

വാഷിങ്ടണ്‍: ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്ന് സമാപിക്കും. വൈകിട്ട് 6.30ന് ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന രണ്ട് പോരാട്ടങ്ങളായിരിക്കും അവസാന മത്സരങ്ങള്‍. ഫിലാഡെല്‍ഫിയയില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ജര്‍മന്‍ ക്ലബ്ബ് ആര്‍ബി സാല്‍സ്ബര്‍ഗിനെ നേരിടും. ഇതേ സമയത്ത് നാഷ് വില്ലെയില്‍ നടക്കുന്ന പോരാട്ടത്തില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലും മെക്‌സിക്കന്‍ ടീം പച്ചൂസയും പോരടിക്കും.
ഗ്രൂപ്പ് എച്ചില്‍ ആരും തന്നെ ഇതേവരെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാത്തത് ഇന്നത്തെ മത്സരങ്ങള്‍ക്ക് വീറും വാശിയും പകരും. അല്‍ ഹിലാലിനെതിരെ ആദ്യ മത്സരത്തില്‍ സമനില പിണഞ്ഞതിന്റെ പോരായ്മ ഗ്രൂപ്പ് ജേതാക്കളായി മറികടക്കാനാകും റയല്‍ ഇറങ്ങുക. ആദ്യ കളിയില്‍ ഒരു ഗോള്‍ സമനിലയില്‍ കുരുങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ പച്ചൂസയെ 3-1ന് തോല്‍പ്പിച്ചിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഇന്ന് ജര്‍മന്‍ കരുത്തര്‍ക്കെതിരെ വിജയിച്ചാല്‍ മാത്രമേ റയലിന് നോക്കൗട്ടില്‍ സ്ഥാനം ഉറപ്പിക്കാനാകൂ. നാല് പോയിന്റാണ് റയലിനുള്ളത്. ഇത്രയും തന്നെ പോയിന്റുള്ള സാല്‍സ്ബര്‍ഗിനും റയലിന്റെ സമാന സ്ഥിതിയാണ്. അതിനാലാണ് ഇന്നത്തെ പോരാട്ടത്തിന് വാശിയേറുക. ഈ മത്സരം സമനിലയില്‍ കലാശിച്ചാല്‍ റയല്‍ ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ മുന്നിലുള്ള റയല്‍ ഗ്രൂപ്പ് എച്ചില്‍ നിന്ന് റണ്ണറപ്പുകളായെങ്കിലും മുന്നേറുമെന്ന് ഉറപ്പാണ്. മറിച്ച് തോല്‍വി നേരിട്ടാല്‍ അല്‍ ഹിലാല്‍ പച്ചൂസയോട് തോറ്റെങ്കില്‍ മാത്രമേ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിക്കാനാകൂ.









