
മഹോബ: ഉത്തർപ്രദേശിലെ മഹോബയിൽ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരത പുറത്ത്. വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനായ ഓംപ്രകാശ് സിങ് റാത്തോഡിനെയും (70) ഭിന്നശേഷിക്കാരിയായ മകൾ രശ്മിയെയും (27) വീട്ടുജോലിക്കാരായ ദമ്പതികൾ അഞ്ച് വർഷത്തോളമാണ് വീടിനുള്ളിൽ പൂട്ടിയിട്ടത്. ഭക്ഷണവും വെള്ളവും പോലും നൽകാതെയുള്ള പീഡനത്തിനൊടുവിൽ ഓംപ്രകാശ് മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കൾ എത്തിയതോടെയാണ് വർഷങ്ങളോളം പുറംലോകമറിയാതിരുന്ന ഈ ഞെട്ടിക്കുന്ന സത്യം വെളിച്ചത്തുവന്നത്.
Also Read: തമാശയായി ചൂണ്ടിയ തോക്ക് പൊട്ടി; സഹപ്രവർത്തകന്റെ വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
2016-ൽ ഭാര്യയുടെ മരണശേഷമാണ് തന്നെയും മകളെയും നോക്കാനായി റാംപ്രകാശ് കുശ്വാഹ, ഭാര്യ റാംദേവി എന്നിവരെ ഓംപ്രകാശ് ജോലിക്ക് നിയമിച്ചത്. എന്നാൽ, താമസിയാതെ ഇവർ അച്ഛനെയും മകളെയും വീടിന്റെ മുകൾനിലയിലെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും പട്ടിണിക്കിട്ടതെന്ന് പോലീസ് പറയുന്നു. ബന്ധുക്കൾ ഇടയ്ക്ക് വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നെങ്കിലും വീട്ടുടമയ്ക്ക് ആരെയും കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ജോലിക്കാർ ഇവരെ തിരിച്ചയക്കുകയായിരുന്നു പതിവ്.
വീട്ടുജോലിക്കാരായ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓംപ്രകാശിന്റെ മകൾ രശ്മിക്ക് ജീവനുണ്ടെങ്കിലും പട്ടിണി കിടന്ന് എല്ലും തോലുമായ നിലയിലാണെന്ന് പോലീസ് പറഞ്ഞു. അസ്ഥികൂടത്തിന് സമാനമായ അവസ്ഥയിൽ കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
The post സ്വത്ത് തട്ടിയെടുക്കാൻ വീട്ടുജോലിക്കാർ അച്ഛനെയും മകളെയും മുറിയിൽ പൂട്ടിയിട്ടു; കണ്ണില്ലാത്ത ക്രൂരത നടന്നത് ഉത്തർപ്രദേശിൽ appeared first on Express Kerala.









