പാരിസ് സ്വപ്നങ്ങളുടെയും കലയുടെയും ഫാഷന്‍റെയും നഗരമാണ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ആ നഗരം എനിക്ക് നൽകിയതത് അതിനുമപ്പുറം വിലമതിക്കാനാവാത്ത ചിലതായിരുന്നു. സൗഹൃദത്തിന്‍റെ ചൂടും സ്നേഹബന്ധങ്ങളും ഹൃദയത്തിൽ ആഴത്തിൽ തൊടുന്ന നിമിഷങ്ങളും കൊണ്ട് പാരിസ്, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവമായി മാറി.
ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ആയ ഞാൻ റിസർച് സംബന്ധമായ ഒരു പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചതിൽ ഏറ്റവും സന്തോഷിച്ചത് അത് പാരിസിലെ ഏറ്റവും പ്രശസ്തമായ പാന്തിയോൺ സോർബോൺ യൂനിവേഴ്സിറ്റിയിൽ (Panthéon-Sorbonne University) നിന്നായത് കൊണ്ടായിരുന്നു. ഈഫൽ ടവർ സ്ഥിതിചെയ്യുന്ന പാരിസിൽ പോവുക എന്നത് ഒരു സ്വപ്നസാക്ഷാത്കാ രമായിരുന്നു.
വിമാനമിറങ്ങിയത് ഫ്രാൻസിലെ ഏറ്റവും വലുതും തിരക്കേറിയതുമായ ചാൾസ് ഡി ഗൗല്ലെ വിമാനത്താവളത്തിലായിരുന്നു. താമസിക്കാൻ റൂം ബുക്ക് ചെയ്ത ഹോട്ടലിലേക്ക് അവിടെ നിന്ന് 43 മിനിറ്റ് യാത്രയുണ്ടായിരുന്നു. പുറത്ത് ചെറിയ മഴയും തണുപ്പും ഉണ്ടായിരുന്നു. രാത്രിയായതിനാൽ പുറത്തെ കാഴ്ചകൾ അധികം കാണാൻ സാധിക്കുന്നില്ലെങ്കിലും പാരിസിലെ റോഡിലൂടെ യാത്ര ചെയ്യുന്നതിന്‍റെ ത്രില്ലിൽ ആയിരുന്നു ഞാൻ.
തിരക്കേറിയ പാരിസ് നഗരത്തിന്‍റെ പുറത്ത് ശാന്തമായ ഒരു സെമി വില്ലജ് പോലെയുള്ള വിഴ്ജൂയിഫ് (villejuif) എന്ന സ്ഥലത്തായിരുന്നു ഞാൻ താമസിക്കുന്ന ഇ.സി.എൽ.എ (ECLA) റെസിഡൻസ്. അതിരാവിലെ തന്നെ കോൺഫറൻസിന് പോവാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ബ്രേക്ഫാസ്റ്റ് റിമൈൻഡർ വന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ബ്രേക്ഫാസ്റ്റ് ഗ്രാൻഡ് ആൻഡ് എലഗന്‍റ് ആയിരുന്നു.
ഫ്രഞ്ച് ക്രോയ്‌സന്‍റ്സ്, കേക്കുകൾ, ബ്രഡ്, ഹോട്ട് ചോക്ലറ്റ്, വെറൈറ്റി കോഫികൾ തുടങ്ങി മനം മയക്കുന്ന വിഭവങ്ങൾ. കോൺഫറൻസ് രജിസ്ട്രഷൻ 8.30ന് തുടങ്ങും എന്നതുകൊണ്ട് കോഫി ആസ്വദിച്ചിരിക്കാതെ വേഗം ഊബർ വിളിച്ചു റെഡി ആയി…

പാന്തിയോൺ സോർബോൺ യൂനിവേഴ്സിറ്റി ലൈബ്രറി കെട്ടിടം
പാന്തിയോൺ സോർബോൺ യൂനിവേഴ്സിറ്റി
പാരിസ് നഗരത്തിന്‍റെ ഹൃദയഭാഗത്ത് ക്ലാസിക്കൽ റോമൻ ആർക്കിടെക്ചറിന്‍റെ ഏറ്റവും പ്രൗഢിയേറിയ കെട്ടിട സമുച്ചയങ്ങൾ അടങ്ങുന്നതാണ് പാന്തിയോൺ സോർബോൺ യൂനിവേഴ്സിറ്റി (Panthéon-Sorbonne University). വിവിധ ഡിപ്പാർട്മെന്‍റുകൾ, അവയുടെ കോമൺ കോൺഫറൻസ് ഹാളുകൾ, ലൈബ്രറികൾ തുടങ്ങിയവയെല്ലാം ചേർത്താൽ ഈ സർവകലാശാല കാമ്പസിൽ പാരിസിലെ 25ലധികം കെട്ടിടങ്ങളുണ്ട്.
