മനാമ: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.സി പത്താം തരം പൊതു പരീക്ഷക്ക് തുടക്കം. ആദ്യ ദിനം ഇംഗ്ലീഷ് വിഷയത്തോടെ തുടങ്ങിയ പരീക്ഷ എളുപ്പമായതിന്‍റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ. ബഹ്റൈനിൽ 1778 വിദ്യാർഥികളാണ് ഇത്തവണ പത്താം തരം പരീക്ഷയെഴുതുന്നത്. ഇന്ത്യൻ സിലബസ് പാഠ്യഭാഗമായുള്ള എല്ലാ രാജ്യത്തും ഇന്നെലെയായാണ് പരീക്ഷക്ക് തുടക്കം കുറിച്ചത്. ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ രാവിലെ കൃത്യം എട്ടിന് തന്നെ പരീക്ഷ ആരംഭിച്ചിരുന്നു. ഇന്ത്യൻ സമയം 10.30ന് ഇന്ത്യയിലും പരീക്ഷ നടന്നു. രാവിലെ 7.30 ന് മുമ്പ് തന്നെ വിദ്യാർഥികൾ എക്സാം സെന്‍ററുകളിലെത്തി. 7.45ന് ചോദ്യ പേപ്പർ കൈമാറുകയും 15 മിനിറ്റ് നേരത്തെ കൂളോഫ് ടൈമിന് ശേഷം കൃത്യം എട്ടിന് പരീക്ഷ ആരംഭിക്കുകയും ചെയ്തു. 11 വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു ആദ്യദിന പരീക്ഷ. തുടക്കം എളുപ്പമായതിന്‍റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ പരീക്ഷാ സെന്‍ററുകളിൽ നിന്ന് ഇറങ്ങിയത്.
ഇന്ത്യൻ എംബസിയിലെ സെക്കന്‍റ് സെക്രട്ടറിയുടെ പക്കൽനിന്നാണ് പരീക്ഷാ പേപ്പറുകൾ സ്കൂൾ അധികാരികൾ സ്വീകരിച്ചത്. രാവിലെ 5.15ന് തന്നെ പേപ്പറുകൾ ശേഖരിക്കാൻ ഇന്ത്യൻ സ്കൂൾ ബഹ്റൈന്‍റെയടക്കം മറ്റ് സി.ബി.എസ്.ഇ സിലബസുള്ള സ്കൂളുകളിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽമാരും എംബസിയിലെത്തിയിരുന്നു. ബഹ്റൈനിൽ ആകെ സി.ബി.എസ്.സി സിലബസുള്ള ഏഴ് സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. അതിൽ അഞ്ചെണ്ണത്തിലും പരീക്ഷാ സെന്‍ററുകളുണ്ടായിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് എഴുതാൻ അനുവദിക്കാത്തതിനാൽ വിദ്യാർഥികൾ മറ്റു സ്കൂളുകളുടെ സെന്‍ററുകളിലാണ് എഴുതിയത്. വിദ്യാർഥികളെ ഒരോരുത്തരേയും അതിഥികളെപ്പോലെ സ്കൂളുകൾ സ്വീകരിച്ചിരുന്നു. അവർക്കായി വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷാ സെന്‍ററുകൾ സി.സി.ടി.വിയുടെ നിരീക്ഷണത്തിലായിരുന്നു. ഒരു അധ്യാപകനെ സദാസമയം ദൃശ്യങ്ങൾ പരിശോധിക്കാനും നിയമിച്ചിട്ടുണ്ട്. 24 കുട്ടികളടങ്ങിയതായിരുന്നു ഓരോ പരീക്ഷാ ഹാളും. 12 പേർക്ക് ഒരു ഇൻവിജിലേറ്റർ എന്ന നിലക്ക് ഒരു ഹാളിൽ രണ്ട് പേരെ നിയമിച്ചിട്ടുണ്ട്. സി.ബി.എസ്.സിക്ക് ഒരു വിഷയത്തിൽ മൂന്ന് വ്യത്യസ്ത പേപ്പറുകളാണുണ്ടാവുക. ഡൽഹിയിൽ മാത്രം ഒന്നും ഡൽഹിക്ക് പുറത്ത് ഇന്ത്യയിലുടനീളം മറ്റൊന്നും. മൂന്നാമത്തേത് വിദേശ രാജ്യങ്ങളിലെ പരീക്ഷക്കുള്ളതാണ്. അതിൽ ഒരു പരീക്ഷാ സെന്‍ററിൽ അടുത്തുള്ളയാളുടേതിന് സമാനമാകാതെ വ്യത്യസ്തമായ മൂന്ന് പേപ്പറുകളും ഉണ്ടാകും. ഒരു സെന്‍ററിന്‍റെ ഉത്തരവാദിത്വം സെന്‍റർ സൂപ്രണ്ടിനും ഡെപ്യൂട്ടി സെന്‍റർ സൂപ്രണ്ടിനുമാണ്. ഇവർ ആ വിദ്യലയത്തിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലുമായിരിക്കും.
ഇന്ത്യൻ എംബസി ചോദ്യപേപ്പർ സംരക്ഷകൻ മാത്രമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം യു.എ.ഇയിൽ സി.ബി.എസ്.സി റീജ്യനൽ ഓഫീസ് ആരംഭിച്ചതിനാൽ ജി.സി.സി രാജ്യങ്ങളിലെ സെന്‍ററുകളിൽ ഇനി സ്ക്വാഡ് പരിശോധനക്കും സാധ്യതയുണ്ട്.
നാളെയാണ് പ്ലസ് ടു പൊതു പരീക്ഷ ആരംഭിക്കുന്നത്. ഫിസിക്കൽ എഡുക്കേഷനാണ് ആദ്യ വിഷയം. മൊത്തം 1299 പ്ലസ് ടു വിദ്യാർഥികളാണ് ഇത്തവണ ബഹ്റൈനിൽ സി.ബി.എസ്.സി പൊതു പരീക്ഷയെഴുതുന്നത്.