
ചെന്നൈ: സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇത്തവണത്തെ ഉദ്ഘാടന ദിവസം വിജയം സ്വന്തമാക്കി കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍. ചാമ്പ്യന്‍ഷിപ്പിന്റെ ഈ 75-ാം പതിപ്പ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പ് ആയ കേരള വനിതകള്‍ ആദ്യമത്സരത്തില്‍ 91-22ന് ഗുജറാത്തിനെ തറപറ്റിച്ചപ്പോള്‍ പുരുഷന്മാര്‍ അവസാന സെക്കന്‍ഡില്‍ ആരോണ്‍ ബ്ലെസ്സണ്‍ നേടിയ രണ്ടു പോയിന്റിലൂടെ പശ്ചിമ ബംഗാളിനെ 80-79 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
വനിതാ മത്സരത്തില്‍ കേരളത്തിന് വേണ്ടി ജയലക്ഷ്മി 15 പോയിന്റുമായി ടോപ് സ്‌കോറര്‍ ആയി. അക്ഷയ ഫിലിപ്പ്, സൂസന്‍ ഫ്‌ലോറന്റീന എന്നിവര്‍ 14 വീതം നേടി.
പുരുഷ മത്സരത്തില്‍ കേരളത്തിനുവേണ്ടി സെജിന്‍ മാത്യു 23 പോയിന്റുമായി ടോപ് സ്‌കോററായി, ജിഷ്ണു ജി നായര്‍ 15 പോയിന്റുകള്‍ നേടി.