ഈ യൂനിവേഴ്സിറ്റിക്ക് 13ാം നൂറ്റാണ്ട് മുതലുള്ള സമ്പന്നമായ ചരിത്രമുണ്ട്. പാന്തിയോൺ സോർബോൺ യൂനിവേഴ്സിറ്റിയുടെ ആദ്യ രൂപമായ പാരീസ് യൂനിവേഴ്സിറ്റി 12ാം നൂറ്റാണ്ടിലാണ് സ്ഥാപിതമായത്. യൂറോപ്പിലുടനീളമുള്ള പണ്ഡിതരെ ആകർഷിക്കുന്ന തരത്തിൽ, ബൗദ്ധികവും ദാർശനികവുമായ ഗവേഷണത്തിനുള്ള കേന്ദ്രമായി ഇത് പെട്ടെന്ന് മാറി.
1971ൽ പാരീസ് സർവകലാശാലയെ 13 സ്വയംഭരണ യൂനിവേഴ്സിറ്റികളായി വിഭജിച്ചു. സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, നിയമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ലോകത്തിലെ ലീഡിങ് യൂനിവേഴ്സിറ്റിയായ പാന്തിയോൺ സോർബോൺ അതിലൊന്നാണ്.

പോണ്ട് അലക്സാണ്ടർ III
സോർബോൺ ലൈബ്രറി
മാഡം ക്യൂറി മെമ്മോറിയൽ അംഫി തിയറ്ററിലായിരുന്നു കോൺഫറൻസ് ഉദ്ഘാടനവും കീനോട്ട് അഡ്രസും. അതിനോടാനുബന്ധിച്ചുള്ള ഹാളുകളിൽ വിവിധ സെഷനുകളും നടക്കുന്നുണ്ടായിരുന്നു. 10.40 നുള്ള എന്‍റെ പ്രാബന്ധവതരണത്തിനു ശേഷം ഒരുപാട് അന്താരാഷ്ട്ര സ്കോളറുകളുമായി വിവിധ വിഷയങ്ങളിൽ സംഭാഷണം നടത്താനും സാധിച്ചു.
കോൺഫറൻസ് ലഞ്ച് മറ്റൊരു വലിയ കെട്ടിടത്തിലായിരുന്നു. 20ലധികം ഇനങ്ങളുള്ള മെയിൻ കോഴ്സും 15ലധികം ഡെസ്സെർട്ടുകളുമുള്ള ലഞ്ച് ഹാളിൽ പക്ഷേ എനിക്കേറ്റവും ഇഷ്ടമായത് അതിന്‍റെ ചുവരിൽ തൂക്കിയിട്ട മനോഹര കാൻവാസുകളാണ്. കാമ്പസിലെ കുട്ടികൾ വരച്ച പെയിന്‍റിങ്ങളും ശരിക്കും അത്ഭുതപ്പെടുത്തും.
ആറു മണിയോടെ ആദ്യദിനം അവസാനിച്ചു. പുറത്തിറങ്ങി കാമ്പസിലെ പ്രധാന കെട്ടിടങ്ങൾ ഒന്ന് ചുറ്റിക്കാണാനിറങ്ങി. പ്രധാന കെട്ടിട സമുച്ചയത്തിൽ മാനവികശാസ്ത്ര വിഭാഗത്തിൽ പാന്തിയോൺ-സോർബോൺ യൂനിവേഴ്സിറ്റി, സോർബോൺ-നൂവൽ യൂനിവേഴ്സിറ്റി, സോർബോൺ യൂനിവേഴ്സിറ്റി, പാരിസ് സിതേ യൂനിവേഴ്സിറ്റി എന്നിവയുടെ സംയുക്ത ഗ്രന്ഥശാലയായ സോർബോൺ ലൈബ്രറി പ്രവർത്തിക്കുന്നു.
ഈ ഗ്രന്ഥശാലയിൽ ഏകദേശം മൂന്നു ദശലക്ഷം പുസ്തകങ്ങളുണ്ട്. അതിൽ ഒരു ലക്ഷം പുസ്തകങ്ങൾ 200 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. 17,500ലധികം കാലിക പ്രസിദ്ധീകരണങ്ങൾ മാനവികശാസ്ത്രത്തിന്‍റെ എല്ലാ ശാഖകളെയും ഉൾക്കൊള്ളുന്നു. ഭൂമിശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഗ്രന്ഥശാലയും മാപ്പ് ശേഖരവും ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന ശേഖരങ്ങളിലൊന്നാണ്. ഇതുകൂടാതെ, വിദഗ്ധ ഗ്രന്ഥശാലകളിലെ നാലു ലക്ഷം ഗ്രന്ഥങ്ങൾ ഫ്രാൻസിലെയും യൂറോപ്പിലെയും ഏറ്റവും വലിയ ശേഖരങ്ങളിൽ ഒന്നാണ്.

