മനാമ: ബഹ്റൈൻ പ്രതിഭ ഇഎംഎസ് – എകെജി അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ സെൻററിൽ വച്ച് നടന്ന അനുസ്മരണ ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അനുസ്മരണ പ്രഭാഷണവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ രാഷ്ട്രീയ വിശദീകരണവും നടത്തി.
ഇ എം എസിന്റെ ചരിത്രം കേരളത്തിന്റെ ചരിത്രം കൂടെയാണെന്നും കേരളത്തിന്റെ നിർമ്മിതിയിൽ വലിയ പങ്ക് വഹിച്ച സുദീർഘ കാഴ്ചപ്പാടുള്ള ജന നേതാവും ഭരണകർത്താവുമായിരുന്നു ഇ എം എസ് എന്നും പാവങ്ങളുടെ പടത്തലവൻ എന്നപേരിൽ അറിയപ്പെട്ട എകെജി ഇന്ത്യൻ പാർലമെന്റിലും പുറത്തും സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി എക്കാലവും നിലകൊണ്ട നേതാവായിരുന്നു എന്നും അനുസ്മരണ പ്രഭാഷണത്തിൽ ബിനു മണ്ണിൽ ചൂണ്ടിക്കാട്ടി.
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരോട് ഐക്യദാർഡ്യപ്പെട്ട് നിൽക്കാനും, വർഗ്ഗീയതയും വെറുപ്പും പടർത്തി നാടിനെ ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും ഇഎംഎസിന്റെയും എകെജിയുടെയും ഓർമ്മകൾ കരുത്താകണം എന്നും ആനുകാലിക സംഭവ വികാസങ്ങളെ വിശദീകരിച്ചു കൊണ്ട് സി വി നാരായണൻ ചൂണ്ടിക്കാട്ടി. രാഷ്ട്ര പിതാവിനെ പോലും ചരിത്രത്തിന്റെ ഏടുകളിൽ നിന്നും മായ്ച്ച് കളയാനുള്ള ശ്രമം ബോധപൂർവ്വം നടന്നു കൊണ്ടിരിക്കുകയാണ്.
ലോകത്തിനാകെ തന്നെ മാതൃകയായ ഒരു ഭരണഘടനയുള്ള ഒരു രാജ്യമാണ് ഇന്ത്യ, ആ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ അവകാശങ്ങൾ
മുഴുവൻ പൗരന്മാർക്കും ലഭ്യമാകുന്ന ഒരു സാഹചര്യം ഇന്ത്യാ രാജ്യത്തുണ്ടാകണം. ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനം ഉണ്ടാകുന്ന ബോധപൂർവ്വ സാഹചര്യങ്ങൾ ഇല്ലാതാകേണ്ടതുണ്ട്. പ്രകൃതി ദുരന്തബാധിതർക്ക് സഹായം നൽകുന്നതിൽ പോലും വിവേചനം കാണിക്കുന്നത് സംസ്ഥാനങ്ങൾക്ക് ഉറപ്പ് വരുത്തുന്ന ഫെഡറൽ അവകാശങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ്.
സംസ്ഥാനത്തെ ഭരണ സംവിധാനത്തിന് അത്തരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ നടത്തിവരുന്ന ജനക്ഷേമ- വികസന പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. നവോത്ഥന നായകരും സാമൂഹ്യ പരിഷ്ക്കർത്താക്കളും, ഇഎംഎസും എകെജിയും പോലുള്ള ധിഷണാശാലികളായ നേതാക്കളും ചേർന്ന് രൂപപ്പെടുത്തിയ കേരളത്തെ മുന്നോട്ട് നയിച്ച് നവകേരളം സൃഷ്ടിക്കാനുള്ള ഇടതുപക്ഷ സർക്കാരിന് കരുത്ത് പകരാൻ ഇഎംഎസിന്റെയും എകെജിയുടെയും ഓർമ്മകൾ ഊർജ്ജമാകട്ടെ എന്നും സിവി നാരായണൻ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രതിഭ കേന്ദ്ര ജോയിന്റ് സെക്രട്ടറി മഹേഷ് കെവി സ്വാഗതം ആശംസിച്ച അനുസ്മരണ ചടങ്ങിന് കേന്ദ്ര കമ്മറ്റി അംഗം അനിൽ കെ പി അദ്ധ്യക്ഷത വഹിച്ചു.