മകര സംക്രാന്തി ഒരു പുതിയ തുടക്കത്തിന്റെ അടയാളമാണ്. സൂര്യൻ ഉത്തരായനത്തിലേക്ക് കടക്കുമ്പോൾ പകലുകൾ നീളുകയും കാലാവസ്ഥ കൂടുതൽ സൗമ്യമായി മാറുകയും ചെയ്യുന്നു. ഇന്ത്യയാകമാനം വിളവെടുപ്പ് ഉത്സവത്തിന്റെ ആവേശത്തിലാണ് ജനങ്ങൾ. ചില ഇടങ്ങളിൽ ആകാശം നിറയെ പട്ടങ്ങൾ ആണെങ്കിൽ മറ്റിടങ്ങളിൽ കൂട്ടായ ഭക്ഷണവും പ്രാർത്ഥനയും ആഘോഷങ്ങളുമാണ്. 2026 ൽ യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, മകര സംക്രാന്തിയുടെ ആത്മാവ് ഏറ്റവും മനോഹരമായി അനുഭവിക്കാവുന്ന അഞ്ച് സ്ഥലങ്ങളിതാ.
അഹമ്മദാബാദ്, ഗുജറാത്ത് – പട്ടങ്ങളുടെ നഗരം
മകര സംക്രാന്തി വരുമ്പോൾ അഹമ്മദാബാദ് പൂർണ്ണമായും മാറ്റംകൊള്ളും. ജനുവരി 14-ന് നടക്കുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ ആകർഷിക്കുന്നു. വീടുകളുടെ മേൽക്കൂരകളിൽ നിന്ന് ആളുകൾ നിറയേയും, രാവിലെ മുതൽ വൈകുന്നേരം വരെ ആകാശം നിറയെ നിറഞ്ഞു നിൽക്കുന്ന പട്ടങ്ങളുമാണ് കാഴ്ച. സംഗീതം, നാടൻ വിഭവങ്ങൾ, ചിരിയും സൗഹൃദ മത്സരങ്ങളും – എല്ലാം ചേർന്ന് നഗരം ഒരു വലിയ ആഘോഷ വേദിയായി മാറും. ഇവിടെ എത്തുമ്പോൾ ആ ഊർജ്ജം നിങ്ങളെ തന്നെ ഏറ്റെടുക്കും.
ജയ്പൂർ, രാജസ്ഥാൻ – രാജകീയ പശ്ചാത്തലത്തിലെ ഉത്സവം
പിങ്ക് സിറ്റിയായ ജയ്പൂരിൽ മകര സംക്രാന്തി ആഘോഷം രാജകീയ ഭംഗിയോടെയാണ് നടക്കുന്നത്. കൊട്ടാരങ്ങളും കോട്ടകളും പശ്ചാത്തലമാക്കി ആകാശത്ത് പറക്കുന്ന പട്ടങ്ങൾ കാണുമ്പോൾ അത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും. വീടുകളുടെ മേൽക്കൂരകളിൽ കുടുംബങ്ങളും അയൽവാസികളും ഒരുമിച്ച് ചിരിച്ചും വിളിച്ചും പട്ടംപോരാട്ടത്തിൽ ഏർപ്പെടും. മാർക്കറ്റുകളിൽ നിറഞ്ഞു നിൽക്കുന്ന വർണ്ണാഭമായ പട്ടങ്ങളും നൂലുകളും ജയ്പൂരിന്റെ ഉത്സവമൂഡ് ഇരട്ടിയാക്കും. പാരമ്പര്യവും ആഡംബരവും ഒരുമിച്ച് അനുഭവിക്കണമെങ്കിൽ ജയ്പൂർ തന്നെയാണ് ഏറ്റവും നല്ലത്.