റൂ റെനേ-ബുലാൻജെർ സ്ട്രീറ്റിൽ ലേഖിക
ആന്ധ്രക്കാരൻ ഹർഷിൽ
തിരിച്ച് റൂമിലേക്കു പോരുമ്പോൾ സമയം എട്ടു മണിയായെങ്കിലും മനോഹരമായ ഓറഞ്ച് വെളിച്ചം നിറഞ്ഞ ആകാശവും അസ്തമയ സൂര്യന്‍റെ തിളങ്ങുന്ന കിരണങ്ങളിൽ മനോഹരമായ കെട്ടിടങ്ങളും തിരക്കുകളൊന്നും കൂടാതെ കോഫി ഷോപ്പുകളിൽ സംസാരിച്ചിരിക്കുന്ന ആളുകളും പാരിസിനെ ഒരു കാൽപനിക അനുഭൂതിയാക്കി മാറ്റിയിരുന്നു.
അടുത്ത ദിവസം കോൺഫറൻസിലേക്ക് കുറച്ചു നേരത്തേ ഇറങ്ങാമെന്ന് വിചാരിച്ചു. വിഴ്ജൂയിഫ് എന്ന സ്ഥലത്തിന്‍റെ ഒരു പ്രത്യേകത അവിടെയുള്ള കൊച്ചുകൊച്ചു ഫ്രഞ്ച് കോട്ടേജുകളാണ്. പക്ഷേ ഹോട്ടലിന്‍റെ ഗേറ്റിനടുത്ത് എത്തിയപ്പോൾ എന്‍റെ ഫോണിലേക്ക് വന്ന ഒരു കാൾ അറ്റൻഡ് ചെയ്യവേ മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് മുന്നിലുണ്ടായിരുന്നു ഒരു ചെറിയ പയ്യൻ തിരിഞ്ഞു നോക്കി ചോദിച്ചു ‘‘ആർ യു മല്ലു?’’ മറ്റൊരു ഇന്ത്യക്കാരനെ കണ്ട സന്തോഷത്തിൽ ഞാനും വളരെ സന്തോഷിച്ചു. ഡിഗ്രി പഠിക്കാൻ പാരിസ് യൂനിവേഴ്സിറ്റിയിൽ വന്ന ഒരു ആന്ധ്രക്കാരൻ കൊച്ചു പയ്യൻ. പേര് ഹർഷിൽ. രണ്ടു ദിവസം മുമ്പാണ് അവൻ പാരിസിൽ എത്തിയത്. മലയാള സിനിമയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഫ്രഞ്ച് അനുഭവങ്ങളെക്കുറിച്ചും എല്ലാം ഞങ്ങൾ വാതോരാതെ സംസാരിച്ചു. ഊബർ എത്തിയപ്പോ വൈകീട്ട് കാണാമെന്ന് പറഞ്ഞു സന്തോഷത്തോടെ ബൈ പറഞ്ഞു..

ലേഖികയും സുഹൃത്തുക്കളും ലൂവ് മ്യൂസിയത്തിന്റെ ഗ്ലാസ് പിരമിഡിന് മുന്നിൽ
കോൺഫറൻസ് രണ്ടാം ദിനം
കോൺഫറൻസിന്‍റെ രണ്ടാം ദിനം വിവിധ നാടുകളിൽനിന്നുള്ള ജേണലിസ്റ്റുകളെയും എഴുത്തുകാരെയും പരിചയപ്പെടാൻ സാധിച്ചു. അതിൽ ഏറ്റവും സന്തോഷം തോന്നിയത് അമേരിക്കയിൽനിന്നുള്ള ഒരു ബ്ലാക്ക് അമേരിക്കൻ എഴുത്തുകാരിയെ പരിചയപ്പെടാൻ സാധിച്ചതാണ്. അല്ലിസൺ ന്യൂമാൻ എന്ന അവർ തന്‍റെ പുസ്തകത്തിന്‍റെ ഫ്രഞ്ച് ട്രാൻസ്ലേഷൻ പബ്ലിഷിങ് ഇവന്‍റിനായി പാരിസിൽ വന്നതായിരുന്നു.
ലഞ്ചിന് ശേഷം കോൺഫറൻസ് ക്ലോസിങ് സെറിമണിയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഒരു പാർട്ടിയും ഒരുക്കിയിരുന്നു. പാർട്ടിക്കു നിൽക്കാതെ വിഴ്ജൂയിഫിലെ ഹോട്ടലിലേക്കു മടങ്ങാമെന്ന് തീരുമാനിച്ചു. പാർട്ടിക്കു നിൽക്കാതെ ഞാൻ വിഴ്ജൂയിഫിലെ ഹോട്ടലിലേക്കു മടങ്ങാമെന്ന് തീരുമാനിച്ചു.
