
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ), സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി. വിജയ് രണ്ട് സീറ്റുകളിൽ വിജയിച്ചതോടെ പാർട്ടിക്ക് നിലവിൽ 107 എംഎൽഎമാരുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ഗവർണർ ആർ.വി. അർലേക്കറോട് ടിവികെ ആവശ്യപ്പെട്ടെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഈ അവകാശവാദം നിഷേധിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ 10 സീറ്റുകൾ കൂടി വേണ്ട ടിവികെയ്ക്ക് ഇതിനകം തന്നെ അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി സീറ്റുകൾക്കായി ഇടതുപക്ഷവുമായും മറ്റ് ചെറുകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
അതേസമയം, ദ്രാവിഡ പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് ടിവികെ നേതൃത്വം മുന്നറിയിപ്പ് നൽകി. ഡിഎംകെ, എഐഎഡിഎംകെ ക്യാമ്പുകളിൽ അണിയറനീക്കങ്ങൾ നടക്കുന്നു എന്ന വിവരത്തിന് പിന്നാലെയാണ് വിജയ്‌യുടെ പാർട്ടിയുടെ ഈ കടുത്ത തീരുമാനം. ദ്രാവിഡ പാർട്ടികൾ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ നിയമസഭയിൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് ടിവികെയുടെ നീക്കം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തമിഴ്‌നാട് ഭരണം ആര് കയ്യാളുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
The post തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും appeared first on Express Kerala.









