മനാമ: ‘ബ്രിഡ്ജിങ് ഹേർട്സ്, ചെയ്ഞ്ചിങ് ലീവ്സ്’എന്ന ശീർഷകത്തിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണക്ടിൻ പ്രവർത്തക ക്യാമ്പയിന് തുടക്കമായി. വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്ങൽ ലോഗോ പ്രകാശനം ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു .ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ 2 മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ നേതാക്കളും മണ്ഡലം നേതാക്കളും മലപ്പുറം ജില്ലയിൽ നിന്നുള്ള മുഴുവൻ പ്രവർത്തകരെയും നേരിട്ട് കാണുകയും ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതികൾ വിശദീകരിക്കുകയും ചെയ്യും. ഭാവി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും കാലോചിതമായ മാറ്റങ്ങൾ സംഘടന പ്രവർത്തനത്തിൽ കൊണ്ട് വരുന്നതിനും പ്രവർത്തകരിൽ നിന്ന് നിർദ്ദേശങ്ങൾ തേടും. ക്യാമ്പയിന്റെ ഭാഗമായി അവശത അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുകയും നിയമ സഹായങ്ങൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കുകയും ചെയ്യും. നാട്ടിൽ ഗവണ്മെന്റ് സംബന്ധമായ കാര്യങ്ങളിൽ സഹായങ്ങൾ ആവശ്യമുള്ളവർക്ക് അതാത് മണ്ഡലം മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കും. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മുസ്ലിം ലീഗ് പ്രവർത്തകർക്കും അനുഭാവികൾക്കും മെമ്പർഷിപ്പും അമാന സെക്യൂരിറ്റി സ്‌കീമിൽ അംഗത്വവും ക്യാമ്പയിന്റെ ഭാഗമായി നൽകും.
ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ പ്രവർത്തകരും കർമ്മ രംഗത്തിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇക്ബാൽ താനൂരും ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് മേൽമുറിയും അഭ്യർത്ഥിച്ചു.