അപ്പോൾ ന്യൂസിലൻഡുകാരി ടാമി ലിയോങ് (Tammie Leong) എന്‍റെ അടുത്തുവന്നിരുന്നു. ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. മദർഹുഡ് അക്കാദമിക്സ് രാഷ്ട്രീയം, ചരിത്രം, കഴിഞ്ഞകാലം, വർത്തമാനം, ഭാവി എല്ലാം കലർന്നൊരു ഹൃദയ സംഭാഷണം. ഞങ്ങൾക്കിടയിലേക്ക് ആഫ്രിക്കക്കാരി റോബെർട്ട എഡെം അവളുടെ സുഹൃത്ത് ലിയാനിയെയും കൂട്ടിക്കൊണ്ട് വന്നു.
പിന്നീട് ഞങ്ങൾ നാലുപേരും ഒരുമിച്ച് സമാപനച്ചടങ്ങിൽ പങ്കെടുത്തു. ഡീൻസ് ഹാളിലെ വിടവാങ്ങൽ പാർട്ടിയിലും പങ്കെടുത്തു. കുറച്ച് ഒറിജിനൽ ആൻഡ് ഓതെന്‍റിക് ഫ്രഞ്ച് മധുരങ്ങൾ രുചിച്ചു. എല്ലാവരും നിർബന്ധിച്ചപ്പോൾ ഞാൻ അവരുടെ കൂടെ ആ വൈകുനേരം ചെലവഴിക്കാമെന്ന് വാക്ക് കൊടുത്തു.
അപ്പോൾ മുതൽ എല്ലാം ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയി മാറി. ഞങ്ങൾ നടന്നുനടന്ന് നോട്ര്-ഡാം കത്തീഡ്രലിലെത്തി. നോട്ര്-ഡാം പാരീസിലെ പ്രശസ്തമായ കത്തീഡ്രലാണ്. മധ‍്യയുഗത്തിലെ ഗോത്തിക് ശൈലിയിലുള്ള കത്തീഡ്രലുകളിൽ ഏറ്റവും പ്രസിദ്ധമായതും അതിന്‍റെ വലുപ്പം, പുരാതനത്വം, വാസ്തുശിൽപസൗന്ദര്യം എന്നിവയുടെ പ്രതീകവുമാണ്. ഇടക്കിടെ മുഴങ്ങുന്ന പള്ളി മണിയുടെ ശബ്ദം നമ്മെ ഒരു പുരാതന റോമൻ അനുഭൂതിയിലെത്തിക്കും.
ഊബർ എത്തുന്നതിനുമുമ്പ് തന്നെ, ‘‘നാളെ കാണാം, കഴിയുന്നത്ര സ്ഥലങ്ങൾ സന്ദർശിക്കാം’’ എന്ന തീരുമാനമെടുത്തു. പ്ലാനുകൾ വാട്സ്ആപ്പിൽ ഷെയർ ചെയ്ത് എല്ലാവരും അവരുടെ റൂമിലേക്കു തിരിച്ചുപോയി കിടന്നുറങ്ങി. പ്രഭാത ഭക്ഷണം കഴിച്ചെന്ന് വരുത്തി ഊബറിലേക്ക് ഓടി. പ്രസിദ്ധമായ ഗ്ലാസ് പിരമിഡിന് മുന്നിലെത്തി. ഡാവിഞ്ചി കോഡിൽ വായിച്ച Dan Brown റഫറൻസ്. ശെരിക്കും ഫിക്ഷനിൽ ലാൻഡ് ചെയ്ത അനുഭൂതി. എല്ലാവരും എത്തുന്നേ ഉണ്ടായിരുന്നുള്ളൂ. ലൂവ് പിരമിഡ്, മ്യൂസിയത്തിലേക്കുള്ള വലിയ ഗ്ലാസ്-മെറ്റൽ ഘടനയുള്ള പ്രവേശനകവാടവും മുകളിലത്തെ പ്രകാശവാതിലുമാണ്. പാരീസിലെ ലൂവ് പാലസിന്‍റെ പ്രധാന പ്രാകാരമായ കൂർ നാപോളിയനിൽ ഈ പിരമിഡ് സ്ഥിതി ചെയ്യുന്നു, അതിനോട് ചേർന്ന് മൂന്ന് ചെറിയ പിരമിഡുകളുമുണ്ട്.
ഈ വലിയ പിരമിഡ് ലൂവ് മ്യൂസിയത്തിന്‍റെ പ്രധാന പ്രവേശനകവാടമായാണ് പ്രവർത്തിക്കുന്നത്. ഇത് നിലത്തിനടിയിലെ സന്ദർശക ഹാളിലേക്ക് പ്രകാശം എത്തിക്കുമ്പോൾ, ഹാളിനുള്ളിലെ സന്ദർശകർക്ക് പാലസിന്‍റെ മനോഹര ദൃശ്യം കാണാനുമാകും. അതുവഴി പാലസിന്‍റെ വിവിധ വിങ്ങുകളിലേക്കുള്ള പ്രവേശനപാതകളും ലഭ്യമാണ്.
