
റാബത്ത്: ഒരു ലോകകപ്പോളം ആവേശവും പിരിമുറുക്കവും വീറും വാശിയും ഒത്തുചേര്‍ന്ന തികവാര്‍ന്നൊരു ഫൈനലോടെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന് കൊടിയിറങ്ങി. പോരാട്ടത്തിനൊടുവില്‍ ലോക ഫുട്‌ബോളിന് ആഫ്രിക്കന്‍ വന്‍കര സമ്മാനിച്ച സൂപ്പര്‍ താരം സാദിയോ മാനെ കിരീടവുമേന്തി നിന്നു. ഫൈനലില്‍ ആതിഥേയരായ മൊറോക്കോയെ 1-0ന് തോല്‍പ്പിച്ചാണ് സെനഗലിന്റെ രണ്ടാം കിരീട ധാരണം.
റെഗുലര്‍ ടൈം മത്സരം ഗോള്‍രഹിതമായി പിരിഞ്ഞു. അധികസമയത്തേക്ക് കടന്ന മത്സരത്തിന്റെ 94-ാം മിനിറ്റില്‍ മദ്ധ്യനിര താരം പാപ്പെ ഗ്വയേ നേടിയ അത്യുഗ്രന്‍ ഗോളിലാണ് സെനഗല്‍ കിരീടം ഉറപ്പിച്ചത്. 94-ാം മിനിറ്റില്‍ സ്വന്തം പാതിയില്‍ നിന്ന് തുടങ്ങിയ മുന്നേറ്റത്തെ ഏറ്റെടുത്ത മിഡ്ഫീല്‍ഡര്‍ ഇദ്രിസ ഗ്വയേ ഇടത്തേക്ക് നല്‍കിയ പന്തുമായി പാപ്പെ ഗ്വയേ മുന്നോട്ട് കുതിച്ചു. ബോക്‌സിനകത്ത് പ്രവേശിക്കുമ്പോഴേക്കും മൊറോക്കോ പ്രതിരോധ താരങ്ങള്‍ വളഞ്ഞുപിടിക്കാനും പന്ത് സ്വീകരിക്കാന്‍ സ്‌ട്രൈക്കര്‍മാരും ഒടിയെത്തും മുമ്പേ പാപ്പെ ഇടംകാല്‍ കൊണ്ടൊരു ലോങ് റേഞ്ചര്‍ ബുള്ളറ്റ് ഷോട്ട് തൊടുത്തു. മിന്നല്‍ വേഗത്തില്‍ പന്ത് വലയില്‍ മത്സരം നടന്ന മൊറൊക്കന്‍ തലസ്ഥാന നഗരി റാബത്തിലെ പ്രിന്‍സ് മൗലേ അബ്ദെല്ലാഹ് സ്റ്റേഡിയം നശബ്ദമായി. മൊറോക്കോ കിരീടം നേടുന്നത് കാണാനെത്തിയ നാട്ടുകാര്‍ക്ക് പിന്നീട് ആശ്വസിക്കാനൊരവസരം പോലും ലഭിച്ചില്ല. എന്നാല്‍, ഇഞ്ച്വറി സമയത്തിന്റെ അവസാന സെക്കന്‍ഡില്‍ റഫറി മൊറോക്കോയ്‌ക്ക് അനുകൂലമായി വിധിച്ച പെനാല്‍റ്റി തീരുമാനത്തില്‍ പ്രതിഷേധിച്ച് സെനഗല്‍ ടീം അംഗങ്ങള്‍ ഒന്നടങ്കം മൈതാനം വിട്ടു. എന്നാല്‍, ടീമിനെ സമാധാനിപ്പിച്ച് മൈതാനത്തേക്കു കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് സാക്ഷാല്‍ മാനെ തന്നെ. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ മനംനിറഞ്ഞ നിമിഷം. എന്നാല്‍, അത് തന്റെ ഗോളിയിലുള്ള ആത്മവിശ്വാസം കൂടിയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. ബ്രാഹിം ഡിയാസ് എന്ന മൊറോക്കന്‍ താരത്തിന്റെ ദുര്‍ബല ഷോട്ട് സെനഗല്‍ ഗോളി എഡ്വാര്‍ഡോ മെന്‍ഡി തടുത്തു. ഇതോടെ ആഫ്രിക്കന്‍ ഫുട്ബോള്‍ രാജാവായി സെനഗല്‍. മാനേയുടെ നിശ്ചദാര്‍ഢ്യത്തിനും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും ലോകത്തിന്റെ ആദരം.
തീ പാറുന്ന പോരാട്ടം
തുടക്കം മുതലേ രണ്ട് പകുതികളിലേക്കും പന്ത് പാഞ്ഞുകൊണ്ടിരുന്നു. ഏത് സമയവും ഗോള്‍ വീഴാമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ലക്ഷണമൊത്ത ഫൈനലിന്റെ എല്ലാം തികഞ്ഞ കളിയാണ് റാബത്തില്‍ അരങ്ങേറിയത്. പക്ഷെ നിശ്ചിത സമയ മത്സരമത്രയും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. അധികസമയത്ത് സെനഗല്‍ ഗോള്‍ നേടിയെങ്കിലും മറുപക്ഷത്തിന്റെ പോരാട്ട വീര്യം കെട്ടില്ല. ലീഡ് ചെയ്ത ആശ്വാസം സെനഗലും കാണിച്ചില്ല. മത്സരം പിരിയുന്നതിന് തൊട്ട് മുമ്പും മത്സരത്തിന്റെ മുന്‍ സമയങ്ങളിലെ പോലെ സെനഗലിന് വീണ്ടും സുവര്‍ണാവസരം കൈവന്നു. പക്ഷെ ഗോളാക്കാന്‍ സാധിച്ചില്ല. സെനഗലിന് സുനിശ്ചിതമായി ലീഡ് ഉയര്‍ത്താവുന്ന അവസരമായിരുന്നു അത്.
