നവീന ശിലായുഗത്തിലേതെന്ന് ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളാണ് ഇവിടത്തെ രണ്ട് ഗുഹയിലുള്ളത്. പാറകൾക്കിടയിൽ സ്വാഭാവികമായി രൂപപ്പെട്ട ഒരു വിടവാണ് ഈ ഗുഹ
കോഴിക്കോടിന്റെ നഗരത്തിരക്കുകളിൽനിന്ന് വയനാടിന്റെ തണുപ്പിലേക്ക് ചുരം കയറുമ്പോൾ വല്ലാത്തൊരു കുളിരുണ്ട്. അത് കേവലം കാലാവസ്ഥയുടേതല്ല, മറിച്ച് ചരിത്രത്താളിൽ എന്നോ ഇടംപിടിച്ച ഗംഭീര വിസ്മയം കാണുന്നതിനുള്ള ആവേശം കൂടിയാണ്. ശിലായുഗ മനുഷ്യൻ തന്റെ സ്വപ്നങ്ങളും അടയാളങ്ങളും കൊത്തിവെച്ച, മനുഷ്യ നിർമിതമല്ലാത്ത, പ്രകൃതിതന്നെ ഒരുക്കിയ എടക്കൽ ഗുഹ ലക്ഷ്യമാക്കിയ യാത്രയാണ് കൊടും വേനലിൽ സഫലമായത്. സ്‌കൂളിലെ ചരിത്ര പാഠപുസ്‌തകങ്ങളിൽ നിന്ന് പണ്ടുമുതലേ കേട്ടയിടത്തേക്കുള്ള ‘റിയൽ’ യാത്രക്ക് അതുകൊണ്ടുതന്നെ ഒരു ത്രില്ലുണ്ടായിരുന്നു.
ചുരം കടന്ന്…
കോഴിക്കോടുനിന്ന് യാത്ര തുടങ്ങുമ്പോൾ ആദ്യം നമ്മെ സ്വീകരിക്കുന്നത് താമരശ്ശേരി ചുരമാണ്. ഒമ്പത് ഹെയർപിൻ വളവുകൾ കടന്നുള്ള ഈ യാത്ര എന്നും ഒരു ലഹരിയാണ്. ചുരം കയറുമ്പോൾ താഴെ കാണുന്ന കാഴ്ചകൾ ഏതൊരു യാത്രികനെയും മോഹിപ്പിക്കും. ലക്കിടിയിലെ ചങ്ങലമരം കാണുമ്പോൾ പഴയൊരു ഐതിഹ്യത്തിന്റെ കഥ നാം ഓർത്തെടുക്കും. അവിടുന്ന് വൈത്തിരിയും ചുരത്തിന് മുകളിലെ മൂടൽമഞ്ഞും ആസ്വദിച്ച് മുന്നോട്ട് കൽപറ്റ കഴിഞ്ഞാൽ മീനങ്ങാടി വഴി അമ്പലവയലായി.
മലമുകളിലെ അത്ഭുതം
അമ്പലവയലിൽനിന്ന് അധികം ദൂരമില്ല അമ്പുകുത്തി മലയിലേക്ക്. എടക്കൽ എന്നാൽ ‘ഇടയിൽ കല്ല്’ എന്നാണ് അർഥം. 1895ലാണ് ഗുഹ കണ്ടെത്തുന്നത്. നവീന ശിലായുഗത്തിലേതെന്ന് ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളാണ് ഇവിടത്തെ രണ്ട് ഗുഹയിലുള്ളത്. പാറകൾക്കിടയിൽ സ്വാഭാവികമായി രൂപപ്പെട്ട ഒരു വിടവാണ് ഈ ഗുഹ. താഴെനിന്ന് പാർക്കിങ് ഫീസ് (50 രൂപ) അടച്ച് അനുവദിച്ച സ്ലോട്ടിൽ വാഹനം പാർക്ക് ചെയ്യുക. മുകളിലേക്ക് കയറുന്ന പാത അൽപം കുത്തനെയുള്ളതാണ്.