ലൂവ് മ്യൂസിയം ഫ്രാൻസിലെ ദേശീയ കലാസംഗ്രഹാലയവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നുമാണ്. മോണാലിസ, വീനസ് ഡി മൈലോ, വിംഗ്ഡ് വിക്ടറി എന്നിവ ഉൾപ്പെടെ പാശ്ചാത്യ കലയുടെ ഏറ്റവും പ്രശസ്തമായ കൃതികൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
ലൂവ് മ്യൂസിയത്തിലെ ചിത്രശേഖരത്തിൽ 13ാം നൂറ്റാണ്ട് മുതൽ 1848 വരെ വരെയുള്ള 7,500ലധികം കൃതികളുണ്ട്. ഈ ശേഖരത്തിന്‍റെ പ്രദർശനവും പരിപാലനവും 12 ക്യൂറേറ്റർമാർ സംരക്ഷിക്കുന്നു. ഇതിൽ ഏകദേശം രണ്ടിൽ മൂന്നാം ഭാഗം ഫ്രഞ്ച് കലാകാരന്മാരുടേതും 1,200ലധികം കൃതികൾ വടക്കൻ യൂറോപ്യൻ കലാകാരന്മാരുടേതുമാണ്.
അവിടെ ഞങ്ങൾ ആർക് ദെ ത്രിയോംഫ് ദ്യു കാരുസെൽ എന്ന സ്മാരക കാവടത്തിലൂടെയാണ് ഞങ്ങൾ പുറത്തേക്ക് നടന്നത്.. ഇത് കൊറിന്തിയൻ ശൈലിയിലുള്ള നവശൈലിക (Neoclassical) വാസ്തുശിൽപത്തിലുള്ള ഒരു വിജയതോരണമാണ്. 1806 മുതൽ 1808 വരെയായി, നാപോളിയന്‍റെ മൂന്നാം, നാലാം കൂട്ടുകക്ഷി യുദ്ധങ്ങളിലെ സൈനിക ജയങ്ങളെ അനുസ്മരിപ്പിക്കാനായി നിർമിച്ചതാണിത്.

നോട്ര്-ഡാം കത്തീഡ്രൽ
ഈഫൽ ടവർ
ഈഫൽ ടവറാണ് അടുത്ത ലക്ഷ്യം. അവിടേക്കു നടക്കാൻ തീരുമാനിച്ചു. അടിസ്ഥാനപരമായി പാരിസ് ഒരു വാക്കിങ് സിറ്റിയാണ്. നടന്നു നടന്നു കണ്ടുതീർക്കേണ്ട മനോഹര ഇടം. പ്രശസ്തമായ പാലത്തിനടിയിലൂടെയാണ് ഞങ്ങൾ നടന്നുകൊണ്ടിരുന്നത്. പോൻ അലക്സാണ്ട്ര് ത്രോ പാരീസിലെ സെയ്ന്‍ നദിക്ക് മീതെ നിലകൊള്ളുന്ന ഒരു ഡെക്ക് ആർച്ച് ബ്രിഡ്ജാണ്. ഇത് ഷാംപ്‌സ്-എലിസേ പ്രദേശത്തെ ഇൻവാലിദ്‌സും ഈഫൽ ടവറും സ്ഥിതി ചെയ്യുന്ന ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.
ഇത് പാരീസിലെ ഏറ്റവും അലങ്കാരപൂർണവും ഭംഗിയേറിയതുമായ പാലമാണ്. 1975 മുതൽ ഇത് ഫ്രാൻസിലെ ചരിത്രസ്മാരകം (Monument Historique) ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഭംഗിയുള്ള ഫ്രെയിം കാണുമ്പോഴും എഡെം മനോഹര ചിത്രങ്ങൾ പകർത്തി കൊണ്ടേയിരുന്നു. പോസ് ചെയ്യാൻ ഞങ്ങളും.
നടത്തം തുടർന്നപ്പോൾ ഈഫൽ ടവറിന്‍റെ മുനമ്പ് കാണാൻ തുടങ്ങി. ഇത്രയും ആഘോഷിക്കപ്പെട്ട മനുഷ്യനിർമിത അത്ഭുതം വേറെയുണ്ടോ എന്ന് സംശയമാണ്. പ്രാദേശികമായി ഫ്രഞ്ച് അയൺ ലേഡി എന്ന ഉപനാമത്തോടെ അറിയപ്പെടുന്ന ഈഫൽ ടവർ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു. കിലോമീറ്ററുകളോളം ഉയരത്തിൽ പ്രൗഢിയോടെ നിലനിൽക്കുന്ന ഇരുമ്പ് ഗോപുരത്തിന്‍റെ മുകളിൽ നിന്നാൽ പാരിസ് നഗരത്തെ മൊത്തത്തിൽ വീക്ഷിക്കാനാവും.