എല്ലാം തീര്‍ന്നെന്ന് കരുതിയ 90+8-ാം മിനിറ്റ്
നിശ്ചിത സമയ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പത്ത് മിനിറ്റിലേറെ സമയം സ്റ്റോപ്പേജ് സമയമായി അനുവദിച്ചുകിട്ടി. 90+6-ാം മിനിറ്റില്‍ മൊറോക്കോയ്‌ക്ക് അനുകൂലമായൊരു കോര്‍ണര്‍ ഇടത് ഭാഗത്തു നിന്നുള്ള കോര്‍ണര്‍ തൊടുക്കും മുമ്പേ ക്ലോസ് റേഞ്ചില്‍ സ്ഥാനമുറപ്പിച്ച മൊറോക്കോയുടെ സുപ്പര്‍ റൈറ്റ് വിങ്ങര്‍ ബ്രാഹിം ഡിയാസിനെ പിടിച്ചു നിര്‍ത്തി പന്ത് വന്നെത്തിയപ്പോള്‍ സെനഗല്‍ പ്രതിരോധ താരം എല്‍ ഹാദ്ജി ദിയോഫ് ഹെഡ് ചെയ്ത് അകറ്റി. ആതിഥേയ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ റഫറി വാര്‍ പരിശോധനയ്‌ക്ക് ശേഷം സെനഗല്‍ സ്‌പോട്ട് പോയിന്റിലേക്ക് കൈ നീട്ടി വിധി കല്‍പ്പിച്ചു, പെനാല്‍റ്റി. ഗാലറികളില്‍ പ്രകമ്പനമുയര്‍ന്നു, ആതിഥേയരൊന്നാകെ കിരീടം ഉറപ്പിച്ച മത്സരം അപ്പോള്‍ 90+8-ാം മിനിറ്റിലേക്ക് കടന്നിരുന്നു. ഷോട്ടുതിര്‍ക്കാനെത്തിയത് ഫൗളിന് വിധേയനായ ബ്രാഹിം ഡിയാസ്. സ്പാനിഷ് വമ്പന്‍ ടീം ലാലിഗയ്‌ക്കായി കളിക്കുന്ന ഡിയാസിന്റെ ബലം കുറഞ്ഞ ഷോട്ട് സെനഗല്‍ ഗോളി എഡ്വാര്‍ഡ് മെന്‍ഡി അനായാസം കൈപ്പിടിയിലാക്കി.
അഭിമാനപൂര്‍വ്വം മാനെ
ചരിത്രത്തില്‍ സെനഗല്‍ നേടുന്ന രണ്ടാം ആഫ്രിക്കന്‍ ഫുട്‌ബോള്‍ കിരീടമാണിത്. ഇതിന് മുമ്പ് 2021ലും ജേതാക്കളായി. രണ്ട് നേട്ടത്തിലും ചുക്കാന്‍ പിടിച്ചത് സാദിയോ മാനെ ആയിരുന്നു. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ അംബാസിഡര്‍ താന്‍ തന്നെയെന്ന് തെളിയിച്ചാണ് വിരമിക്കലിന്റെ പാതയിലെത്തി നില്‍ക്കുന്ന മാനെ ഇത്തവണത്തെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കിരീടവുമായി മടങ്ങുന്നത്. ഫൈനലില്‍ മാനെ ടീമിനായി ഒന്നും ചെയ്തില്ലായിരിക്കാം. എന്നാല്‍ 2002 ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച ശേഷം ലോക ഫുട്‌ബോളില്‍ സെനഗലിന് വീണ്ടുമൊരു പുതുജീവന്‍ നല്‍കി മികച്ചൊരു മേല്‍വിലാസമുണ്ടാക്കിയാണ് മാനെ കളം വെടിയാനൊരുങ്ങുന്നത്. ടൂര്‍ണമെന്റിന്റെ താരവും മാനെ തന്നെയാണ്. കാലിഡോ കുലിബാലിയായിരുന്നു സെനഗല്‍ നായകന്‍. എന്നാല്‍, കിരീടമേറ്റുവാങ്ങാന്‍ മാനെ തന്നെ വന്നു. കളി തീരും മുമ്പ് നായകന്റെ ആം ബാന്‍ഡ് അഴിച്ച് കുലിബാലി മാനെയ്‌ക്ക് നല്‍കിയതും കൗതുകമായി. അര്‍ഹിച്ച കിരീടവും നായകനെന്ന ഖ്യാതിയും. ടീമിനെ തിരികെയെത്തിച്ചതിലുള്ള ആദരവായാണ് കുലിബാലി ആം ബാന്‍ഡ് മാനെയ്‌ക്കു നല്‍കിയത്.









