
ന്യൂദല്‍ഹി: 2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് മുതൽ ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്‌ട്ര കായിക മേളകൾക്ക് വിജയകരമായി ആതിഥ്യം വഹിച്ചതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ആദ്യ ഒളിമ്പിക്സിന് വേദിയൊരുക്കാൻ സജീവമായി തയ്യാറെടുക്കുകയാണെന്ന് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
വീഡിയോ വഴിയായിരുന്നു പ്രധാനമന്ത്രി 72-ാംമത് ദേശീയ വോളിബാൾ മേള ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 20ഓളം അന്താരാഷ്‌ട്ര കായിക മേളകൾക്ക് രാജ്യം വേദിയായതായും പ്രധാനമന്ത്രി പറഞ്ഞു. 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കാൻ ഒരുങ്ങുന്ന ഇന്ത്യ, 2036 ഒളിമ്പിക്സ് വേദി നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണ ശക്തിയോടെ തയ്യാറെടുക്കുന്നുവെന്ന് മോദി പറഞ്ഞു.
“ഇന്ന് രാജ്യം ‘റിഫോം എക്സ്പ്രസ്സിലാണ്’ (പരിഷ്കരണ എക്സ്പ്രസ്) സഞ്ചരിക്കുന്നത്. എല്ലാ മേഖലകളും വികസന ലക്ഷ്യസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു, കായികരംഗം അതിലൊന്നാണ്,” പ്രധാനമന്ത്രി പറഞ്ഞു. നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട്, ഖേലോ ഭാരത് പോളിസി 2025 എന്നിവയുൾപ്പെടെ കായിക മേഖലയിൽ ഗവണ്മെന്റ് വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് ശരിയായ പ്രതിഭകൾക്ക് അവസരങ്ങൾ നൽകുകയും കായിക സംഘടനകളിൽ സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വ്യവസ്ഥകൾ യുവാക്കളെ കായികരംഗത്തും വിദ്യാഭ്യാസത്തിലും ഒരുപോലെ മുന്നേറാൻ സഹായിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ദേശീയ വോളിബോൾ മത്സരത്തിലൂടെ രാജ്യത്തിന്റെ കായിക ഭൂപടത്തിൽ ഇടംപിടിക്കുന്നത് നഗരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്ന് എടുത്തുപറഞ്ഞു. ഈ ചാമ്പ്യൻഷിപ്പിന് മുമ്പ് ജി-20 യോഗങ്ങൾ, കാശി തമിഴ് സംഗമം, കാശി തെലുങ്ക് സംഗമം തുടങ്ങിയ സാംസ്കാരിക ഉത്സവങ്ങൾ, പ്രവാസി ഭാരതീയ സമ്മേളനം എന്നിവയ്‌ക്കും വാരാണസി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഷാങ്ഹായ് സഹകരണ സംഘടനയുടെ സാംസ്കാരിക തലസ്ഥാനമായി വാരാണസി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം അനുസ്മരിച്ചു. ഈ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു പൊൻതൂവലായി ഈ ചാമ്പ്യൻഷിപ്പും മാറുന്നുവെന്നും വലിയ വേദികൾക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമായി വാരാണസി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ വാരാണസിയിൽ വളരെ സുഖകരമായ തണുപ്പും ഒപ്പം രുചികരമായ ഭക്ഷണങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു; പ്രത്യേകിച്ച് വാരാണസിയിലെ പ്രശസ്തമായ ‘മലൈയോ’ (Malaiyyo) ആസ്വദിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ബാബ വിശ്വനാഥിനെ സന്ദർശിക്കുകയും ഗംഗയിൽ ബോട്ടിംഗ് നടത്തുകയും നഗരത്തിന്റെ പൈതൃകത്തിൽ മുഴുകുകയും ചെയ്ത അനുഭവം കൂടെ കൊണ്ടുപോകാൻ അദ്ദേഹം ടൂർണമെന്റിൽ പങ്കെടുക്കുന്നവരോട് അഭ്യർത്ഥിച്ചു. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. വാരാണസിയുടെ മണ്ണിൽ നിന്നുള്ള ഓരോ സ്പൈക്കും, ബ്ലോക്കും, പോയിന്റും ഇന്ത്യയുടെ കായിക അഭിലാഷങ്ങളെ ഉയർത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ നേരുകയും ചെയ്തു.
72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,000-ത്തിലധികം വോളിബോൾ താരങ്ങൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന 58 ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്.
ആദ്യമായി ഒളിമ്പിക്സിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പുമായാണ് ഇന്ത്യ രംഗത്തിറങ്ങുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ഒളിമ്പിക് നഗരിയായി പ്രഖ്യാപിച്ചാണ് ഇന്ത്യ ബിഡ് അപേക്ഷ സമർപ്പിച്ചത്. ഇന്ത്യക്ക് പുറമെ ഖത്തർ തലസ്ഥാനമായ ദോഹ, തുർക്കിയിലെ ഇസ്താംബൂൾ എന്നിവക്കു പുറമെ, ചിലി, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും താൽപര്യം അറിയിച്ച് രംഗത്തുണ്ട്.