1889ൽ പാരീസിൽ നടന്ന ലോകമേളക്കായി നിർമിച്ച ഈഫൽ ടവർ ഫ്രഞ്ച് സംസ്കാരത്തിന്‍റെയും എൻജിനീയറിങ്ങിന്‍റെയും പ്രതീകമാണ്. ഗുസ്താവ് ഈഫലും അദ്ദേഹത്തിന്‍റെ കമ്പനിയായ കമ്പാഗ്നി ഡെസ് എറ്റാബ്ലിസ്‌മെന്‍റ്സ് ഈഫലും ചേർന്നാണ് ഈ ടവർ രൂപകൽപന ചെയ്തത്. 1887 ജനുവരിയിൽ നിർമാണം ആരംഭിച്ച് രണ്ടു വർഷവും രണ്ടു മാസവുമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. 1889 മാർച്ച് 31ന് ഈഫൽ ടവർ ഔദ്യോഗികമായി തുറന്നു.
ടൂറിസ്റ്റുകളേക്കാൾ വെളുത്ത ഗൗൺ അണിഞ്ഞ ഏഷ്യൻ മണവാട്ടിമാരാണ് ഈഫലിന് ചുറ്റും. വിവാഹ ചടങ്ങിനേക്കാൾ വിവാഹ ഫോട്ടോഷൂട്ടിനാണ് അവർ പ്രാമുഖ്യം കൊടുക്കുന്നതെന്ന് ലിയാനി അത്ഭുതത്തോടെ പറഞ്ഞു.

മോണ്ട് മാർട്രെയിലെ ബസിലിക്കയുടെ ചുറ്റുമുള്ള ഇരുമ്പ് വേലികളിലെ ‘ലവ് ലോക്കു’കൾ
മ്യൂസേ ദു കെയ് ബ്രാൻലി -ജാക് ഷിറാക് മ്യൂസിയം
മ്യൂസേ ദു കെയ് ബ്രാൻലി -ജാക് ഷിറാക് എന്ന മ്യൂസിയം കാണാനാണ് അടുത്തതായി പോയത്. ഫ്രഞ്ച് വാസ്തുശിൽപി ജീൻ നുവെൽ രൂപകൽപന ചെയ്ത ഈ മ്യൂസിയം ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, അമേരിക്കകൾ എന്നിവിടങ്ങളിലെ ആദിവാസി കലയും സംസ്കാരവും പ്രദർശിപ്പിക്കുന്നതിനായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
മ്യൂസിയത്തിലെ ശേഖരത്തിൽ ഒരു ദശലക്ഷത്തിലധികം വസ്തുക്കളാണ് ഉൾപ്പെടുന്നത് -ഇതിൽ ജനവിജ്ഞാന (എത്‌നോഗ്രാഫിക്) വസ്തുക്കൾ, ഫോട്ടോകൾ, രേഖകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയിൽ ഏകദേശം 3,500 വസ്തുക്കൾ ഒരേസമയം പ്രദർശനത്തിലുണ്ടാകും.
മ്യൂസിയത്തിലെ ചില തിരഞ്ഞെടുത്ത വസ്തുക്കൾ ലൂവ് മ്യൂസിയത്തിലെ പവിലിയോൺ ദെ സെസ്യോൺസ് വിഭാഗത്തിലും പ്രദർശിപ്പിച്ചിരിക്കുന്നു. ഒഷ്യാനിയയിലെ മുഖവസ്ത്രങ്ങൾ, ടാപാ വസ്ത്രങ്ങൾ, ഏഷ്യയിലെ വേഷങ്ങൾ, ആഫ്രിക്കയിലെ സംഗീതോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിഷയപ്രദർശനങ്ങളും ഇവിടെ നടത്തപ്പെടുന്നു.
പാരിസിലെ പൊതുഗതാഗതം
പിന്നീട് ഞങ്ങൾ നഗരത്തിലേക്ക് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചു -പാരിസിലെ എന്‍റെ ആദ്യ പൊതു ഗതാഗതാനുഭവം. അതുവരെ ഊബറിൽ മാത്രമേ ഞാൻ സഞ്ചരിച്ചിരുന്നുള്ളൂ. ട്രെയിനിൽ കയറുമ്പോൾ കുഞ്ഞുങ്ങളെ പോലെ ആവേശം! ടൂറിസ്റ്റ് സ്ഥലങ്ങളിലും മറ്റും പോക്കറ്റ് അടിക്കാരെയും കള്ളന്മാരെയും സൂക്ഷിക്കണം എന്ന മുന്നറിയിപ്പുകൾ പലരും തന്നിരുന്നെങ്കിലും അത്തരം അനുഭവങ്ങൾ പൊതുവെ കുറവായിരുന്നു.
