ആദ്യ കാലത്തെ അജ്മാന്‍ ജനത പ്രധാനമായും സമുദ്രവും അതിനനുബന്ധവുമായ കാര്യങ്ങളെ ആശ്രയിച്ചാണ് നിത്യ ജീവിതോപാധി കണ്ടെത്തിയിരുന്നത്. ആഴക്കടലില്‍ ചെന്നെത്തി മുത്തും പവിഴവും ശേഖരിക്കുന്നതില്‍ അതി വിദഗ്ദരായിരുന്നു അജ്മാനിലെ പൂര്‍വ്വകാല ജനത. മത്സ്യ ബന്ധനവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് അജ്മാനികളുടെ ജീവിതം. അറ്റം കാണാത്ത സമുദ്രത്തിന്‍റെ ആഴങ്ങളില്‍ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി ശേഖരങ്ങളുണ്ട് എന്നത് പോലെ തന്നെ ഈ മനുഷ്യ സമൂഹത്തെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് അജ്മാന്‍ കടല്‍ തീരത്തെ വശ്യ മനോഹരമായ പുരാതന നിർമിതിയായ കാവല്‍ഗോപുരം.
ജീവിതോപാധിക്ക് വേണ്ടി ആഴക്കടലില്‍ നിന്നും വിഭവങ്ങള്‍ കണ്ടെത്തുന്ന മനുഷ്യരെ തങ്ങളുടെ ഉറ്റവര്‍ കാത്തിരിക്കുന്ന വീടകങ്ങളിലേക്ക് വഴികാണിക്കുക എന്ന മഹത്തായ ദൗത്യമാണ് ഇത്തരം കാവല്‍ഗോപുരങ്ങള്‍ ചരിത്രത്തില്‍ നിര്‍വ്വഹിച്ചു പോന്നിട്ടുള്ളത്. കളിമണ്ണും കല്ലും ചകിരി നാരുകളും അടങ്ങിയ മിശ്രിതങ്ങള്‍ ആനുപാധികമായി ചേര്‍ത്ത് നിര്‍മ്മിച്ച ഇത്തരം ഗോപുരങ്ങള്‍ പലതും ഇന്ന് കാലത്തിന്‍റെ യവനികക്കുള്ളില്‍ മറഞ്ഞു പോയി. ആധുനിക ചാരുതയോടെ വന്‍ കെട്ടിടങ്ങള്‍ കൊണ്ട് അജ്മാനിന്‍റെ കടല്‍ തീരങ്ങള്‍ അലങ്കൃതമായപ്പോഴും പഴമയുടെ പ്രൌഡിയോടെ അജ്മാനിന്‍റെ കടലോരത്തെ വിസ്മയമാക്കുകയാണ് അൽ മുറബ്ബാ വാച്ച്ടവർ. കടലിലെ വഴികാട്ടിയും അതോടൊപ്പം കടല്‍ സമ്പത്തുകള്‍ ശേഖരിച്ച് കരക്കെത്തിച്ച് വ്യാപാരങ്ങള്‍ നടത്തുന്നതും അജ്മാനിലെ ഈ കാവല്‍ ഗോപുരത്തോടനുബന്ധിച്ചായിരുന്നു.
ഇതിനോടനുബന്ധിച്ചുള്ള ജീവിത വ്യവഹാരങ്ങള്‍ അജ്മാനിലെ ജന സമൂഹത്തെ ഏറെ മുന്നോട്ട് നയിച്ചിരുന്നു. എട്ടു പതീറ്റാണ്ടിലേറെ കാലമായി ഇന്നും പഴമയുടെ ചാരുതയോടെ അജ്മാന്‍ കടല്‍ തീരത്തെ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റില്‍ അൽ മുറബ്ബാ വാച്ച്‌ടവർ സുരക്ഷിതമായി പ്രൗഢിയോടെ നിലകൊള്ളുന്നു. 1930കളിലാണ് അജ്മാനിന്‍റെ ഇപ്പോഴത്തെ ഭരണാധികാരിയുടെ പിതാവായ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി ഈ ഗോപുരം പണികഴിപ്പിച്ചത്. കാലം വരുത്തിയ പരിക്കുകള്‍ പരിഹരിച്ച് ഇന്നത്തെ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 2000ൽ അറ്റകുറ്റപ്പണികള്‍ കഴിച്ചു. ഇപ്പോഴും അജ്മാന്‍റെ പൈതൃകങ്ങളുടെ പട്ടികയില്‍ ഈ നിർമിതി യശസ്സോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഈ തെരുവിന് ചുറ്റും നിലകളാല്‍ സമൃദ്ധമായ വന്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞെങ്കിലും മഹിമയോടെ അൽ മുറബ്ബാ വാച്ച്ടവർ ഇന്നും വിനോദ സഞ്ചാരികളുടെ അജ്മാനിലെ വിശിഷ്ടമായ കേന്ദ്രമായി നിലകൊള്ളുന്നു.









