
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ വമ്പന്‍മാരുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഒടുവില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഇന്റര്‍ മിലാനും നാപ്പോളിയും തമ്മിലാണ് സമാസമം പിരിഞ്ഞത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു.
ഇതിന് മുമ്പ് നടന്ന മത്സരത്തില്‍ എസി മിലാന്‍ സമനിലയില്‍ കുരുങ്ങിയിരുന്നു. സീരി എ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മൂന്ന് ടീമുകളാണ് ഇന്റര്‍ മിലാന്‍, എസി മിലാന്‍, നാപ്പോളി ടീമുകള്‍.
ഇന്റര്‍ മിലാന്‍ സ്വന്തം തട്ടകം സാന്‍സിറോയിലാണ് നാപ്പോളിയോട് സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയില്‍ ഓരോ ഗോള്‍ കൂടി നേടി. ഒമ്പതാം മിനിറ്റില്‍ ഫെഡറിക്കോ ഡിമാര്‍കോയിലൂടെ അക്കൗണ്ട് തുറന്ന ഇന്ററിനെതിരെ നാപ്പോളിക്കായി സ്‌കോട്ട് മക് ടോമിനേ സമനില ഗോള്‍ സമ്മാനിച്ചു. താരത്തിന്റെ ഇരട്ട ഗോളിലാണ് നാപ്പോളി മത്സരത്തില്‍ സമനില പിടിച്ചത്.
73-ാം മിനിറ്റില്‍ ഹകന്‍ കല്‍ഹനോഗ്ലു നേടിയ പെനാല്‍റ്റി ഗോളില്‍ ഇന്റര്‍ വീണ്ടും ലീഡ് നേടി. എട്ട് മിനിറ്റിനകം മക് ടോമിനേ ഇരട്ട ഗോള്‍ സ്വന്തമാക്കി.
എവേ പോരാട്ടത്തിലാണ് എസി മിലാന്‍ സമനിലയില്‍ കുരുങ്ങിയത്. ഫയോറെന്റീന സ്വന്തം തട്ടകത്തില്‍ കരുത്തരെ ഓരോ ഗോള്‍ സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. 90-ാം മിനിറ്റില്‍ ഗോള്‍ നേടി മിലാന്‍ രക്ഷപ്പെടുകയായിരുന്നു. ഫയോറെന്റീന 1-0ന് മത്സരം അട്ടിമറിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് മിലാന് വേണ്ടി ക്രിസ്റ്റഫര്‍ എന്‍കുങ്കു സമനില ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ പിയേട്രോ കൊമൂസോ നേടിയ ഗോളിലാണ് ഫയോറെന്റീന മുന്നിലെത്തിയത്.
19 വീതം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 43 പോയിന്റ് നേടിക്കൊണ്ടാണ് ഇന്റര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തൊട്ടുപിന്നിലുള്ള എസി മിലാന് 40 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനക്കാരായ നാപ്പോളിക്ക് 39 പോയിന്റായി.









