ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് രോഗബാധ. രോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ താറാവുകള്‍ ഉള്‍പ്പടെയുള്ളവയെ കൂട്ടത്തോടെ കൊല്ലാനൊരുങ്ങുകയാണ് അധികൃതര്‍.
എന്തുകൊണ്ടാണ് കേരളത്തില്‍ ഈ രോഗബാധ അടിക്കടി ഉണ്ടാകുന്നതെന്നും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.
എന്താണ് പക്ഷിപ്പനി ?
ഇന്‍ഫ്ളുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി. ഇന്‍ഫ്ളുവന്‍സ എ വൈറസുകളെ അവയുടെ ഉപരിതല പ്രോട്ടീനുകളായ Hemagglutinin (H), Neuraminidase (N) എന്നിവയുടെ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. ഇതാണ് H1N1, H5N1 എന്നിങ്ങനെയുള്ള പേരുകളുടെ അടിസ്ഥാനം.
H5, H7 എന്നീ H ഉപഗ്രൂപ്പുകളില്‍ പെടുന്ന വൈറസുകളാണ് മാരകമായ പക്ഷിപ്പനി രോഗമുണ്ടാക്കുന്നത്. കോഴികള്‍, താറാവുകള്‍, കാടകള്‍, ടര്‍ക്കികള്‍, വാത്തകള്‍, പ്രാവുകള്‍ തുടങ്ങി ഓമന പക്ഷികള്‍ അടക്കമുള്ള വളര്‍ത്തുപക്ഷികളെയെല്ലാം വൈറസുകള്‍ ബാധിക്കും.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം ?
താട, പൂവ് എന്നിവയുടെ നീല നിറം, പച്ച കലര്‍ന്ന കാഷ്ഠത്തോടുകൂടിയ വയറിളക്കം, മൂക്കില്‍ നിന്ന് രക്തം കലര്‍ന്ന സ്രവം, കാലുകളിലും പാദങ്ങളിലും ചുവപ്പുനിറം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങള്‍ രോഗബാധയുള്ള എല്ലാ പക്ഷികളിലും കാണണമെന്നില്ല. പലപ്പോഴും പ്രത്യേക രോഗലക്ഷണങ്ങളില്ലാതെ പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന സൂചന.
മറ്റ് മൃഗങ്ങളെ ബാധിക്കുമോ ?
രോഗബാധയുള്ള പക്ഷികളെ ഭക്ഷിക്കുന്ന Feline വര്‍ഗ്ഗത്തില്‍ പെട്ട മൃഗങ്ങളില്‍ (പൂച്ച, പുലി, കടുവ) മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2004 ല്‍ തായ്ലാന്‍ഡിലെ ഒരു മൃഗശാലയില്‍ രോഗബാധയുള്ള പക്ഷികളുടെ മാംസം കഴിച്ച 41 കടുവകള്‍ മരണപ്പെട്ടിരുന്നു.
കൊന്നൊടുക്കുന്നത് എന്തുകൊണ്ട് ?
രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളമായി പുറന്തള്ളും.
ഇവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലൂടെ പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും.
ചെറിയ ദൂരപരിധിയില്‍ രോഗാണുമലിനമായ ജലകണികകള്‍, തൂവല്‍, പൊടിപടലങ്ങള്‍ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠത്തില്‍ വന്നിരിക്കുന്ന ചിലയിനം ഈച്ചകള്‍ക്കും മറ്റ് പക്ഷികളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയും.
തണുത്ത കാലാവസ്ഥയില്‍ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള കഴിവും പക്ഷിപ്പനി വൈറസുകള്‍ക്കുണ്ട്. വൈറസ് ബാധയേല്‍ക്കുന്ന ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്റെ നിത്യവാഹകരായി മാറാനും ഇടയുണ്ട്.
രോഗമേഖലയില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചാല്‍ നിയന്ത്രണം അതീവ ദുഷ്‌കരമാവും. ഈ കാരണങ്ങളാല്‍ രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗസാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്‌കരിക്കേണ്ടതുണ്ട്.
പക്ഷിപ്പനി കേരളത്തില്‍ എങ്ങനെയെത്തി ?
ദേശാടന പക്ഷികളടക്കമുള്ള നീര്‍പക്ഷികള്‍ ഇന്‍ഫ്ളുവന്‍സ എ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. ഇവയുടെ ശ്വാസനാളത്തിലും അന്നനാളത്തിലുമാണ് വൈറസുകള്‍ വാസമുറപ്പിക്കുക.
Also Read: പിശുക്കേണ്ട ചിരിക്കാന്‍, അത്രയേറെയുണ്ട് മാനസിക, ശാരീരിക ഗുണങ്ങള്‍, ആയുസിലും കുതിപ്പ്
ഇക്കഴിഞ്ഞ ജനുവരിയില്‍ ഒഡിഷയിലെ ഭുവനേശ്വറില്‍ പക്ഷിപ്പനിയെത്തിയത് ചില്‍ക്ക തടാകം തേടിയെത്തിയ ദേശാടന പക്ഷികളില്‍ നിന്നായിരുന്നു. ഒഡിഷയില്‍ 2015-ല്‍ പക്ഷിപ്പനി ആദ്യമായി തിരിച്ചറിഞ്ഞത് ചത്തുവീണ കാക്കകളിലായിരുന്നു.
പ്രതിരോധ വാക്സിനുകള്‍ ഉണ്ടോ ?
ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ വൈറസുകള്‍ക്കെതിരെ വിവിധ തരം വാക്സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഇന്ത്യയില്‍ വാക്സിനേഷന്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടില്ല. വാക്സിനേഷന്‍ നൂറ് ശതമാനം പക്ഷികളിലും പ്രതിരോധശേഷി നല്‍കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.
പക്ഷിപ്പനി സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ വാക്സിനേഷന് ശേഷവും രോഗബാധകള്‍ ഉണ്ടായിട്ടുണ്ട്. രോഗം തീവ്രമാകുന്നതും, മരണനിരക്കും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെങ്കിലും, പ്രതിരോധ കുത്തിവെപ്പെടുത്ത കോഴികളും വൈറസിനെ സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും പുറന്തള്ളാന്‍ സാധ്യതയുണ്ട്.
അതിനാല്‍ വാക്സിനേഷന്‍ ചെയ്താലും രോഗബാധാ മേഖലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി തന്നെ സ്വീകരിക്കേണ്ടി വരും.









