ഇൻഡോ -ബഹ്റൈൻ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ മെയ് 8-9 വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇന്ത്യയിലെ പ്രമുഖ നർത്തകരായ മേതിൽ ദേവികയും ആശാശരത്തും സംഘവും
അവതരിപ്പിക്കുന്ന നൃത്ത പരിപാടി അരങ്ങേറുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.
മെയ് 9 വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിലെ പ്രമുഖ നർത്തകിയും സിനിമാതാരവുമായ
മേതിൽ ദേവിക അവതരിപ്പിക്കുന്ന
ഉച്ചില എന്ന നൃത്താവിഷ്കാരം ഉണ്ടായിരിക്കും.
കേരളത്തിലെ പ്രാദേശിക ദേവി സങ്കല്പമായ മുച്ചിലോട്ട് ഭഗവതിയുമായി ബന്ധപ്പെട്ട ചിന്തകളും സങ്കല്പങ്ങളും മോഹിനിയാട്ടത്തിന്റെ സാധ്യതകൾ ഉപയോഗിചുള്ള നൃത്താവിഷ്കാരമാണ് ഉച്ചില .
പാരമ്പര്യ മോഹിനിയാട്ടത്തിന്റെ കഥാഖ്യാനത്തിനുള്ള സാധ്യതകളെ വൈകാരികവും കലാപരമായും പുതിയ കാലത്തിന്റെ സൗന്ദര്യ സങ്കല്പങ്ങളിലേക്ക് ചേർത്തുവെച്ച ഉച്ചിലയുടെ ആവിഷ്കാരം സാമൂഹിക വിമർശനത്തിന്റെ ധർമവും കലയിലേക്ക് കണ്ണി ചേർക്കുന്ന സംഗീത നൃത്താവിഷ്കാരമാണ്.
ഫെസ്റ്റിവലിന്റെ നാലാം ദിവസമായ മെയ് ഒൻപത് വെള്ളിയാഴ്ച പ്രമുഖ നർത്തകിയും സിനിമാതാരവുമായ ആശാ ശരത്തും മകൾ ഉത്തര ശരത്തും ചേർന്ന് ഭരതനാട്യം അവതരിപ്പിക്കും.
സൂക്ഷ്മ മുദ്രകളും ചലനങ്ങളും നിറഞ്ഞ ഭരതനാട്യത്തെ തന്റെ സ്വതസിദ്ധമായ ഭാവാഭിനയം കൊണ്ടും വൈകാരിക മുഹൂർത്തങ്ങളുടെ സൂക്ഷ്മ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയായ ആശാ ശരത്തും മകൾ ഉത്തരയും അവതരിപ്പിക്കുന്ന നൃത്താവിഷ്കാരത്തിന് ലോകം മുഴുവൻ കാണികളുണ്ട്.
ഇൻഡോ ബഹ്റൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ഫെസ്റ്റിവൽ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു