ഇന്നലെ രാത്രി ആയിരുന്നു ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് (Moving Cars Catch Fire Reason) ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു എന്ന നാടിനെ നടുക്കിയ സംഭവം കോഴിക്കോട് നടന്നത്. സോന എന്ന ഗർഭിണിയായ യുവതിയാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. കാറിന്റെ പിൻസീറ്റിൽ ആയിരുന്നു സോന. വണ്ടി ഓടിച്ചിരുന്ന ഭർത്താവ് റിജിൻ ലാലിന്റെ ദേഹത്തേക്ക് തീ പടർന്നതോടെ അദ്ദേഹം പുറത്തേക്ക് ഇറങ്ങി പിൻസീറ്റിൽ നിന്നും സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായിരുന്നതിനാൽ അതിന് സാധിച്ചില്ല.
കേരളത്തിൽ ഇത്തരം വാർത്തകൾ ആദ്യമായല്ല പുറത്തുവരുന്നത്. 2023 ലും ഒരു ഗർഭിണിയായ യുവതി ഓടുന്ന കാർ കത്തി വെന്തുമരിച്ചിരുന്നു. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കണ്ണൂർ സ്വദേശിയായ റീഷയും ഭർത്താവ് പ്രജിത്തും കാറിന് തീ പിടിച്ച് മരണപ്പെട്ടത്. ഇതിനു ശേഷവും മുൻപും ഇത്തരം സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഓടുന്ന വാഹനത്തിൽ തീ പിടിക്കുന്നത് (Why Do Moving Cars Catch Fire)? ഈ തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഇത്തരത്തിൽ തീ പിടിക്കുന്ന സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? എന്തൊക്കെ ചെയ്യാൻ പാടില്ല? ഈ ചോദ്യങ്ങളുടെ ഉത്തരം പരിശോധിക്കാം.
വാഹനങ്ങൾക്ക് തീപിടിക്കാനുള്ള പ്രധാന കാരണങ്ങൾ
നിരത്തുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ചെറിയ അശ്രദ്ധ പോലും ചിലപ്പോൾ ജീവൻപോലും കവർന്നേക്കാം. അതുകൊണ്ട് തന്നെ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള പ്രധാന കാരണങ്ങളും അത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്നും ഓരോ വാഹനയാത്രികനും അറിഞ്ഞിരിക്കണം.
ഷോർട്ട് സർക്യൂട്ട്
വാഹനങ്ങളിൽ തീപിടിക്കാനുള്ള പ്രധാന കാരണം വൈദ്യുത സംവിധാനത്തിലെ തകരാറുകളാണ്. ഫ്യൂസ് വീണ്ടും വീണ്ടും കത്തുന്നത്, വയറുകൾ ചൂടാകുന്നത്, കത്തുന്ന മണം എന്നിവ അപകടസൂചനകളാണ്. ഇവ അവഗണിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കാം.
കൃത്രിമ വയറിംഗ്, മോഡിഫിക്കേഷൻ
അധിക ലൈറ്റുകൾ, മ്യൂസിക് സിസ്റ്റങ്ങൾ, ഹോണുകൾ തുടങ്ങിയ ആക്‌സസറികൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ വയറിംഗ് തകരാറുകൾ ഉണ്ടാകാം. താഴ്ന്ന നിലവാരത്തിലുള്ള വയറുകളും കണക്ഷനുകളും തീപിടിത്ത സാധ്യത വർധിപ്പിക്കും.
ഇന്ധന ചോർച്ച
ഫ്യൂവൽ ലൈനിൽ ചെറിയ ചോർച്ച പോലും വലിയ അപകടത്തിന് കാരണമാകും. പ്രത്യേകിച്ച് പഴയ വാഹനങ്ങളിൽ, എലികൾ വയർ കടിക്കുന്നത് പോലുള്ള പ്രശ്നങ്ങളും തീപിടിത്തത്തിന് വഴിവയ്ക്കാം.
ഫ്ലൂയിഡ് ലീക്ക്
ബ്രേക്ക് ഓയിൽ, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, എഞ്ചിൻ ഓയിൽ എന്നിവ ചോരുന്നത് എഞ്ചിൻ ഭാഗം അമിതമായി ചൂടാകാൻ കാരണമാകും. തീ പടർന്നാൽ ഇത് വേഗത്തിൽ അപകടകരമാകും.
