മനാമ: ലോക മുസ്‌ലിംകൾ ഈദുൽ അദ്‌ഹാ ആഘോഷിക്കുന്ന വേളയിൽ പ്രവാചകൻ ഇബ്‌റാഹീം നബിയുടെ മാതൃക പിൻതുടരാൻ വിശ്വാസികൾ സന്നദ്ധമാവണമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രബോധകൻ നാസർ മദനി അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇബ്‌റാഹീം നബിയുടെ ജീവിതത്തിൽ ഒട്ടനവധി പരീക്ഷണങ്ങളെ അതിജയിക്കേണ്ടിവന്നു. അല്ലാഹു വിന്റെ നിരന്തരമായ പരീക്ഷണങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട അദ്ദേഹത്തിന്റെ മാതൃക പിൻപറ്റി ജീവിതവിജയം കൈവരിക്കാൻ ഭൗതികമായ പലതും നാം ബലികഴിക്കേണ്ടിവരികയാണെങ്കിൽ അതിന് തെയ്യാറാവാൻ സാധിക്കുമ്പോഴാണ് ജീവിത വിജയം സാധ്യമാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗന്റിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നിരവധി പേർ പങ്കെടുത്തു. സുഹൈൽ മേലടി, അബ്ദുറഹ്‌മാൻ മുല്ലങ്കോത്ത്, അബ്ദുൽ ഷുക്കൂർ, റഹീസ് മുല്ലങ്കോത്ത്, നസീഫ് ടിപി, റിഫ്‌ഷാദ് അബ്ദുറഹ്‌മാൻ, നവാഫ് ടിപി, ഹിഷാം അബ്ദുറഹ്‌മാൻ ഓവി മൊയ്ദീൻ, തുടങ്ങിയവർ ഈദ് ഗാഹിന് നേതൃത്വം നൽകി.