സത്യത്തിലിത് ഗുഹയല്ല!
ഗുഹയെന്ന് പറയുമെങ്കിലും ഇതൊരു ഗുഹയല്ല സത്യത്തിൽ. മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് വലിയൊരു പാറ വന്നുവീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുകയാണ്.
കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഏകദേശം ഒരു കിലോമീറ്റർ കാൽനടയായി മല കയറിയാലേ മുഴുവൻ കാഴ്ചയും ആസ്വദിക്കാനാകൂ. 12 ഡി തിയറ്റർ ഷോയും സംഭാരവും കുടിവെള്ളവും തേയിലപ്പൊടിയും മുതൽ കൗതുക വസ്തുക്കൾ ഉൾപ്പെടെ വാങ്ങാവുന്ന നിരവധി താൽക്കാലിക കടകൾ ഇരുവശങ്ങളിലും കാണാം.
പടിക്കെട്ടുകൾ കയറി ഗുഹയുടെ പ്രവേശന കവാടത്തിലെത്തുമ്പോൾതന്നെ നാം പഴയ കാലഘട്ടത്തിലേക്ക് ചുവടുവെച്ചതുപോലെ തോന്നും. ഗുഹക്കുള്ളിലെ ഇരുട്ടും വെളിച്ചവും ഇടകലർന്ന അന്തരീക്ഷം നിഗൂഢമാണ്. മുകളിൽനിന്ന് ഒരു ഭീമൻ പാറക്കല്ല് രണ്ട് കൂറ്റൻ പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതുകാണാം. ഈ സ്ഥലത്തിന് എടക്കൽ എന്ന പേരുവന്നത് അങ്ങനെയാണ്.

കല്ലിൽ കൊത്തിയിട്ട നിഗൂഢ ചിത്രകഥകൾ
ഗുഹയുടെ ചുമരുകളിലേക്ക് കണ്ണോടിച്ചാൽ അത്ഭുതപ്പെട്ടുപോകും. ബി.സി 6000 വർഷങ്ങൾക്ക് മുമ്പുള്ള ശിലായുഗ മനുഷ്യർ വരച്ച മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, ചിഹ്നങ്ങൾ, ചക്രങ്ങൾ എന്നിങ്ങനെ നീളുന്ന ആ കൊത്തുപണികൾ കാണുമ്പോൾ ചരിത്രം ജീവൻ വെക്കുന്നതായി തോന്നും. ആധുനിക ഉപകരണങ്ങളില്ലാത്ത കാലത്ത് എങ്ങനെയാണ് അവർ ഈ കഠിന ശിലകളിൽ ഇത്രയും വ്യക്തമായി കാര്യങ്ങൾ രേഖപ്പെടുത്തിയത് എന്നത് വിസ്മയകരമാണ്.

