
കൊച്ചി: ബ്രസീലില്‍ നടക്കുന്ന കിംഗ്‌സ് ലീഗ് വേള്‍ഡില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ സൂപ്പര്‍ ലീഗ് കേരള താരങ്ങളും. സൂപ്പര്‍ ലീഗ് കേരള ക്ലബ്ബുകളായ ഫോഴ്‌സ കൊച്ചി എഫ്സിയിലെ ഏഴ് താരങ്ങളും കാലിക്കറ്റ് എഫ് സി യിലെ മൂന്ന് താരങ്ങളുമാണ്, പതിമൂന്ന് അംഗ ഭാരത ടീമില്‍ ഇടം നേടിയത്.
നിജോ ഗില്‍ബെര്‍ട്ട്, ജെയ്‌മി ജോയ്, അലക്‌സാണ്ടര്‍ റൊമാരിയോ, മുഷ്റഫ് മുഹമ്മദ്, ജിഷ്ണു കെ.എസ്, റിജോണ്‍ ജോസ്, അജിന്‍ ആന്റണി, മുഹമ്മദ് റോഷല്‍, ആസിഫ് ഖാന്‍, പ്രശാന്ത്.കെ എന്നിവരടങ്ങുന്ന എട്ട് താരങ്ങളാണ് സൂപ്പര്‍ ലീഗ് കേരളയില്‍ നിന്ന് ബ്രസീലിലെ കിങ്‌സ് ലീഗ് വേള്‍ഡില്‍ ഭാരത ടീമിനെ പ്രതിനിധീകരിക്കുക.
ഇന്ന് മുതല്‍ ബ്രസീലിലെ സാവോ പോളോയില്‍ ആരംഭിക്കുന്ന കിംഗ്‌സ് ലീഗ് വേള്‍ഡില്‍ ഭാരത ടീമിന്റെ മുഖ്യ പരിശീലകനായെത്തുക ഫോഴ്‌സ കൊച്ചി എഫ്‌സി മുഖ്യ പരിശീലകന്‍ സനൂഷ് രാജാണ്. സഹ പരിശീലകന്റെ റോളില്‍ ഡെയ്സണ്‍ ചെറിയാന്‍ കൂടെ വരുന്നതോടെ, സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ 12 പേരാണ് കിംഗ്‌സ് ലീഗ് വേള്‍ഡില്‍ മത്സരിക്കുന്ന ഭാരത ടീമിലുള്ളത്.
ലോകമെമ്പാടുമുള്ള എലൈറ്റ് താരങ്ങളെയും, പരിശീലകരെയും, ഫുട്‌ബോള്‍ പ്രൊഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ഫുട്‌ബോള്‍ ലീഗാണ്, കിംഗ്‌സ് ലീഗ് വേള്‍ഡ്. ‘ഒരു അന്താരാഷ്‌ട്ര ലീഗില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്ന ടീമില്‍ പത്ത് സൂപ്പര്‍ ലീഗ് കേരള താരങ്ങള്‍ പങ്കെടുക്കുന്നു എന്നത് സൂപ്പര്‍ ലീഗ് കേരളയ്‌ക്ക് ഏറെ അഭിമാനകരമായ നേട്ടമാണ്, ഭാരതത്തെ പ്രതിനിധാനം ചെയ്യുന്ന ടീമില്‍ പരിശീലകര്‍ ഉള്‍പ്പടെ 12 മലയാളികളാണ് ഇടം നേടിയിരിക്കുന്നത്, ഇത് കേരള ഫുട്ബാളിന്റെ വളര്‍ച്ചയും കൂടിയാണ് സൂചിപ്പിക്കുന്നത്- സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍, ഫിറോസ് മീരാന്‍ പറഞ്ഞു.









