മനാമ: പതിനൊന്നു വർഷങ്ങൾക്കുശേഷം പുതിയ കെട്ടിലും മട്ടിലും തിരികെയെത്തുന്ന “കേരളോത്സവം 2025″ മത്സരങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി 19 ന് തുടക്കമാകും. ഒന്നര മാസത്തോളം നീളുന്ന കലാമാമാങ്കത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും ആസ്വദിക്കാവുന്ന രീതിയിൽ നിരവധി പരിപാടികളാണ് സമാജം അങ്കണത്തിൽ അരങ്ങേറുക.
ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2000 ൽ രൂപീകരിക്കപ്പെട്ട പരിപാടിയാണ് കേരളോത്സവം. സമാജം അംഗങ്ങൾക്കും 18 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാവുന്ന കേരളോത്സവത്തിന്റെ ഭാഗമായി നിരവധി വ്യക്തിഗത-ഗ്രൂപ്പ് ഇന മത്സരങ്ങളാണ് നടക്കുക. 1500ൽ പരം അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഹിന്ദോളം, അമൃതവർഷിണി, മേഘമൽഹാർ,നീലാംബരി, ഹംസധ്വനി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന പരിപാടിക്ക് ഇതിനോടകം തന്നെ വൻ ആവേശവും പ്രതികരണവുമാണ് ലഭിച്ചുവരുന്നത്. കുട്ടികളുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാൻ ബി. കെ. എസ്സ്. ദേവ്ജി ജി. സി. സി. കലോത്സവം പോലെ അനവധി പരിപാടികൾ മലയാളി പ്രവാസി സമൂഹങ്ങൾക്കിടയിൽ ഉണ്ടെങ്കിലും മുതിർന്നവരുടെ കലാവാസനകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി സമാജം അണിയിച്ചൊരുക്കുന്ന കേരളോത്സവം പോലെ വിപുലമായ പരിപാടികൾ വേറെ ഉണ്ടാകാൻ സാധ്യത വിരളമാണ്.
ഈ മാസം 19 ഓടെ ആരംഭിക്കുന്ന പരിപാടികൾ ഫെബ്രുവരി മാസം അവസാനം വരെ നീണ്ടുനിൽക്കും. ആദ്യ ഘട്ടത്തിൽ സ്റ്റേജിതര മത്സരങ്ങളും തുടർന്ന് വ്യക്തിഗത മത്സരങ്ങളും ഒടുവിൽ ഗ്രൂപ്പ് മത്സരങ്ങളും എന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒരുക്കങ്ങളും പരിശീലനങ്ങളുമായി വൈകുന്നേരങ്ങളിൽ സമാജം അങ്കണം സജീവമായി കഴിഞ്ഞു.
നൃത്ത-സംഗീത-കലാ-സാഹിത്യ മത്സര ഇനങ്ങൾക്ക് പുറമെ അംഗങ്ങളുടെ മറ്റു കഴിവുകളും പ്രകടിപ്പിക്കാനുള്ള ഒരു വേദിയായാണ് കേരളോത്സവം 2025 ചിട്ടപ്പെടുത്തിയിരിക്കുന്നത്. അംഗങ്ങളുടെ അഞ്ചു ഗ്രൂപ്പുകളും വ്യത്യസ്തമായി സമാജം അങ്കണത്തിൽ ‘ഡ്രീംസ്ക്കേപ്സ് – ഭാവനാത്മക ലോകത്തിലേക്കു ഒരു യാത്ര‘ എന്ന പ്രമേയത്തെ ആസ്പദമായി മത്സരിച്ചൊരുക്കുന്ന ആർട്ട് ഇൻസ്റ്റലേഷൻ ജനുവരി 30ന് പൂർത്തിയാകും. ജനുവരി 31 നു ഉച്ചകഴിഞ്ഞു 3മണിക്ക് നടക്കുന്ന മാസ്സ് പെയിന്റിംഗ് മത്സരത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളുടേതായി അഞ്ചു മീറ്റർ ക്യാൻവാസ്സിലുള്ള അഞ്ചു ചിത്രകലാ സൃഷ്ടികൾ വിരിയും. ഇവ ഫെബ്രുവരി അവസാനം വരെ സമാജം അങ്കണത്തിൽ പൊതുദർശനത്തിനായി പ്രദർശിപ്പിക്കുന്നതാണ്.
‘എൺപതുകളുടെ ഓളവും എൺപതോളം രുചികളും‘ എന്ന ടാഗ് ലൈനിൽ എത്തുന്ന കേരളോത്സവത്തിലെ ഏറ്റവും നിറമാർന്നതാകുമെന്നു പ്രതീക്ഷിക്കുന്ന പരിപാടിയാണ് “എൺപതോളം…” എന്ന മെഗാ രുചിമേള. ഫെബ്രുവരി 21, വെള്ളിയാഴ്ച്ച നടക്കുന്ന ഈ പരിപാടിയുടെ മുഖ്യ ആകർഷണം 80 കൾ എന്ന തീം തന്നെയാണ്. ഗൃഹാതുരത്വമുണർത്തുന്ന പഴയകാല വസ്ത്രരീതിയും സ്റ്റാളുകളും പാട്ടുകളും ഫ്ലാഷ് മോബും അങ്ങനെ എല്ലാം എൺപതുകളുടെ കെട്ടിലും മട്ടിലുമാകുമ്പോൾ അവ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനു ഒരു പുതുമയാകുമെന്ന് തീർച്ചയാണ്. മികച്ച വസ്ത്രം, മികച്ച അലങ്കാരം, മികച്ച ഫ്ലാഷ് മോബ് എന്നിങ്ങനെ 80 കളെ ആസ്പദമാക്കി നടക്കുന്ന മത്സരങ്ങളും മികച്ചതും വ്യത്യസ്തവുമായ ഭക്ഷണ പദാർത്ഥങ്ങൾ വിളമ്പുന്ന മത്സരവും ഈ പരിപാടിയെ എന്നും ഓർമ്മിപ്പിക്കുന്നതാക്കും എന്നാണു പ്രതീക്ഷിക്കുന്നത്. 80കളിലെ വേഷ വിധാനത്തിൽ പങ്കെടുക്കാൻ കാണികളെയും പ്രേരിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കായും കൈനിറയെ സമ്മാനങ്ങളാണ് സംഘാടകർ കരുതിയിരിക്കുന്നത്.
ശ്രീ. ആഷ്‌ലി കുര്യൻ ജനറൽ കൺവീനറായും, ശ്രീ. വിപിൻ മോഹൻ, ശ്രീമതി. ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ ജോയിന്റ് കൺവീനർമാരായും, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ. വിനയചന്ദ്രൻ നായർ എക്സ് ഒഫീഷ്യോയായും ഉള്ള സംഘാടക സമിതിയിൽ അൻപതോളം അംഗങ്ങളാണുള്ളത്. പരിപാടികൾ വീക്ഷിക്കുവാനും ആസ്വദിക്കുവാനും ബഹ്‌റൈനിലെ മലയാളി സമൂഹത്തെ മുഴുവൻ സ്വാഗതം ചെയ്യുന്നു.
സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിന് നേതൃത്വം നൽകികൊണ്ട് സംസാരിച്ചു