ബോണറ്റിനടിയിൽ മറന്നുവെക്കുന്ന സാധനങ്ങൾ
എഞ്ചിൻ ബേ വൃത്തിയാക്കിയ ശേഷം തുണി, ക്ലീനർ, പ്ലാസ്റ്റിക് സാധനങ്ങൾ തുടങ്ങിയവ അവിടെ തന്നെ മറന്നുവെക്കുന്നത് അപകടകരമാണ്. എഞ്ചിൻ ചൂടാകുമ്പോൾ ഇവയ്ക്ക് തീപിടിക്കാം.
സിഎൻജി / എൽപിജി കിറ്റുകൾ
സർവീസ് ചെയ്യാത്ത ഗ്യാസ് കിറ്റുകൾ, ചോർച്ചയുള്ള ടാങ്കുകൾ, പഴകിയ ട്യൂബുകൾ എന്നിവ വലിയ അപകടങ്ങൾക്ക് കാരണമാകാം. ഗ്യാസ് വാഹനങ്ങൾക്ക് സ്ഥിരമായ പരിശോധന നിർബന്ധമാണ്.
ആഫ്റ്റർമാർക്കറ്റ് എക്സ്ഹോസ്റ്റ്
“ഫയർ എക്സ്ഹോസ്റ്റ്” പോലുള്ള മോഡിഫിക്കേഷനുകൾ അപകടകരമാണ്. ഗുണനിലവാരമില്ലാത്ത എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ തീപിടിത്ത സാധ്യത കൂട്ടും.
വാഹനം തീപിടിക്കുമ്പോൾ ചെയ്യേണ്ടത്
* വാഹനം ഉടൻ സുരക്ഷിത സ്ഥലത്ത് നിർത്തുക
* എഞ്ചിൻ ഓഫ് ചെയ്യുക
* എല്ലാ യാത്രക്കാരെയും ഉടൻ പുറത്തിറക്കുക
* ഫയർഫോഴ്‌സിനെ വിവരം അറിയിക്കുക
* സുരക്ഷിത അകലം പാലിക്കുക
ഡോർ തുറക്കാനാകാത്ത സാഹചര്യം വന്നാൽ
കാറിന്റെ ഹെഡ്‌റെസ്റ്റ് ഊരി അതിന്റെ ഇരുമ്പ് ഭാഗം ഉപയോഗിച്ച് വിൻഡോ ഗ്ലാസ് തകർക്കാം. പ്രത്യേകിച്ച് സൈഡ് ഗ്ലാസുകൾ ഇങ്ങനെ എളുപ്പത്തിൽ തകർക്കാനാകും.
ബോണറ്റ് തുറക്കരുത്
എഞ്ചിൻ ഭാഗത്താണ് തീപിടുത്തമെങ്കിൽ ബോണറ്റ് തുറക്കുന്നത് അപകടം വർധിപ്പിക്കും. ഓക്സിജൻ ലഭിച്ചതോടെ തീ ആളിപ്പടരാൻ സാധ്യതയുണ്ട്.
തീ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ
* ഫയർ എക്സ്റ്റിങ്വിഷർ ഉപയോഗിക്കാം
* വെള്ളമോ മണലോ ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ശ്രമിക്കാം
* എന്നാൽ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ സമീപിക്കരുത്
മുൻകരുതലുകൾ
* വാഹന സർവീസ് സമയബന്ധിതമായി നടത്തുക
* ഫ്യൂസ് കത്തുന്നത് അവഗണിക്കരുത്
* അനധികൃത മോഡിഫിക്കേഷനുകൾ ഒഴിവാക്കുക
* ഇന്ധനമണം അനുഭവപ്പെട്ടാൽ ഉടൻ പരിശോധിക്കുക
* വാഹനത്തിൽ ചെറിയ ഫയർ എക്സ്റ്റിങ്വിഷർ കരുതുക
* പഴയ വാഹനങ്ങളുടെ വയറിംഗ് പരിശോധിക്കുക
ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തമായി മാറാം. അതിനാൽ വാഹനസുരക്ഷയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്.






