42 വർഷങ്ങൾക്കു ശേഷം പ്രവാസി മലയാളി നാടാണയുന്നു; തുണയായത് പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി
തിരുവനന്തപുരം സ്വദേശിയായ ഗോപാലൻ ചന്ദ്രൻ എന്ന ബഹറിൻ പ്രവാസിയാണ് 42 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നത്. 1983 ആഗസ്റ്റ് പതിനാറാം തീയതി ഒരുപാട് പ്രതീക്ഷകളോടെ ബഹറിനിൽ എത്തിയ ഗോപാലൻ ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്തു വരുന്നതിനിടെ ആ സ്പോൺസർ മരിച്ചു പോവുകയും ഗോപാലന്റെ പാസ്പോർട്ടും മറ്റു രേഖകളും കാണാതാവുകയും ചെയ്യുന്നു. അതിനുശേഷം കുടുംബത്തിനും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 2020ൽ അദ്ദേഹം തടവിൽ ആവുകയും ചെയ്തു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ യും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീ സുധീർ തിരുനിലത്ത് ഗോപാലന്റെ കുടുംബവുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിയമപരമായ പ്രശ്നങ്ങൾ നീക്കം ചെയ്യുകയും അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങുവാൻ വഴിയൊരുക്കുകയും ചെയ്തു.
അങ്ങനെ 42 വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 22 2025ന് രാവിലെ എയർ അറേബ്യ വിമാനത്തിൽ ചന്ദ്രൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. . ഈ ഉദ്യമത്തിൽ സഹകരിച്ച ഇന്ത്യൻ എംബസി അധികൃതർ എമിഗ്രേഷൻ അധികൃതർ, മിനിസ്റ്ററി ഓഫ് ഇന്റീരിയർ അധികൃതർ, എൽ എം ആർ എ എന്നിവരോടുള്ള നന്ദി പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ശ്രീ സുധീർ തിരുനിലത്തും ജനറൽ സെക്രട്ടറി ഡോ റിതിൻ രാജും അറിയിച്ചു.