
ചെന്നൈ: ദളപതി വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയിൽ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജനനായകൻ’ നിയമക്കുരുക്കുകളിൽ വട്ടംകറങ്ങുന്നു. പൊങ്കൽ റിലീസായി ഈ മാസം 9-ന് തീയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് പ്രധാന തടസ്സം. സെൻസർ ബോർഡും നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസും തമ്മിലുള്ള നിയമയുദ്ധം മദ്രാസ് ഹൈക്കോടതിയിൽ തുടരുന്നതിനിടെ, ചിത്രത്തിന് മേൽ പുതിയൊരു ഭീഷണി കൂടി ഉയർന്നിരിക്കുകയാണ്.
ചിത്രത്തിന്റെ ഒടിടി അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോയിൽ നിന്നാണ് നിർമ്മാതാക്കൾക്ക് ഇപ്പോൾ നിയമപരമായ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. തീയറ്റർ റിലീസിന് ശേഷം നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കണമെന്നാണ് കരാർ. എന്നാൽ തീയറ്റർ റിലീസ് അനിശ്ചിതമായി നീളുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്‌ഫോമിന്റെ നീക്കം. ഡിസംബർ 31-ന് തന്നെ ഒടിടി പ്ലാറ്റ്‌ഫോം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയതായി നിർമ്മാതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിലവിൽ വാക്കാലുള്ള മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും കോടതിയിൽ ഹർജികളൊന്നും എത്തിയിട്ടില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
അതേസമയം, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് റിലീസ് തീയതി പ്രഖ്യാപിച്ച നിർമ്മാതാക്കളുടെ നടപടിയെ സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്ററി ജനറൽ കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ സിനിമാ ഇൻഡസ്ട്രിയിൽ ഇതൊരു സാധാരണ രീതിയാണെന്നും വരാനിരിക്കുന്ന ബോളിവുഡ് ചിത്രം ‘ധുരന്ദർ 2’-ന്റെ റിലീസ് തീയതി പോലും സെൻസറിംഗിന് മുൻപേ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കളുടെ അഭിഭാഷകൻ വാദിച്ചു. കേസിൽ മദ്രാസ് ഹൈക്കോടതിയുടെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് വിജയ് ആരാധകർ.
The post തീയറ്ററില്ല, സെൻസറില്ല; പിന്നാലെ ഒടിടി ഭീഷണിയും! വിജയ് ചിത്രം ‘ജനനായകൻ’ കൂടുതൽ പ്രതിസന്ധിയിലേക്ക് appeared first on Express Kerala.