അവസാനം ഞങ്ങൾ കുറച്ച് ഷോപ്പിങ്ങും ചെയ്തു. പേമെന്‍റിൽ എനിക്ക് ചെറിയൊരു പ്രശ്നം വന്നപ്പോൾ, ലിയാനി രക്ഷകയായി വന്നു. ക്രെഡിറ്റ് കാർഡ് കൂടാതെ കൈയിൽ കുറച്ചധികം പണം സൂക്ഷിക്കുന്നത് പുറത്തുള്ള യാത്രകളിൽ അത്യാവശ്യമാണെന്ന് മനസ്സിലായി.
ഊബർ കാത്തിരുന്ന സ്ഥലത്തേക്ക് എഡെം എന്‍റെ കൂടെ വന്നു. പെട്ടെന്ന് മഴ തുടങ്ങി. ഊബർ നിരക്ക് 11 മുതൽ 33 യൂറോ ആയി ഉയർന്നു. അതിനാൽ മറ്റൊരു കോർണറിലേക്കു നടന്ന് വില നോക്കാൻ തീരുമാനിച്ചു. അവിടെയും നിരക്ക് കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. അധികം സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാത്തവരാണ് ഫ്രഞ്ചുകാർ. കൂടുതൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർ. അതുകൊണ്ടുതന്നെ തിരക്കുള്ളപ്പോൾ ടൂറിസ്റ്റ് സ്ഥലങ്ങളിലും മഴ പെയ്യുമ്പോൾ പൊതുവെയും ടാക്സി നിരക്കുകൾ വർധിക്കും.
ഹോട്ടലിലേക്കുള്ള യാത്രയിൽ മനസ്സിൽ ഒരു വിങ്ങൽ. അത് മാറാൻ ഡ്രൈവർ ചേട്ടനോട് വിശേഷങ്ങൾ ചോദിച്ചു. അദ്ദേഹം ഒരു ആൽബനിയക്കാരനായിരുന്നു. അതുവരെ കണ്ടിട്ടുള്ളവരേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു അയാൾ. ഫ്രഞ്ച് അറിയാത്തതിനാൽ ഡ്രൈവർമാരുമായുള്ള ആശയവിനിമയം വളരെ ബുദ്ധിമുട്ടായിരുന്നു.
വഴിതെറ്റിയപ്പോൾ
അടുത്തദിവസം കാണാനുള്ള സ്ഥലങ്ങളെക്കുറിച്ച് ആദ്യമേ എന്‍റെ സുഹൃത്ത് സിജോ പ്ലാൻ ചെയ്തിരുന്നു. അതനുസരിച്ച് രാവിലെ നേരത്തേതന്നെ ഊബർ വിളിച്ചു ലൊക്കേഷൻ ഷെയർ ചെയ്തു കാറിൽ കയറി. ഒരു മണിക്കൂർ ആയിട്ടും എന്നെ കാണാതായപ്പോൾ അവൻ വിളിച്ചു എവിടെ പോയി എന്ന് അന്വേഷിച്ചപ്പോഴാണ് പറ്റിയ അമളി മനസ്സിലായത്. ലൊക്കേഷൻ മാറിപ്പോയിരുന്നു. ആ ദിവസത്തെ അവസാന ഡെസ്റ്റിനേഷനിൽ ആദ്യം എത്തി എന്ത് ചെയ്യുമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ഞാൻ.
മോൺമാർട്രെയിലെ ബസിലിക് ഡു സാക്രെ- കൂർ എന്ന പാരീസിലെ ഏറ്റവും ഉയർന്ന കുന്നായ മോൺമാർട്രെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്ക ബസിലിക്കയിലാണ് ഞാൻ എത്തിയത്. ഷാറ്റോ-ലാൻഡൻ കല്ലുകൊണ്ട് നിർമിച്ച അതിന്‍റെ വെളുത്ത ട്രാവെർട്ടൈൻ മുൻഭാഗം, പാരീസിലെ സ്മാരകങ്ങളിൽ അതുല്യമായ രോമാനോ-ബൈസന്‍റൈൻ ശൈലിയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.
സജീവമായ ഒരു ആരാധനാലയമായതുകൊണ്ടുതന്നെ അകത്ത് ഫോട്ടോ എടുക്കലും വിഡിയോ ചിത്രീകരണവും അനുവദനീയമല്ല. അതിനാൽ, അവിടെ ആത്മീയമായൊരു അനുഭൂതിയാണ്. നിറങ്ങളാൽ അലങ്കരിച്ച അതിന്‍റെ മേൽക്കൂര ഫ്രാൻസിലെ ഏറ്റവും വലിയ മൊസൈക്ക് ചിത്രങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ചർച്ച് കണ്ടുകഴിഞ്ഞ് അതിനടുത്ത ഓൾഡ് വില്ലജ് പരിസരങ്ങളിൽ ഒറ്റക്ക് കറങ്ങിയും പാരിസ് നഗരം മൊത്തം കാണാവുന്ന അവിടത്തെ വ്യൂ ആസ്വദിച്ചും ഞാൻ സമയം ചെലവഴിച്ചു.
