
വയനാട്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍, ക്യാപ്റ്റന്‍ മാനവ് കൃഷ്ണയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ ഇന്നിങ്സ് തോല്‍വി ഒഴിവാക്കി കേരളം. കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 352 റണ്‍സിന് അവസാനിച്ചു. 81 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്‌ട്ര മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് എട്ട് റണ്‍സെന്ന നിലയിലാണ്.
കേരള ക്യാപ്റ്റന്‍ മാനവ് കൃഷ്ണയുടെ ഉജ്ജ്വല ഇന്നിങ്സായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ഒരു ഘട്ടത്തില്‍ ഏഴിന് 167 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് തോല്‍വി മുന്നില്‍ക്കണ്ട കേരളത്തെ വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് കരകയറ്റിയത് ക്യാപ്റ്റന്റെ ഇന്നിങ്സുമായി കളം നിറഞ്ഞ മാനവ് കൃഷ്ണയാണ്. 27 റണ്‍സെടുത്ത തോമസ് മാത്യുവിന്റെ വിക്കറ്റായിരുന്നു മൂന്നാം ദിവസം കേരളത്തിന് ആദ്യം നഷ്ടമായത്. ജോബിന്‍ ജോബി പത്ത് റണ്‍സുമായി മടങ്ങി. അഞ്ചാം വിക്കറ്റില്‍ മാധവ് കൃഷ്ണയും മാനവ് കൃഷ്ണയും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. 56 റണ്‍സെടുത്ത മാധവ് കൃഷ്ണയെ ദേവര്‍ഷ് എല്‍ബിഡബ്ല്യുവില്‍ കുടുക്കിയപ്പോള്‍, ഹൃഷികേശിനെയും അമയ് മനോജിനെയും ഒരേ ഓവറില്‍ മോഹിത് ഉള്‍വയും പുറത്താക്കി.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അപ്പോഴും 105 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ മാനവ് കൃഷ്ണയും അഭിനവും ചേര്‍ന്ന് നേടിയ 91 റണ്‍സ് കേരളത്തിന് മുതല്‍ക്കൂട്ടായി. സ്‌കോര്‍ 258ല്‍ നില്ക്കെ 38 റണ്‍സെടുത്ത അഭിനവ് മടങ്ങിയെങ്കിലും ദേവഗിരിക്കൊപ്പം ചേര്‍ന്ന് മാനവ് ഇന്നിങ്സ് തോല്‍വി ഒഴിവാക്കി. ഇതിനിടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മാനവ് ഒന്‍പതാം വിക്കറ്റില്‍ ദേവഗിരിയുമൊത്ത് 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 78ഉം പിറന്നത് മാനവിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒടുവില്‍ 189 റണ്‍സിന് മാനവ് പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സിനും അവസാനമായി. 233 പന്തുകളില്‍ 26 ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു മാനവിന്റെ ഇന്നിങ്സ്. സൗരാഷ്‌ട്രയ്‌ക്ക് വേണ്ടി മോഹിത് ഉള്‍വ മൂന്നും ഹിത് ബബേരിയ, വത്സല്‍ പട്ടേല്‍, ദേവര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്‌ട്രയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കരണ്‍ ഗധാവിയുടെ വിക്കറ്റ് നഷ്ടമായി. അഭിനവിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് കരണ്‍ പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ രുദ്ര ലഖാന മൂന്നും ഹിത് ബബേരിയ നാലും റണ്‍സുമായി ക്രീസിലുണ്ട്.









