മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ വർഷം തോറും നടത്തിവരുന്ന ചിത്ര രചനാമത്സരം ഈ വർഷവും വിജയകരമായി നടത്തപ്പെട്ടു.
നവംബർ 29നു വെള്ളിയാഴ്ച സംഘടിപ്പിച്ച മെഗാ ഇവന്റിന് ദിൽമുനിയ നദീൻ സ്കൂൾ വേദിയായി.
ചിത്രരചനാ മത്സരം സീസൺ 6നു അകമ്പടിയായി ക്വിസ് മത്സരം കൂടി സംഘടിപ്പിച്ചത് പ്രോഗ്രാമിന് മാറ്റു കൂട്ടി.
ബഹ്‌റിനിലെ വിവിധ സ്കൂളുകളിൽ നിന്നായി സ്വദേശികളും വിദേശികളും ആയ അനേകം കുട്ടികൾ പങ്കെടുത്തു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ ആയാണ് ചിത്രരചനാ മത്സരം നടത്തിയത്.
സബ്ജൂനിയർ- ചിത്രത്തിന് നിറം കൊടുക്കൽ, ജൂനിയർ- ഫെസ്റ്റിവൽ, സീനിയർ -വാർ &പീസ്
എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം.
നിറക്കൂട്ടുകളാൽ മാസ്മരിക ലോകം തീർക്കുന്നതായിരിന്നു മത്സരാർഥികളുടെ ഓരോ സൃഷ്ടിയും.
വൈവിധ്യമാർന്ന സൃഷ്ടികൾ കൊണ്ട് മത്സരം വളരെ മികച്ചതും അതുകൊണ്ടുതന്നെ വിധി നിർണയം ദുഷ്കരവും ആയിരുന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
ശ്രീമതി: സോണിയ ശ്രീകുമാർ, ശ്രീമതി: അപർണ സിംഗ്, ശ്രീ: നിജു ജോയ് എന്നിവരായിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിധികർത്താക്കൾ.
ബഹറിനിലെ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു തന്നെയായിരുന്നു ക്വിസ് മത്സരവും നടത്തിയത്.
രണ്ടു പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്.
പ്രിലിമിനറി റൗണ്ടിൽ നിന്നും 4 ടീമുകൾ ആണ് ഫൈനലിൽ എത്തിയത്.
ക്വിസ് മാസ്റ്റർ വിനോദ് എസ് എ യാണ് മത്സരം നിയന്ത്രിച്ചത്.
മത്സരം രസകരവും വിജ്ഞാനപ്രദവും ആയിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
മത്സരത്തിൽ ടീം സാറോ, ടീം ക്വിസ്, ടീം അണ്ടര്ടോഗ്സ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
അൽ ജസീറ ഗ്രൂപ്പ് – സൺലോലി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീ: അരുൺ കുമാർ മുഖ്യാതിഥിതിയായി എത്തിയ ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ ഷാഹുൽ കാലടി സ്വാഗതം പറയുകയും പ്രസിഡന്റ് ശ്രീ ഫൈസൽ ആനൊടിയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.
പ്രസ്തുത ചടങ്ങിൽ ചിത്ര രചന മൽസരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
സബ്ജൂനിയർ വിഭാഗത്തിൽ ദ്രുവിക സദാശിവ്, ആദിഷ് അരുണിമ രാകേഷ് എന്നിവരും, ജൂനിയർ വിഭാഗത്തിൽ എലിന പ്രസന്ന, ശ്രീഹരി സന്തോഷ്, അമേയ സുനീഷ് എന്നിവരും,സീനിയർ വിഭാഗത്തിൽ ദേവ്ന പ്രവീൺ, മധുമിത നടരാജൻ, അനന്യ ശരീബ്കുമാർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മത്സരങ്ങൾ എല്ലാം മികച്ച നിലവാരം പുലർത്തി എന്നും കുട്ടികളുടെ കലാപരവും വൈജ്ഞാനികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം മത്സരങ്ങൾ സഹായകരമാകും എന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
മത്സരങ്ങൾക്ക് ശേഷം ഇടപ്പാളയം ലേഡീസ് വിങ് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അരുൺ സി ടി നന്ദി പറഞ്ഞു.