ഗുഹക്കുള്ളിൽ തങ്ങിനിൽക്കുന്ന തണുത്ത കാറ്റും പാറക്കെട്ടുകളിലെ ഈർപ്പവും നമ്മെ ആയിരക്കണക്കിന് വർഷം പിന്നിലേക്ക് കൊണ്ടുപോകും. മുകളിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം ആ ശിലാലിഖിതങ്ങളിൽ തട്ടുമ്പോൾ ഉണ്ടാകുന്ന ഒരു തിളക്കമുണ്ട്. അത് ഈ യാത്രയിലെ ഏറ്റവും മനോഹര കാഴ്ചയാണ്. എത്ര മഴ പെയ്താലും വെള്ളം കെട്ടിക്കിടക്കാതെ താഴേക്ക് അരിച്ചുപോകുംവിധമാണ് പാറയുടെ ഘടനയെന്ന് ഗൈഡ് പറഞ്ഞതുകേട്ടപ്പോൾ കണ്ണ് മിഴിച്ചുപോയി. ‘അനേകം പുലികളെ കൊന്നൊരു ഗോത്ര രാജാവ് അക്കാലത്തീ മലമേഖലയിൽ ജീവിച്ചിരുന്നു’-പാറയിൽ കൊത്തിവെച്ച പ്രാചീന ഭാഷകളിലൊന്നിന്റെ അർഥം ഏതാണ്ടിങ്ങനെ വായിച്ചെടുക്കാം. ചിലയിടങ്ങളിൽ പാറക്കൂട്ടത്തിനിടയിലൂടെ പിടിച്ചുകയറണം, ചിലയിടങ്ങളിൽ കുത്തനെയുള്ള സ്റ്റെപ്പുകൾ കയറിയും വേണം ഗുഹയിലെ കാഴ്ചകൾ കാണാൻ. ഏതാണ്ട് 300 ഓളം സ്റ്റെപ്പുകൾ കാണും. ചരിത്രത്തിന്റെ ഏടുകൾ താലോലിച്ച് പടികൾ ഇറങ്ങുമ്പോൾ കാലുകൾ കൂട്ടിയിടിച്ച് നേരിയ കിതപ്പും ക്ഷീണവും തോന്നിയതുപോലും ആസ്വദിക്കാൻ കഴിയുംവിധമാണ് ഇവിടത്തെ യാത്ര. മറക്കണ്ട, എടക്കൽ ഒരു ഗുഹയല്ല എന്ന സത്യം. പ്രകൃതി ഒരുക്കിയ മ്യൂസിയമാണത്.
മിസ്സാക്കരുത്, ഈ ഇടങ്ങളും
വയനാടിനെക്കുറിച്ച് വ്യക്തമായ ധാരണയോടെയല്ല പലരും വയനാട് കാണാൻ വരുന്നത്. ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടുകഴിഞ്ഞാൽ പിന്നെ ആകെ തപ്പലാണ് എങ്ങോട്ടുപോകുമെന്ന്. ഗൂഗ്ൾ സേർച്ചും ചായക്കടയിലും ഓട്ടോച്ചേട്ടനോടും വഴി ചോദിച്ച്, എങ്ങനെയൊക്കെയോ വിയർത്ത് കുളിച്ചും കിതപ്പ് മാറാതെയും തിരുനെല്ലിയും ബാണാസുരസാഗർ ഡാമും ചെമ്പ്ര മലയും കുറുവദ്വീപും കണ്ടെത്തിയാലും ഇതൊക്കെ വെവ്വേറെ ദിശയിലായതിനാൽ ഏതെങ്കിലുമൊന്നുകണ്ട് തിരിച്ചുപോരുകയാണ് മിക്കവരും ചെയ്യുന്നത്. അല്ലെങ്കിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂരുവിലേക്ക്. ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ. വയനാട്ടിലേക്ക് എത്താൻ വേറെയും വഴിയുണ്ടെങ്കിലും താമരശ്ശേരി ചുരം വഴി പോയാലേ ഒരു ഗുമ്മുള്ളൂ.

