
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് പിടിച്ചടക്കി ഓസ്‌ട്രേലിയയ്‌ക്ക് ഇംഗ്ലണ്ടിന്റെ ചുട്ട മറുപടി. ആഷസ് പരമ്പരയുടെ നാലാം മത്സരത്തില്‍ വിരുന്നുകാര്‍ സ്വന്തമാക്കിയത് നാല് വിക്കറ്റിന്റെ ക്ലാസിക് വിജയം.
മെല്‍ബണില്‍ രണ്ടാം ദിവസം 16 വിക്കറ്റുകള്‍ വീണെങ്കിലും ഇംഗ്ലണ്ടിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ ആതിഥേയരായ കരുത്തന്‍ ഓസീസിന് മുട്ടുമടക്കേണ്ടിവന്നു.
മത്സരത്തിന്റെ ആദ്യ ദിനം ആദ്യം ബാറ്റ് ചെയ്ത് 152 റണ്‍സെടുത്ത ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 110 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 132 റണ്‍സെടുത്ത് ഓസീസ് പുറത്തായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഓസീസിനെ തോല്‍പ്പിച്ചു.
ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വച്ചത് 175 റണ്‍സിന്റെ ലക്ഷ്യം. സമ്മര്‍ദ്ദത്തിലൂടെ ഇംഗ്ലണ്ടിനെ എറിഞ്ഞിടാമെന്ന കണക്കുകൂട്ടലിലായിരുന്നു ഓസീസ്. പക്ഷെ ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് അത്യുജ്ജ്വല ബാറ്റിങ് ആണ് കാഴ്‌ച്ചവച്ചത്. ബാസ്‌ബോള്‍ ശൈലി വിടാതെ പിന്തുടര്‍ന്ന ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഏഴ് ഓവറില്‍ 51 റണ്‍സെടുത്തു. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി സാക്ക് ക്രൗളി മടങ്ങി. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 37 റണ്‍സെടുത്തു. പകരമെത്തിയ ബ്രൈഡന്‍ കാഴ്‌സെ(ആറ്) അധികനേരം നിന്നില്ല. മൂന്നാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റും ജേക്കബ് ബെതലും ചേര്‍ന്ന് ഇന്നിങ്‌സ് വീണ്ടും കരുത്തോടെ മുന്നോട്ട് നയിച്ചു. ഇംഗ്ലണ്ട് സ്‌കോര്‍ 112 റണ്‍സിലെത്തിനില്‍ക്കെ ഡക്കറ്റ്(34) മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് വിജയതീരത്തെത്തും മുമ്പ് ഇംഗ്ലണ്ടിന് മൂന്ന് ബാറ്റര്‍മാരെ കൂടി നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് സ്‌കോര്‍ 137ലെത്തിയപ്പോള്‍ ജേക്കബ് ബെതല്‍(40), 158 റണ്‍സിലെത്തിയപ്പോള്‍ ജോ റൂട്ട്(15), 165 റണ്‍സിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(രണ്ട്) എന്നിവരെയാണ് നഷ്ടപ്പെട്ടത്. ഹാരി ബ്രൂക്കും(18) വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്തും(മൂന്ന്) പുറത്താകാതെ നിന്നു. ജേ റിച്ചാര്‍ഡ്‌സണിനെ ഫൈന്‍ ലെഗ്ഗിലേക്ക് ബൗണ്ടറി പായിച്ച് ഹാരി ബ്രൂക്ക് ആണ് വിജയം ഉറപ്പാക്കിയത്. വേഗതയോടെ പൊരുതിയ ഇംഗ്ലണ്ട് 32.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയക്കുവേണ്ടി രണ്ടാം ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കും ജെ റിച്ചാര്‍ഡ്‌സണും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
ആദ്യദിനം ഒരോവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ നേടിയ നാല് റണ്‍സുമായാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ഇന്നലെ ക്രീസിലെത്തിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സ്‌കോട്ട് ബോളണ്ട് ആണ് ഉണ്ടായിരുന്നത്. അതിവേഗം ബോളണ്ടിനെ പുറത്താക്കി ഗുസ് അറ്റ്കിന്‍സണ്‍ വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടു. 90 റണ്‍സെത്തും മുമ്പേ ആറ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ പുറത്താക്കി ഇംഗ്ലണ്ട് കരുത്തറിയിച്ചു. നാല് വിക്കറ്റ് പ്രകടനവുമായി ഇംഗ്ലണ്ട് പേസര്‍ ബ്രൈഡന്‍ കാഴ്‌സെ ആണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് കനത്ത ആഘാതമേല്‍പ്പിച്ചത്. ട്രാവിസ് ഹെഡ്(46), അലെക്‌സ് കാരി(നാല്) എന്നീ വിലപ്പെട്ട വിക്കറ്റുകള്‍ കാഴ്‌സെ വീഴ്‌ത്തി. അപ്രതീക്ഷിത പ്രകടനത്തിന് ശേഷിയുള്ള മൈക്കല്‍ നെസെറിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും കാഴ്‌സെ പൂജ്യത്തിനാണ് മടക്കിയത്. ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ് ടോപ് സ്‌കോറര്‍ ആയി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(24*) തോല്‍ക്കുന്നത് വരെ വിക്കറ്റ് പോകാതെ കാത്തെങ്കിലും പിന്തുണ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. കാമറോണ്‍ ഗ്രീന്‍(19) ആണ് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റര്‍. മറ്റ് ബാറ്റര്‍മാരെല്ലാം അതിവേഗം കീഴടങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസിന്റെ അഞ്ച് വിക്കറ്റ് നേടി ആധിപത്യം കാട്ടിയ ജോഷ് ടംഗ് കളിയിലെ താരമായി. രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് സംഭാവന ചെയ്തു. ഇംഗ്ലണ്ട് നായന്‍ സ്‌റ്റോക്‌സ് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു.
പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കി. ഇന്നലത്തെ വിജയത്തോടെ പരമ്പര 3-1ലെത്തിനില്‍ക്കുകയാണ്. അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി നാലിന് സിഡ്‌നിയില്‍ ആരംഭിക്കും.









