മനാമ: ഇന്ത്യൻ സ്കൂൾ രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനം ത്രിവർണ്ണ പതാക ഉയർത്തൽ ചടങ്ങോടെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനത്തോടെയും ആഘോഷിച്ചു. സ്കൂളിന്റെ ഇസ ടൗൺ കാമ്പസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു.
സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങ് ആരംഭിച്ചത്. സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ,ഭരണസമിതി അംഗം ബോണി ജോസഫ്, (ഫിനാൻസ് & ഐടി), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.
പതാക വന്ദനത്തിനു ശേഷം സ്‌കൂൾ ബാൻഡ് ദേശസ്നേഹ ഗാനം ആലപിച്ചു. നേരത്തെ, സ്കൂൾ ബാൻഡും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലെ അംഗങ്ങളും വിശിഷ്ട വ്യക്തികളെ പതാക ഉയർത്തൽ വേദിയിലേക്ക് നയിച്ചു. രണ്ട് കാമ്പസുകളിലെയും വിദ്യാർത്ഥികൾ ദേശസ്നേഹ ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. ദേശീയഗാനം, സ്കൂൾ പ്രാർത്ഥന, വിശുദ്ധ ഖുർആൻ പാരായണം എന്നിവയോടെയാണ് ജഷന്മാൾ ഓഡിറ്റോറിയത്തിൽ ചടങ്ങ് ആരംഭിച്ചത്.
സിബിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഗൾഫ് സഹോദയ അവാർഡുകൾ സമ്മാനിച്ചു. ആൻ റെജി ജോൺ (ഹ്യുമാനിറ്റീസ്), ഹൈഫ മുഹമ്മദ് ഷിറാസ് (സയൻസ്), ശ്രീപ്രഹ്ലാദ് മുകുന്ദൻ (സയൻസ്), സയ്യിദ് അസീല മാഹീൻ (കൊമേഴ്‌സ്), ആദിത്യൻ വി നായർ എന്നിവർ പുരസ്‌കാര ജേതാക്കളിൽ ഉൾപ്പെടുന്നു. ബഹ്‌റൈൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ ഗെയിംസിൽ പങ്കെടുത്ത ബാഡ്മിന്റൺ കളിക്കാരെയും സ്‌കൂൾ ആദരിച്ചു.
ശ്രീഅനന്തപത്മനാഭൻ സുധീരൻ (9S), അലൻ ഈപ്പൻ തോമസ് (9B), ശ്രീപത്മിനി സുധീരൻ (11N) എന്നീ കായികതാരങ്ങളെ അവരുടെ നേട്ടങ്ങൾക്ക് ആദരിച്ചു. ബഹ്‌റൈൻ പുരുഷ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബാസിൽ അബ്ദുൾ ഹക്കിം (11Q), ബഹ്‌റൈൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൂർവ്വജ ജഗദീഷ ബാബു (12R), ജാൻസി ടി എം (11R) എന്നിവരെയും ആദരിച്ചു. 25 സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് മികവിനുള്ള സർട്ടിഫിക്കറ്റുകളും 15 ബാൻഡ് വിദ്യാർത്ഥികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും ലഭിച്ചു. ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ രൂപകൽപ്പന ചെയ്ത ജോഹാൻ ജോൺസൺ ടൈറ്റസിനെ (11R) ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസും വിദ്യാർത്ഥിനി റിക്ക മേരി റോയിയും (9J) റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ മികവിനുള്ള സർട്ടിഫിക്കറ്റുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.