
തിരുവനന്തപുരം: സ്വന്തം മകളുടെ സഹപാഠിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 83 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയായ മനുവിനെ (40) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
സംഭവം നടന്നത് ഇങ്ങനെ
2021 ഏപ്രിലിലായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റായ സമയത്തായിരുന്നു മനുവിന്റെ ക്രൂരത. ഭാര്യ ആശുപത്രിയിലായതിനാൽ മനുവും മകളും കുടുംബവീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയ മകളുടെ സഹപാഠിയും തന്റെ ബന്ധു കൂടിയായ പെൺകുട്ടിയെ മകളെ അവിടെനിന്നും തന്ത്രപൂർവ്വം മാറ്റിയ ശേഷം ഇയാൾ പലതവണ പീഡിപ്പിക്കുകയായിരുന്നു.
Also Read: സിനിമയെ വെല്ലുന്ന ആക്ഷൻ; പോലീസിനെ വെട്ടിച്ച് കടലിൽ ചാടി ‘പരാതി കുട്ടപ്പൻ’, ഒടുവിൽ കൈയ്യോടെ പൊക്കി
ഭയം കാരണം കുട്ടി വിവരം പുറത്തു പറഞ്ഞില്ലെങ്കിലും സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളേജ് സി.ഐ പി. ഹരിലാൽ, സബ് ഇൻസ്‌പെക്ടർ പ്രിയ എ.എൽ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
The post മകളുടെ സഹപാഠിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 83 വർഷം കഠിനതടവ് appeared first on Express Kerala.









