
അഹമ്മദാബാദ്: വിശ്വകായികമേളയായ ഒളിംപിക്‌സിനെ ഭാരതത്തിലെത്തിക്കുകയെന്ന സ്വപ്‌നം മുന്നില്‍ കണ്ടാണ് അഹമ്മദാബാദില്‍ വിപുലമായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന ആശയം ഭാരത സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. ഇതിലേക്കുള്ള ആദ്യ പടിയായി അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കി പണിതിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന പകിട്ടുമായാണ് അഹമ്മദാബാദില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയം 2021 മുതല്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ എന്ന പേരിലുള്ള സ്റ്റേഡിയം പുതുക്കി പണിത ശേഷം 2021 ഫെബ്രുവരിയില്‍ പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വേദിയായിരുന്നു ഈ സ്റ്റേഡിയം.
അഹമ്മദാബാദിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മൊട്ടേറയിലാണ് സര്‍ദാര്‍ വല്ലഭായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉയരുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തുടങ്ങുമെന്ന് കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആധുനിക കായിക ഇനങ്ങളെല്ലാം തന്നെ സംഘടിപ്പിക്കാനാകുന്ന വിധത്തിലാണ് ബൃഹത്തായ പദ്ധതിക്ക് രൂപം നല്‍കിയത്. 2036ല്‍ ഒളിംപിക്‌സ് അതിഥ്യം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അടിസ്ഥാന സൗകര്യം സംബന്ധിച്ച എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുക, സജ്ജമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണത്തിന് തുടക്കമിടുന്നത്. ഒരേ സമയം മൂവായിരത്തോളം താരങ്ങളെയും 250 പരിശീലകരെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് നിര്‍മിക്കാന്‍ പോകുന്നത്. 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും വളരെ നേരത്തെ തന്നെ സജ്ജമാകുമെന്ന് ഉറപ്പാണ്. ഒളിംപിക്‌സ് അതിഥ്യത്തിനൊരുങ്ങുന്ന ഭാരതത്തിന്റെ സംഘാടക മികവ് തെളിയിക്കാനുള്ള അവസരമായിരിക്കും അഞ്ച് വര്‍ഷത്തിന് ശേഷം നടക്കുന്ന 19-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ്. വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അടുത്ത വര്‍ഷം ഗ്ലാസ്‌ഗോയിലാണ് നടക്കുക.