കോഴിക്കോട് ജില്ലയിലെ അടിവാരത്തുനിന്ന് തുടങ്ങുന്ന ചുരം വയനാട്ടിലെ ലക്കിടിയിൽ അവസാനിക്കുമ്പോഴേക്കും ഏകദേശം 12 കി.മീ പൂർത്തിയാകും. അതിനിടക്ക് ഒമ്പത് കൊടും വളവുകളുണ്ട്. ഒമ്പതാമത്തെ വളവ് കഴിഞ്ഞാണ് ലക്കിടി വ്യൂ പോയന്റ്. അവിടെനിന്ന് നോക്കിയാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ 56 കി. മീറ്റർ അപ്പുറത്തുള്ള കോഴിക്കോട് ബീച്ച് വരെ കാണാം. ലക്കിടി കഴിഞ്ഞ് ഒരു കി. മീറ്റർ ആകുമ്പോൾ ചങ്ങലമരം എത്തും. ലക്കിടി വ്യൂ പോയന്റിൽ നിന്ന് 4.2 കി. മീറ്റർ മുന്നോട്ടുപോയാൽ പൂക്കോട് തടാകത്തിലെത്താം. പെഡൽ ബോട്ട് സഫാരിയുള്ള തടാകത്തിന്റെ വിസ്തീർണം 13 ഏക്കറാണ്. പൂക്കോട് തടാകത്തിൽനിന്ന് 2.3 കി.മീ ദൂരത്താണ് വൈത്തിരി. ആറാട്ടുപാറയിൽനിന്ന് ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ ഫാന്റം റോക്കിലേക്ക്. അമ്പലവയലിൽ നിന്ന് 2.7ഉം. തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇതിനെ വിളിക്കാറുണ്ട്. എടക്കല് ഗുഹയിലേക്ക് ഇവിടെ നിന്ന് ആറ് കി. മീറ്റർ മാത്രമേയുള്ളൂ. എടക്കൽ ഗുഹ കണ്ടിറങ്ങിയാൽ അടുത്തുതന്നെയുള്ള വയനാട് ഹെറിറ്റേജ് മ്യൂസിയം (അമ്പലവയൽ) കൂടി സന്ദർശിക്കാവുന്നതാണ്. വയനാടിന്റെ ഗോത്രസംസ്കാരവും ചരിത്രവും അവിടെ കാണാം.
കാണാത്ത കാഴ്ചകളും അറിയാത്ത കഥകളും തേടിയുള്ള ഈ യാത്ര അവസാനിക്കാറായപ്പോൾ കുളിര് മാറി വേനൽച്ചൂട് അരിച്ചിറങ്ങാൻ തുടങ്ങിയതോടെ നിരാശയായി. തലക്കുമുകളിൽ ആകാശം മറച്ച്, ശ്വാസം മുട്ടിക്കുന്ന നിശ്ശബ്ദതയിൽ ഇപ്പോൾ താഴേക്ക് പതിക്കുമെന്ന് തോന്നിപ്പിക്കുംവിധം അള്ളിപ്പിടിച്ചു നിൽക്കുന്ന ഭീമൻ പാറക്കൂട്ടങ്ങൾ; ചിലയിടങ്ങളിൽ സൂര്യൻ പമ്മി നോക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. പ്രകൃതിയൊരുക്കിയ ആ ‘കരിങ്കൽക്കെണി’ക്ക് താഴെ നിൽക്കുമ്പോൾ മനുഷ്യൻ വെറും നിസ്സാരനാണെന്ന തിരിച്ചറിവ് നമ്മെ വിറകൊള്ളിക്കും.
- റൂട്ട്: കോഴിക്കോട് – താമരശ്ശേരി -വൈത്തിരി – കൽപറ്റ – മീനങ്ങാടി -അമ്പലവയൽ – എടക്കൽ.
- ദൂരം: ഏകദേശം 95 കി.മീറ്റർ. ജില്ല ആസ്ഥാനമായ കൽപറ്റയില്നിന്ന് 25 കിലോമീറ്റര് അകലമുണ്ട്.
- സമയം: രാവിലെ 9.00 മുതൽ വൈകീട്ട് 4.00 വരെ (തിങ്കളാഴ്ചകളിലും പ്രധാന പൊതു അവധികളിലും പ്രവേശനമുണ്ടായിരിക്കില്ല). പ്ലാസ്റ്റിക്കുപ്പികൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
- എൻട്രി ഫീ -നിലവിലെ നിരക്ക് : 50 രൂപ, 12 വയസ്സ് വരെയുള്ള കുട്ടികൾക്ക്: 30 രൂപ.







