
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി റെയിൽവേയും കെഎസ്ആർടിസിയും വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി. തിരക്ക് ഒഴിവാക്കാൻ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പുകളും ബസുകൾക്ക് പ്രത്യേക സ്റ്റാൻഡുകളും അനുവദിച്ചിട്ടുണ്ട്.
എറണാകുളം എക്സ്പ്രസ് (കോട്ടയം വഴി) വൈകിട്ട് 3.10-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിനിന് കഴക്കൂട്ടം, വർക്കല, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, തൃപ്പൂണിത്തുറ തുടങ്ങി പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം എക്സ്പ്രസ് (ആലപ്പുഴ വഴി) ഉച്ചയ്ക്ക് 2.40-ന് പുറപ്പെടുന്ന ട്രെയിനിന് കഴക്കൂട്ടം, കൊല്ലം, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, തുറവൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
Also Read: ആറ്റുകാൽ ഭക്തർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചുകയറി 2 പേർക്ക് പരിക്ക്
ഇന്ന് വൈകിട്ട് പുറപ്പെടുന്ന ചെന്നൈ എക്സ്പ്രസിന് കഴക്കൂട്ടം, ചിറയിൻകീഴ് സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. നിസാമുദ്ദീൻ എക്സ്പ്രസ് (2.30 PM), നാഗർകോവിൽ പാസഞ്ചർ, കൊല്ലം-കന്യാകുമാരി മെമു (3.20 PM) തുടങ്ങിയ ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ വൈകിയാകും സർവീസ് നടത്തുക.
പൊങ്കാല നിവേദ്യത്തിന് ശേഷം എല്ലാ ദീർഘദൂര ബസുകളും തമ്പാനൂർ ബസ് ടെർമിനലിൽ നിന്ന് തന്നെ സർവീസ് ആരംഭിക്കും. ഫാസ്റ്റ് പാസഞ്ചർ ബസുകൾ പാളയം മുതൽ പനവിള വരെ നിരയായി ഇട്ട ശേഷം തിരക്കനുസരിച്ച് ടെർമിനലിൽ പ്രവേശിപ്പിക്കും. നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസുകൾ കിള്ളിപ്പാലത്തുനിന്നും, കാട്ടാക്കട ഭാഗത്തേക്കുള്ളവ ബേക്കറി ജംക്‌ഷനിൽനിന്നും, വിഴിഞ്ഞം ഭാഗത്തേക്കുള്ളവ കമലേശ്വരം സ്കൂളിന് മുന്നിൽനിന്നും യാത്ര തുടങ്ങും.
The post പൊങ്കാല മടക്കയാത്ര; ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ, കെഎസ്ആർടിസിക്ക് ദീർഘദൂര സർവീസുകൾ appeared first on Express Kerala.









