
ന്യൂദല്‍ഹി: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീനിയര്‍ താരങ്ങളടക്കമുള്ള ഭാരത താരങ്ങളുടെ അത്യുഗ്രന്‍ പ്രകടനം. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരമായിരുന്നു ഇന്നലെ. വിവിധ മത്സരങ്ങള്‍ അരങ്ങേറിയ പോരാട്ടങ്ങളില്‍ ഏറ്റവും മികച്ചു നിന്നത് ജാര്‍ഖണ്ഡ്-കര്‍ണാടക പോരാട്ടമായിരുന്നു. മത്സരത്തില്‍ ജാര്‍ഖണ്ഡ് മുന്നില്‍ വച്ച 413 റണ്‍സിന്റെ ലക്ഷ്യം 2.3 ഓവറുകള്‍ ബാക്കിയാക്കി കര്‍ണാടക മറികടന്നു.
33 പന്തില്‍ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെ(125) ബാറ്റിങ് മികവിലാണ് ജാര്‍ഖണ്ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സെടുത്തത്. ഇതിനെതിരെ ദേവദത്ത് പടിക്കല്‍ നേടിയ സെഞ്ചുറി കരുത്തില്‍(147) കര്‍ണാടക അഞ്ച് വിക്കറ്റ് വിജയം നേടി.
ഭാരതത്തിന്റെ വെറ്റേറന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്നലത്തെ മത്സരങ്ങളില്‍ സെഞ്ചുറി നേടി. ദല്‍ഹിക്കുവേണ്ടി കളിക്കാനിറങ്ങിയ വിരാട് കോഹ്‌ലി നേടിയ സെഞ്ചുറി കരുത്ത് ടീമിന് വിജയമൊരുക്കി. ആന്ധ്ര പ്രദേശ് നേടിയ 298 റണ്‍സിനെ 37.4 ഓവറില്‍ മറികടന്നു. മത്സരത്തില്‍ കോഹ്‌ലി 94 പന്തില്‍ 118 റണ്‍സെടുത്തു.
മുംബൈയ്‌ക്ക് വേണ്ടി ഇറങ്ങിയ രോഹിത് ശര്‍മ 94 പന്തുകളില്‍ 155 റണ്‍സെടുത്തു. സിക്കിം നേടിയ 236 റണ്‍സിനെ മുംബൈ 30.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഭാരത ക്രിക്കറ്റിലെ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി ബിഹാറിന് വേണ്ടി 84 പന്തുകളില്‍ 190 റണ്‍സെടുത്തു.









