
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഒന്‍പതാം റൗണ്ട് പോരാട്ടം ഇന്ന് മുതല്‍. ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും. ലീഗില്‍ രണ്ട് റൗണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇന്ന് ജയിച്ചാല്‍ തൃശൂര്‍ മാജിക് എഫ്സിക്ക് കാലിക്കറ്റ് എഫ്സിക്ക് പിന്നാലെ സെമിയിലേക്ക് മുന്നേറാം. മറിച്ച് കളി സമനിലയില്‍ പിരിയുകയോ തൃശൂര്‍ തോല്‍ക്കുകയോ ചെയ്താല്‍ സെമി പ്രവേശനത്തിന് അവര്‍ക്ക് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും.
നിലവില്‍ എട്ട് കളികളില്‍ നിന്ന് നാല വിജയവും രണ്ട് വീതം സമനിലയും തോല്‍വിയുമടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് തൃശൂര്‍ മാജിക് എഫ്സി. ഇന്ന് ജയിച്ചാല്‍ 17 പോയിന്റുമായി അവര്‍ സെമി ബര്‍ത്ത് സ്വന്തമാക്കും. എട്ട് കളികളില്‍ നിന്ന് ഒരു വിജയവും ഏഴ് തോല്‍വിയുമടക്കം ഫോഴ്സ കൊച്ചി സെമി കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു.
തുടര്‍ച്ചയായ നാലാം ഹോം മത്സരത്തിനാണ് മാജിക് എഫ്സി ഇന്ന് ഇറങ്ങുന്നത്. മുന്‍പ് കളിച്ച മൂന്നില്‍ ഒന്നുവീതം ജയവും തോല്‍വിയും സമനിലയുമാണ് അവര്‍ക്കുണ്ടായത്. ഇന്ന് ഫോഴ്സക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടാണ് അവര്‍ ഇറങ്ങുന്നത്. ഇവാന്‍ മാര്‍കോവിച്ചും ഫായിസും ഫൈസല്‍ അലിയും ലെനി റോഡ്രിഗസും ബിബിന്‍ അജയനും മെയില്‍സണ്‍ ആല്‍വസും അടങ്ങുന്ന താരനിര കടലാസില്‍ ഫോഴ്സയേക്കാള്‍ കരുത്തരാണ്. സ്വന്തം ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍ ഇന്ന് മികച്ച വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് തൃശൂര്‍ മാജിക് എഫ്സി.
അതേസമയം ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഫോഴ്്സ കൊച്ചി ഇന്ന് ഇറങ്ങുന്നത്്. ആദ്യ ഏഴ് മത്സരങ്ങളും തോറ്റ അവര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ വാരിയേഴ്സിനെ അവരുടെ മണ്ണില്‍ ചെന്ന് തുരത്തിയാണ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. അവരുടെ സ്പാനിഷ് പരിശീലകനെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയശേഷം നടന്ന രണ്ടാമത്തെ കളിയിലായിരുന്നു വാരിയേഴ്സിനെതിരായ അവിശ്വസനീയ വിജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജയിച്ചത്. ഇടക്കാല പരിശീലകനും മലയാളിയുമായ സനുഷ് രാജിന്റെ പരിശീലനത്തില്‍ കീഴില്‍ ഇറങ്ങിയ രണ്ടാമത്തെ കളിയിലായിരുന്നു ഫോഴ്സ കൊച്ചി രണ്ടാം സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയത്. രണ്ടു ഗോളുമായി കളം നിറഞ്ഞ നിജോ ഗില്‍ബര്‍ട്ട്, ഓരോ ഗോളടിച്ച ഇ. സജീഷ്്, പകരക്കാരനായി ഇറങ്ങിയ അബിത്ത് എന്നിവരാണ് കണ്ണൂരിനെതിരായ കളിയില്‍ ഫോഴ്സക്കായി ഗോളടിച്ചത്. ആദ്യം പിന്നിട്ടുനിന്ന ശേഷമായിരുന്നു അവരുടെ അവിശ്വസനീയ തിരിച്ചുവരവ്.
വാരിയേഴ്സിന്റെ എണ്ണം പറഞ്ഞ മുന്നേറ്റനിരയെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ച പ്രതിരോധത്തിലെ കരുത്തനും അണ്ടര്‍ 23 താരവുമായ മുഹമ്മദ് മുഷ്റഫ്, കെ.എസ്. ജിഷ്ണു, സ്പാനിഷ് താരങ്ങളായ മാര്‍ക് വര്‍ഗാസ്, എന്റ്വികെ ലോപസ് എന്നിവരും മികച്ച പ്രകടനം നടത്തിയതും ഫോഴ്സയ്‌ക്ക് ഗുണം ചെയ്തു. ഗോള്‍വലയ്‌ക്ക് മുന്നില്‍ ജെയ്‌മി ജോയിയുടെ പ്രകടനവും ഏറെ ശ്രദ്ധേയമായി. അതുപോലെയുള്ള പ്രകടനം ഇന്നും നടത്തി തൃശൂര്‍ മാജിക് എഫ്സി അവരുടെ തട്ടകത്തില്‍ കീഴടക്കി സീസണിലെ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഫോഴ്സ ഇന്ന് പൂരങ്ങളുടെ നാട്ടില്‍ കളിക്കാനിറങ്ങുന്നത്.









