
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇന്നലെ നടന്ന ബെംഗളൂരു-ഈസ്റ്റ് ബംഗാള്‍ ത്രില്ലര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടിയാണ് സമനില പാലിച്ചത്. ബെംഗളൂരുവിനെതിരെ ആതിഥേയരായ ഈസ്റ്റ് ബംഗാള്‍ 24-ാം മിനിറ്റ് മുതല്‍ പത്ത് പേരുമായാണ് കളിച്ചത്.
മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്‍ ബെംഗളൂരുവിനായി ഗോളടിച്ചു. ഇതിനെതിരെ അന്‍വര്‍ അലി ഈസ്റ്റ് ബംഗാളിനായി 21-ാം മിനിറ്റില്‍ തിരിച്ചടിച്ചു. മൂന്ന് മിനിറ്റിനകം ആതിഥേയരുടെ മിഗ്വേല്‍ ഫിഗ്വേറ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ആദ്യ പകുതി പിരിയുമ്പോള്‍ ബെംഗളൂരു 2-1ന്റെ ആധിപത്യം പുലര്‍ത്തി. 39-ാം മിനിറ്റില്‍ സുരേഷ് സിങ് നേടിയ ഗോളിലാണ് ബെംഗളൂരു ലീഡ് എടുത്തത്.
രണ്ടാം പകുതിയില്‍ സൗള്‍ ക്രെസ്‌പോയിലൂടെ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ച് ഒപ്പമെത്തി. 55-ാം മിനിറ്റിലായിരുന്നു ഈ സമനില ഗോള്‍. 71-ാം മിനിറ്റില്‍ റയാന്‍ വില്ല്യംസ് ബെംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ പരിക്ക് സമയം ഒമ്പത് മിനിറ്റ് വരെ നീളുന്നതിനിടെ ഏഴാം മിനിറ്റില്‍ ആന്റോണ്‍ സോജ്‌ബെര്‍ഗ് ഈസ്റ്റ് ബംഗാളിനായി സമനില ഗോള്‍ കണ്ടെത്തി.