ചെന്നൈ, തമിഴ്നാട് – പൊങ്കൽ പാരമ്പര്യങ്ങളുടെ നാട്
ദക്ഷിണേന്ത്യയിൽ മകര സംക്രാന്തി പൊങ്കൽ എന്ന പേരിലാണ് ആഘോഷിക്കുന്നത് – നാലുദിവസം നീളുന്ന വിളവെടുപ്പ് ഉത്സവം. ചെന്നൈയിൽ വീടുകൾ കൊലം ഡിസൈനുകളാൽ അലങ്കരിക്കപ്പെടും, മൺപാത്രങ്ങളിൽ തിളയ്ക്കുന്ന മധുര പൊങ്കലിന്റെ സുഗന്ധം വായുവിൽ നിറയും, കുടുംബങ്ങൾ ഒന്നിച്ച് നന്ദി അർപ്പിക്കും. സമീപ ഗ്രാമങ്ങളിലേക്ക് പോയാൽ കൂടുതൽ പാരമ്പര്യ ആചാരങ്ങളും വലിയ സമൂഹ വിരുന്നുകളും കാണാം. തമിഴ് സംസ്കാരത്തിന്റെ ആത്മാവിലേക്കുള്ള ഒരു യാത്രയാണ് പൊങ്കൽ ആഘോഷങ്ങൾ.
പ്രയാഗ്‌രാജ്, ഉത്തർപ്രദേശ് – വിശ്വാസത്തിന്റെയും ആത്മശുദ്ധിയുടെയും ഉത്സവം
മകര സംക്രാന്തി പ്രയാഗ്‌രാജിൽ എത്തുമ്പോൾ അത് ഒരു ആത്മീയ മഹോത്സവമായി മാറുന്നു. പുലർച്ചെ മുതൽ ആയിരക്കണക്കിന് ഭക്തർ ത്രിവേണി സംഗമത്തിൽ – ഗംഗയും യമുനയും ചേരുന്ന സ്ഥലത്ത് – പുണ്യസ്നാനം നടത്താൻ എത്തും. പഴയ പാപങ്ങളും ദുഃഖങ്ങളും കഴുകിക്കളയാൻ, ഒരു പുതിയ തുടക്കം തേടിയാണ് അവർ ജലത്തിൽ ഇറങ്ങുന്നത്. മന്ത്രോച്ചാരണങ്ങളും പ്രാർത്ഥനകളും മുഴങ്ങുന്ന അന്തരീക്ഷം ഹൃദയം നിറയ്ക്കും. മാഘ് മേള നടക്കുന്ന സമയത്ത് എത്തിയാൽ ആ അനുഭവം ഇരട്ടിയാകും.
അസം – മാഘ് ബിഹു ആഘോഷങ്ങൾ
അസാമിൽ മകര സംക്രാന്തി മാഘ് ബിഹു അല്ലെങ്കിൽ ഭോഗാലി ബിഹു എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭക്ഷണവും സൗഹൃദവും ആഘോഷത്തിന്റെ കേന്ദ്രമാണ്. ആളുകൾ താൽക്കാലിക കുടിലുകൾ പണിയും, പുലർച്ചെ അഗ്നികുണ്ഡങ്ങൾ തെളിക്കും, വലിയ പാരമ്പര്യ ഭക്ഷണവിരുന്നുകൾ ഒരുക്കും. ഗ്രാമീണ ജീവിതത്തിന്റെ ലളിതതയും കൂട്ടായ്മയും ഇവിടെ വ്യക്തമായി അനുഭവിക്കാം. പ്രാദേശിക സംസ്കാരത്തിൽ ലയിച്ച് ആഘോഷിക്കണമെങ്കിൽ അസാം മികച്ച തിരഞ്ഞെടുപ്പാണ്.
പട്ടങ്ങളുടെ നിറക്കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ അഹമ്മദാബാദും ജയ്പൂരും, പാരമ്പര്യവും സംസ്കാരവും തേടുന്നവർക്ക് ചെന്നൈയും അസാമും, ആത്മീയ അനുഭവം ആഗ്രഹിക്കുന്നവർക്ക് പ്രയാഗ്‌രാജും – മകര സംക്രാന്തി 2026 ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങൾ നൽകും. ഈ ജനുവരിയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലം ഏത് ആയാലും, പുതുതുടക്കത്തിന്റെ സന്തോഷം ഉറപ്പാണ്.









