അബ്ഹ: സൗദി അറേബ്യയിലെ അസീർ മേഖലയിൽ വികസിപ്പിച്ചുവരുന്ന ‘അൽസൗദ പീക്സ്’ പദ്ധതി പ്രദേശത്ത് അപൂർവ പുരാവസ്തു ശേഖരം കണ്ടെത്തി. ഏകദേശം 4,000 മുതൽ 5,000 വർഷം വരെ പഴക്കമുള്ള ലിഖിതങ്ങളും ശിലാചിത്രങ്ങളും പതിച്ച 20-ഓളം കൂറ്റൻ പാറകളാണ് സൗദി ഹെറിറ്റേജ് കമീഷൻ കണ്ടെത്തിയത്. മേഖലയുടെ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക കണ്ടെത്തലാണിതെന്ന് കമീഷൻ വ്യക്തമാക്കി.

ചരിത്രപ്രസിദ്ധമായ തമൂദിക് ലിഖിതങ്ങൾ ഈ പാറകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഐബെക്സ് (കാട്ടാട്), കഴുതപ്പുലി, ഒട്ടകപ്പക്ഷി തുടങ്ങിയ മൃഗങ്ങളുടെയും, വേട്ടക്കാർ, നർത്തകർ, ഈന്തപ്പനകൾ, പുരാതന ആയുധങ്ങൾ എന്നിവയുടെയും ചിത്രങ്ങൾ ഈ പാറകളിൽ തെളിഞ്ഞുകാണാം. അൽസൗദ, റിജാൽ അൽമ ഗ്രാമം ഉൾപ്പെടെ 636.5 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് ഈ പുരാവസ്തു കേന്ദ്രങ്ങൾ വ്യാപിച്ചുകിടക്കുന്നത്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അൽസൗദയും റിജാൽ അൽമയും സാംസ്കാരികമായി എത്രത്തോളം അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തൽ. അക്കാലത്തെ ജനങ്ങളുടെ സാമൂഹിക ജീവിതവും പാരിസ്ഥിതിക രീതികളും ഈ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാം -ഹെറിറ്റേജ് കമീഷൻ വക്താവ് വ്യക്തമാക്കി.
ഹെറിറ്റേജ് കമീഷനും അൽസൗദ ഡെവലപ്മെൻറ് കമ്പനിയും തമ്മിലുള്ള ധാരണപത്രത്തിെൻറ അടിസ്ഥാനത്തിലാണ് നിലവിൽ ഈ മേഖലയിൽ സർവേ നടക്കുന്നത്. പൗരാണിക പൈതൃകം ഒട്ടും ചോർന്നുപോകാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള ആഡംബര പർവത ടൂറിസം കേന്ദ്രമായി അൽസൗദയെ മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് സഞ്ചാരികൾക്ക് ആധികാരികമായ ചരിത്രാനുഭവം നൽകുമെന്ന് അൽസൗദ ഡെവലപ്മെൻറ് കമ്പനി അറിയിച്ചു.









