്കറ്റ് എഫ്സി.
ഏഴ് കളികളില്‍ നിന്ന് രണ്ട് വിജയവും നാല് സമനിലയും ഒരു തോല്‍വിയുമടക്കം 10 പോയിന്റുമായി മലപ്പുറം നിലവില്‍ നാലാമതാണ്. സെമി ഉറപ്പിക്കണമെങ്കില്‍ മലപ്പുറത്തിന് ഇന്ന് വിജയം അനിവാര്യമാണ്. അവസാന മത്സരത്തില്‍ കണ്ണൂരിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസമുണ്ട്.
ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള എംഎഫ്സിയുടെ ബ്രസീലിയന്‍ താരം കെന്നഡിയും സിഎഫ്‌സിയുടെ യുവതാരം അജ്സലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നുവെന്നതും ഇന്നത്തെ ഡെര്‍ബിയുടെ പ്രത്യേകതയാണ്. രണ്ടു പേരും ഏഴ് മത്സരങ്ങളില്‍ നിന്ന് 5 ഗോളുകളടിച്ച് ഒപ്പത്തിനൊപ്പമാണ്.
മുഖ്യ പരിശീലകന്‍ മിഗ്വേല്‍ കോറലിനെ കഴിഞ്ഞ ദിവസം മലപ്പുറം എഫ്‌സി പുറത്താക്കിയിരുന്നു. സഹപരിശീലകന്‍ ക്ലിയോഫസ് അലകസിന് ഇടക്കാല പരിശീലകന്റെ ചുമതല നല്‍കിയിരിക്കുകയാണ്.









