മനാമ: 20 വർഷത്തിലധികമായി മതിയായ രേഖകൾ ഇല്ലാതെ ബഹറിനിൽ കുടുങ്ങിക്കിടന്ന ഖദീജ മുഹമ്മദ് അസ്ലം എന്ന ശ്രീലങ്കൻ സ്വദേശിനിക്കും അവരുടെ 18 വയസ്സുള്ള പുത്രൻ റഫീഖ് മുഹമ്മദിനും പ്രവാസി ലീഗൽ സെലിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനായി. കഴിഞ്ഞ ജനുവരി മുതൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖദീജ. 2007ൽ ജനിച്ച മകൻ റഫീക്കിന് ബർത്ത് സർട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. ഒരുപാട് കഷ്ടതകളിലൂടെ ജീവിതം നീക്കി കൊണ്ടിരുന്ന ഖദീജക്ക് മകനും തുണയായത് ബഹറിനിലെ സാമൂഹിക പ്രവർത്തകരായിരുന്നു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓയും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ ഇടപെടൽ ഈ അമ്മയുടെയും മകന്റെയും തിരിച്ചുപോക്കിന് വഴിയൊരുക്കി. ശ്രീലങ്കൻ എംബസിയുടെയും, എമിഗ്രേഷൻ അധികൃതരുടെയും, ഡിസ്കവർ ഇസ്ലാം, ഹോപ്പ്, സൽമാനിയ മെഡിക്കൽ കോളേജ് അധികൃതർ എന്നിവരുടെയൊക്കെ സഹായത്തോടു കൂടി യാത്ര രേഖകളും മറ്റും ശരിയാക്കുകയും ഏപ്രിൽ 17 ന് നാട്ടിലേക്ക് ഖദീജയെയും മകനെയും അയക്കുവാനും സാധിച്ചു.
ഈ ഉദ്യമത്തിൽ സഹായിച്ച ഏവർക്കും ഉള്ള നന്ദി സുധീർ തിരുനിലത്ത് രേഖപ്പെടുത്തി