
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദമായ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സജി ചെറിയാൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ വ്യക്തിയാണ് സജി ചെറിയാനെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഏതൊരു വർഗീയതയും ഒരുപോലെ ചെറുക്കപ്പെടണമെന്ന പൊതുനിലപാടാണ് മന്ത്രി പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ സർക്കാരിന്റെ പ്രധാന പദ്ധതിയായ ‘കണക്ട് ടു വർക്ക്’ സംബന്ധിച്ച വിവരങ്ങളും മന്ത്രി പങ്കുവെച്ചു. ഉദ്യോഗാർത്ഥികൾക്ക് സ്വപ്ന ജോലി ലഭിക്കുന്നത് വരെ സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി നിർവഹിക്കും. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയുള്ളവർക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് ലഭിക്കുന്നതാണ് പദ്ധതി. ഇതിനകം ലഭിച്ച 36,000 അപേക്ഷകളിൽ നിന്ന് അർഹരായ 10,000 പേരെ ആദ്യഘട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആകെ 5 ലക്ഷം പേർക്ക് ഗുണഫലം ലഭിക്കുന്ന ഈ പദ്ധതിക്കായി 600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
The post സജി ചെറിയാന്റെ പ്രസ്താവന ശരി; ന്യൂനപക്ഷങ്ങൾക്കായി പോരാടിയ വ്യക്തിയെന്ന് വി. ശിവൻകുട്ടി appeared first on Express Kerala.









