
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ അവസാന നിമിഷം വഴങ്ങിയ ഗോളാണ് വിജയത്തില്‍ നിന്നും തടഞ്ഞത്.
വിബിന്‍ മോഹനന്‍, കെവിന്‍ യോക്ക്, വിക്ടര്‍ ബെര്‍ട്ടോമിയു എന്നിവരെ മുന്‍നിര്‍ത്തിയുള്ള ആക്രമണനിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വികാഷ് യുമനം പ്രതിരോധത്തിന് നേതൃത്വം നല്‍കി. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് കൈവശം വച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നേറ്റം നടത്തി. 41-ാം മിനിറ്റില്‍ ഫല്ലോ എന്‍ഡിയേയുടെ ഒരു അക്രോബാറ്റിക് ഗോള്‍ ശ്രമം ബോക്‌സിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും, നോര്‍ത്ത് ഈസ്റ്റ് താരത്തിന്റെ സെല്‍ഫ് ഗോളില്‍ കലാശിക്കുകയും ചെയ്തതോടെ ആതിഥേയര്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഒരു ഉറച്ച ഗോള്‍ അവസരം ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ അര്‍ഷ് ഷെയ്ഖ് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞു. വിജയം ഉറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തില്‍, കളിയുടെ 88-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ കണ്ടെത്തിയത്. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ച പന്ത് ലാല്‍ബിയാക്‌നിയ വലയിലെത്തിക്കുകയായിരുന്നു. 18ന് വൈകിട്ട് 5 മണിക്ക് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.









