ബീജിങ്: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില കുതിച്ചുയർന്നതിനെ തുടർന്ന് ചൈനയിൽ വിമാനങ്ങളുടെ റദ്ദാക്കൽ തുടരുന്നു. ചൈനയിൽ തൊഴിലാളി ദിനത്തോടനുബന്ധിച്ച് അഞ്ചുദിവസത്തെ അവധിയുടെ ഭാഗമായുള്ള വിദേശയാത്രകളെ ഇത് ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
എയർ ചൈന, ചൈന ഈസ്റ്റേൺ, സ്പ്രിങ് എയർലൈൻസ്, മലേഷ്യ ആസ്ഥാനമായുള്ള എയർഏഷ്യ എന്നിവയുൾപ്പെടെ ഒന്നിലധികം വിമാനക്കമ്പനികൾ ചൈനക്കും ബാങ്കോക്ക്, ഫുക്കറ്റ്, ക്വാലാലംപൂർ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങൾക്കുമിടയിലുള്ള സർവിസുകൾ കുറക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തതായി ആഭ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈന എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പുറത്തിക്കിയ കണക്കുകൾ പ്രകാരം മേയ് ദിന അവധിക്കാലത്ത് അന്താരാഷ്ട്ര വിമാന റദ്ദാക്കലുകൾ 7.4ശതമാനമായി ഉയർന്നു. ഏകദേശം 785 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് മറ്റു രാജ്യങ്ങളിൽനിന്ന് ചൈന വഴി യാത്രചെയ്യുന്നവരെയും പ്രതിസന്ധിയിലാക്കി. തെക്കുകിഴക്കൻഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രത്യേകിച്ച്, മലേഷ്യ, തായ്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവിസുകളാണ് റദ്ദാക്കിയത്. അതിനാൽ തന്നെ ചൈന വഴി യാത്രചെയ്യുന്ന മറ്റ് രാജ്യങ്ങളിലെ യാത്രക്കാരെയും പ്രതിസന്ധി കൂടുതലായി ബാധിച്ചു.
തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നു മുതൽ അഞ്ചുദിവസത്തേക്ക് ചൈനയിൽ അവധിയാണ്. അവധിക്കാലത്ത് കൂടുതൽ പേരും ഇത്തവണ റോഡ് യാത്രകൾക്കും ആഭ്യന്തര യാത്രകൾക്കുമാണ് പരിഗണന നൽകുന്നതെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക മാന്ദ്യവും വേതന വളർച്ച മന്ദഗതിയിലായതുമാണ് ചൈനയിലെ പ്രതിസന്ധിക്ക് കാരണം.
‘ഇറാൻ യുദ്ധത്തിന്റെ ആഘാതം ചൈനയിലും അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. ജെറ്റ് ഇന്ധനത്തിന്റെ ക്ഷാമവും വിലവർധനയും കടുത്ത ആഘാതം സൃഷ്ടിക്കുന്നു. ഇത് കുറഞ്ഞ നിരക്കിൽ സർവിസ് നടത്തിയിരുന്ന വിമാനക്കമ്പനികളെ ബാധിച്ചു. ചൈനക്കും തെക്കുകിഴക്കൻ ഏഷ്യക്കും ഇടയിലുള്ള പ്രധാന വിമാനസർവിസുകൾ റദ്ദാക്കുന്നതിന് കാരണമായി’ -ഡ്രാഗൺ ട്രെയിൽ റിസർച്ചിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വിമാന യാത്രകൾക്ക് പകരം ആഭ്യന്തര യാത്രകൾക്കായി ട്രെയിനാണ് യാത്രക്കാർ കൂടുതലായി തെരഞ്ഞെടുക്കുന്നതെന്നും അവർ പറയുന്നു.









