
മുംബൈ: ടി-20യില്‍ മാത്രമായി സഞ്ജു സാംസണെ ഒതുക്കുന്നു എന്ന ആരോപണത്തിന് ശക്തിപകര്‍ന്നുകൊണ്ട് ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയ്‌ക്കുള്ള 15 അംഗ ഭാരത ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ദിവസം തന്നെയാണ് സഞ്ജുവിനെ ഒഴിവാക്കി ഭാരത ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തി.
പരിക്കേറ്റ് കഴിഞ്ഞ പരമ്പരയില്‍ പുറത്തായിരുന്ന ശ്രേയസ് ബി സി സി ഐ യുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചതിന് പിന്നാലെയാണ് ടീമില്‍ തിരിച്ചെത്തിയത്. അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന മുഹമ്മദ് ഷമിയെ ഒരിക്കല്‍ക്കൂടി തഴഞ്ഞു. ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും അവസരമില്ല. മുഹമ്മദ് സിറാജ് ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചു. രോഹിത് ശര്‍മയും വിരാട് കോഹ്്ലിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഗില്ലിന് പുറത്താകേണ്ടവന്നത്.
അതേസമയം, 2025 ഒക്ടോബറിനു ശേഷം ഒരു മത്സരത്തില്‍പ്പോലും ശ്രേയസ് അയ്യര്‍ കളിച്ചിരുന്നില്ല. മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് അവസാനമായി കളിച്ചത്. തിലക് വര്‍മ, ധ്രുവ് ജുറെല്‍, ഋതുരാജ് ഗെയ്‌ക്ക് വാദ് എന്നിവര്‍ക്കു പകരമാണ് മൂവരുമെത്തുന്നത്. 2-1ന് ഇന്ത്യ നേടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം കൂടിയാണ് ഋതുരാജ് ഗെയ്‌ക്ക് വാദ്. ടി-20 ലോകകപ്പ് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍ദിക്കിന് വിശ്രമം അനുവദിച്ചത്. ജനുവരി 11നാണ് കിവീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 11ന് വഡോദരയിലും 14ന് രാജ്‌കോട്ടിലും 18ന് ഇന്‍ഡോറിലുമാണ് മത്സരങ്ങള്‍. ടി-20 പരമ്പരയും കിവികള്‍ക്കെതിരേ ഇന്ത്യ കളിക്കും. സഞ്ജു ഉള്‍പ്പെടുന്ന ലോകകപ്പ് ടീം തന്നെയാണ് കിവികള്‍ക്കെതിരേ ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (കീപ്പര്‍), ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ്‌സിങ്, യശ്വസി ജയ്‌സ്വാള്‍