അവിടെ നിന്ന് കേബിൾ കാറിൽ താഴെ വന്നു ഏറ്റവും സ്വദിഷ്ടമായ ബെൽജിയം ചോക്ലറ്റുകളുടെ ഒരുപാട് കടകളുള്ള തെരുവിലെത്തി. ഓരോ ടൈപ്പ് ചോക്ലറ്റുകളും കഴിച്ചു ടേസ്റ്റ് ചെയ്ത് വാങ്ങാൻ പറ്റും. ഷോപ്പിങ് കഴിഞ്ഞു നേരെ ബസിൽ കയറി അടുത്ത സ്ഥലത്തേക്ക് തിരിച്ചു.
ഗാലറീസ് ലാഫയറ്റ്
വഴിയിൽ ഒരുപാട് കാഴ്ചകൾ, ഒരു പാട് മനുഷ്യർ. ഒട്ടും തിരക്കില്ലാതെ ജീവിതം ആസ്വദിക്കുന്നവരാണ് ഫ്രഞ്ചുകാർ എന്ന് തോന്നിയിട്ടുണ്ട്. ഗാലറീസ് ലാഫയറ്റ് ആയിരുന്നു അടുത്ത ഡെസ്റ്റിനേഷൻ. ഗാലറി ലാഫയറ്റ് ഹോസ്മാൻ പാരീസിലെ ഒമ്പതാം അരോണ്ടിസ്മെന്‍റിലെ ബുലേവാർഡ് ഹോസ്മാനിൽ സ്ഥിതി ചെയ്യുന്ന ഫ്ലാഗ്‌ഷിപ് സ്റ്റോറാണ്. ആഡംബര ബ്രാൻഡുകളുടെ ശേഖരം. ഓരോ നിലയിലും അത്ഭുതപ്പെട്ടു പോവുംവിധത്തിലുള്ള സ്റ്റൈലിഷ് സ്റ്റോറുകൾ.
ആർട്ട് ന്യൂവോ ശൈലിയിലുള്ള ആ കെട്ടിടത്തിന്‍റെ മുകളിൽ നിന്നാൽ പാരീസിന്‍റെ പനോരമിക് ദൃശ്യം കാണാനാകും. മുകളിലുള്ള ടെറസിൽനിന്ന് നോക്കിയാൽ പാരീസ് നഗരവും ഈഫൽ ടവർ, മോൺപാർനാസ് ടവർ, ഇൻവാലിഡ്‌സ്, ഓപ്പറ ഗാർനിയേർ എന്നിവ ഉൾപ്പെടെയുള്ള സ്മാരകങ്ങളുടെ പനോരമിക് ദൃശ്യം കാണാനാകും. ഈഫൽ ടവർ കഴിഞ്ഞാൽ പാരിസിലെ ഏറ്റവും തിരക്കേറിയ സഞ്ചാരകേന്ദ്രമാണ് ഗാലറീസ് ലാഫയറ്റ്.
മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ചു ചെലവേറിയ നഗരമാണ് പാരീസ്. ലൈഫ്‌സ്‌റ്റൈൽ ആൻഡ് ഫാഷൻ അറ്റ് ഇറ്റ്സ് പീക്ക് എന്നുള്ളതുകൊണ്ട് തന്നെ ജീവിത ചെലവും വളരെ വലുതാണ്. തിരികെ നാട്ടിലേക്കുള്ള യാത്രയിൽ മനസ്സിൽ പാരിസ് എന്ന അനുഭവം തന്ന സന്തോഷത്തേക്കാൾ അവിടെ എനിക്ക് ലഭിച്ച മനുഷ്യരുടെ സ്നേഹവും ഓർമകളുമായിരുന്നു.
ഒരു മുൻപരിചയവുമില്ലാതെ പരസ്പരം സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പുറത്ത് കെട്ടിപ്പടുത്ത സൗഹൃദങ്ങൾ, മനുഷ്യനാവുക എന്നത് സ്നേഹമുള്ള ഹൃദയമുണ്ടാവുക എന്നത് മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ കുറച്ചു ദിവസങ്ങൾ. പാരിസ് പറഞ്ഞുതന്നത് ഓരോ യാത്രകളും നമ്മളിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടങ്ങളാണ് എന്നാണ്.
(കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ഐ.സി.എസ്.എസ്.ആർ പോസ്റ്റ് ഡോക്ടറൽ ഫെലോ ആണ് ലേഖിക)









