
മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയിച്ചാല്‍ മലപ്പുറം എഫ്സി സെമിയില്‍. തോറ്റാല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും സെമി കാണാതെ പുറത്താകും. ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന ജീവന്മരണപോരാട്ടത്തില്‍ ഫോഴ്സ കൊച്ചിയാണ് മലപ്പുറത്തിന്റെ എതിരാളികള്‍. അതുകൊണ്ടുതന്നെ ഇന്നത്തെ അവസാന പോരാട്ടത്തില്‍ അവര്‍ക്ക് ജയിച്ചേ മതിയാകൂ.
നിലവില്‍ 9 കളികളില്‍ നിന്ന് രണ്ട് വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമടക്കം 11 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മലപ്പുറം. 14 ഗോളുകളടിച്ച അവര്‍ 13 എണ്ണം വഴങ്ങുകയും ചെയ്തു. കഴിഞ്ഞ കളിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് മലപ്പുറം ഇന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഗോളടിച്ച ജോണ്‍ കെന്നഡിയിലാണ് മലപ്പുറത്തിന്റെ പ്രധാന പ്രതീക്ഷ. ഏറെ പ്രതീക്ഷയോടെ ഈ സീസണില്‍ ടീമിലേക്ക് കൊണ്ടുവന്ന റോയ് കൃഷ്ണ പെനാല്‍റ്റിയിലൂടെ രണ്ട് ഗോളടിച്ചിട്ടുണ്ടെങ്കിലും ഐഎസ്എല്ലില്‍ നടത്തിയ പ്രകടനത്തിന്റെ ഏഴയലത്തെത്തുന്ന പ്രകടനം നടത്തുന്നില്ല. മധ്യനിരയില്‍ ഫകുണ്‍ഡോ, ബദ്ര് ബുലാഹ്റൂദിന്‍ എന്നിവര്‍ക്ക് പുറമെ ജി. സഞ്ജു, മുഹമ്മദ് ഇര്‍ഷാദ്, അഭിജിത്ത്, മുഹമ്മദ് അസ്ഹര്‍, നിതിന്‍ മധു, ഇഷാന്‍ പണ്ഡിത തുടങ്ങി ഒരുപിടി താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്തുയരുന്നില്ല എന്നതാണ് ടീമിനെ കുഴക്കുന്നത്. അതേസമയം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ഫോഴ്‌സ കൊച്ചിയെ 4-1ന് മലപ്പുറം തോല്‍പ്പിച്ചിരുന്നു എന്നതും മലപ്പുറത്തിന് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.
കഴിഞ്ഞ ദിവസം തൃശൂര്‍ മാജിക് എഫ്സിയെ കണ്ണൂര്‍ വാരിയേഴ്സ് പരാജയപ്പെടുത്തിയതോടെയാണ് സെമിയിലെത്താന്‍ മലപ്പുറത്തിന് ഇന്ന് വിജയം അനിവാര്യമായത്. ഈ സീസണിലിതുവരെ ഹോമില്‍ തോല്‍വിയറിയാത്ത ടീം കൂടിയാണ് മലപ്പുറം എഫ്‌സി. അവസാന ഹോം മത്സരത്തില്‍ സ്വന്തം കാണികള്‍ക്കു മുന്‍പില്‍ കൊച്ചിയെ തകര്‍ത്ത് സെമി ഫൈനലില്‍ പ്രവേശിക്കുക എന്നതാണ് മലപ്പുറം ലക്ഷ്യമിടുന്നത്.
മറുവശത്ത് ഫോഴ്സയ്‌ക്കാണെങ്കില്‍ യാതൊന്നും നഷ്ടപ്പെടാനില്ല. കളിച്ച ഒന്‍പതില്‍ എട്ടിലും തോറ്റവരാണ് അവര്‍. ഇന്ന് മലപ്പുറത്തെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ക്ക് അഭിമാനത്തോടെ സീസണ്‍ അവസാനിപ്പിക്കാം. നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് വെറും 3 പോയിന്റാണ് കൊച്ചിക്കുള്ളത്.









