മനാമ: ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂൺ 27-ന് സിത്രയിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8 മണി മുതൽ 12 വരെ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.
രോഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ക്യാമ്പിൽ, പങ്കെടുക്കാനെത്തിയവർക്ക് വിവിധ സൗജന്യ ലാബ് ടെസ്റ്റുകൾ (ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, കിഡ്നി സ്ക്രീനിംഗ് (ക്രിയാറ്റിനിൻ), ലിവർ സ്ക്രീനിംഗ് (എസ്.ജി.പി.ടി), ടോട്ടൽ കൊളസ്ട്രോൾ) ലഭ്യമാക്കി. കൂടാതെ, വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും, ഡിസ്കൗണ്ട് കാർഡുകളും നൽകി.
ഇടപ്പാളയം ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിലുള്ള ശ്രീ രതീഷ് സുകുമാരൻ, ശ്രീ മുരളീധരൻ എന്നിവർ ഈ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. വിജയകരമായി പൂർത്തിയാക്കിയ ഈ ക്യാമ്പിന് എല്ലാവരും മികച്ച പിന്തുണ നൽകിയതിൽ സംഘാടകർ നന്ദി രേഖപ്പെടുത്തി.









