
മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. കേസിൽ ഉൾപ്പെട്ട ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇതിൽ മുംബൈയിൽ നിന്നും കസ്റ്റഡിയിലെടുത്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. പ്രതികൾക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മോഡലിങ് രംഗത്ത് മികച്ച അവസരങ്ങളും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്താണ് സംഘം യുവതികളെ ദുബായിലേക്ക് ആകർഷിക്കുന്നത്. അവിടെയെത്തിക്കുന്ന ഇരകളെ പിന്നീട് രഹസ്യ കേന്ദ്രങ്ങളിൽ തടങ്കലിലാക്കുകയാണ് ഇവരുടെ രീതി. തുടർന്ന് ബലമായി മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വിവിധ സംഘങ്ങൾക്ക് കാഴ്ചവെക്കുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പീഡനത്തിനിരയായ യുവതികൾ നൽകിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വൻ മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇപ്പോൾ അറസ്റ്റിലായ യുവതികൾക്ക് പുറമെ, പെൺകുട്ടികളെ വലയിലാക്കാനും ദുബായിൽ താമസിപ്പിക്കാനും സഹായിച്ച വലിയൊരു സംഘം തന്നെ ഇതിന് പിന്നിലുണ്ട്.
The post മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്ത്! ഒരു യുവതി കൂടി പിടിയിൽ; അറസ്റ്റിലായവർ മൂന്നായി appeared first on Express Kerala.









