
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ രണ്ടാം തവണ അതിഥേയരാകാന്‍ ഭാരതത്തിന് അവസരം. 2030ലെ ഗെയിംസിന് അഹമ്മദാബാദാണ് വേദിയാകുക. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തീരുമാനത്തിന് ഇന്നലെ സ്‌കോട്ട്‌ലന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗവേണിങ് ബോഡി ഔദ്യോഗിക അംഗീകാരം നല്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് അതിന്റെ നൂറാം വാര്‍ഷിക നിറവിലെത്തുന്നെന്ന പ്രത്യേകത 2030ലെ 19-ാം പതിപ്പിനുണ്ട്.
2030 കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഭാരതം നേരത്തേ തന്നെ താത്പര്യപ്പെട്ടിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അംഗങ്ങളായ 74 രാജ്യങ്ങളും എതിര്‍പ്പില്ലാതെ ഭാരതത്തിന്റെ അപേക്ഷഅംഗീകരിച്ചു. ആഫ്രിക്കന്‍ രാജ്യം നൈജീരിയ താത്പര്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യത്തിന് 2034 ഗെയിംസില്‍ അവസരം നല്കിയാല്‍ മതിയെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അധികൃതര്‍ തീരുമാനിച്ചു.
ഇതോടെ ഭാരതത്തിനു മറ്റു വെല്ലുവിളികളില്ലാതായി. കായിക അഭിനിവേശമുള്ള യുവതലമുറ ഭാരതത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. അവരുടെ ആഗ്രഹവും കായിക മേഖലയില്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കാനുമുള്ള മികച്ച അവസരത്തിനൊപ്പം പുതിയ നൂറ്റാണ്ടിലേക്ക് കടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വലിയ ആരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി വികസിക്കട്ടെയെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് അധ്യക്ഷന്‍ ഡോ. ഡൊണാള്‍ഡ് റുകെയര്‍ പറഞ്ഞു.
2010ലാണ് ഭാരതം ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയരായത്. ദല്‍ഹിയായിരുന്നു അന്നത്തെ വേദി.









