ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) പുറത്തിറക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 2025 ജൂലായ് മാസത്തിലെ പട്ടികയിലാണ് പ്രജ്ഞാനന്ദ ഏഴാം റാങ്കില്‍ നിന്നും നാലാം സ്ഥാനത്തേക്കുയര്‍ന്നത്. 2779 ആണ് പ്രജ്ഞാനന്ദയുടെ റേറ്റിംഗ്.
ഇതുവരെ ലോക ചെസ് ചാമ്പ്യനായ ഗുകേഷ് മൂന്നാം സ്ഥാനത്തും ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗെയ്സി നാലാമതും ആയിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ട് പേരും റാങ്കിംഗില്‍ പിന്തള്ളപ്പെട്ടു. 2025ല്‍ ആഗോളപ്രശസ്തമായ വിവിധ ടൂര്‍ണ്ണമെന്‍റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രജ്ഞാനന്ദയുടെ റാങ്കിംഗ് ഉയര്‍ന്നത്.
നെറ്റിയിലെ ഭസ്മക്കുറി
പ്രജ്ഞാനന്ദ തമിഴ്നാട്ടിലെ ശിവഭക്തരുടെ കുടുംബത്തില്‍ നിന്നും വരുന്നവനാണ് പ്രജ്ഞാനന്ദ. അമ്മ നാഗലക്ഷ്മി ചെറുപ്പകാലം മുതലേ നെറ്റിയില്‍ തൊട്ടുകൊടുത്ത ഭസ്മക്കുറി എന്നും പ്രജ്ഞാനന്ദ മാറ്റമില്ലാതെ നെറ്റിയില്‍ അണിയുന്നു. കളി സ്പെയിനിലായാലും അമേരിക്കയിലായാലും സിംഗപ്പൂരിലായാലും നെറ്റിയില്‍ കാണും ആ ഭസ്മക്കുറി.
തന്റെ ചെസ് ജീവിതത്തിലെ തിളക്കമുള്ള കാലഘട്ടങ്ങളില്‍ ഒന്നെന്ന് പ്രജ്ഞാനന്ദ
“ഇത് തന്റെ ചെസ് ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടങ്ങളില്‍ ഒന്നാണെന്ന് പ്രജ്ഞാനന്ദ. കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ കളിക്കുന്ന ചെസ് ഒന്നാന്തരമാണെന്ന് പ്രജ്ഞാനന്ദ പറയുന്നു. 87 വര്‍ഷത്തെ ചരിത്രമുള്ള ടാറ്റാ സ്റ്റീല്‍ ചെസ് നേടിയത് വലിയ നേട്ടമാണ്. നിരവധി ലോകചാമ്പ്യന്മാര്‍ വിജയിച്ച ടൂര്‍ണ്ണമെന്‍റാണിത്. റൊമാനിയയിലെ സൂപ്പര്‍ബെറ്റും ഉസ്ബെക്കിസ്ഥാനിലെ ഊസ് ചെസും വിജയിച്ചു. എന്റെ കളിയിലെ ചില കാര്യങ്ങള്‍ മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. അത് ശരിക്കും ഫലിച്ചു”.- പ്രജ്ഞാനന്ദ പറയുന്നു. “ഇന്ത്യയിലെ ചെറുപ്പക്കാരുടെ പ്രകടനം മികച്ചതാണ്. അരവിന്ദ് ചിതംബരം മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നത്. നിഹാല്‍ സരിന്‍ ക്ലാസിക്ക് ചെസ്സില്‍ നല്ല പ്രകടനം നടത്തുന്നു. അര്‍ജുന്‍ എരിഗെയ്സി 2800 എന്ന ഇഎല്‍ഒ റേറ്റിംഗ് മറികടന്നിരിക്കുന്നു. ഗുകേഷിന്റെ ലോകചെസ് കിരീടം ഇന്ത്യയിലെ മറ്റ് ചെറിയപ്രായക്കാര്‍ക്ക് പ്രചോദനമാണ്. “-പ്രജ്ഞാനന്ദ പറയുന്നു.
എളുപ്പമായിരുന്നില്ല ഉസ്ബെക്കിസ്ഥാനിലെ കിരീടം
നോഡിര്‍ബെക് അബ്ദുസത്തൊറോവും സിന്‍ഡൊറോവും ഉള്‍പ്പെടെയുള്ള പ്രമുഖ ഉസ്ബെക്കിസ്ഥാന്‍ ചെസ് താരങ്ങളും ഇന്ത്യയിലെ അര്‍ജുന്‍ എരിഗെയ്സിയും അരവിന്ദ് ചിതംബരവും ഉള്‍പ്പെടെയുള്ള പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്‍റായിരുന്നു ഉസ്ബെക്കിസ്ഥാനില്‍ ഈയിടെ സമാപിച്ച ഊസ് ചെസ് 2025.ആദ്യ റൗണ്ടുകളില്‍ മുന്നില്‍ നിന്ന പ്രജ്ഞാനന്ദ പിന്നീട് രണ്ട് ഗെയിമുകളില്‍ തോറ്റതോടെ പിന്നിലായി. പിന്നീട് മൂന്ന് റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇയാന്‍ നെപോംനിഷിയുമായി സമനിലയിലായി. പിന്നീട് എട്ടാം റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയെയും ഒമ്പതാം റൗണ്ടില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെയും തോല്‍പിച്ചു. നിസ്സാരമായിരുന്നില്ല ഈ വിജയങ്ങള്‍ തീ പാറും പോരാട്ടത്തിനൊടുവിലായിരുന്നു ഈ വിജയം. അവസാനം ഒമ്പതാം റൗണ്ട് സമാപിച്ചപ്പോള്‍ മൂന്ന് പേര്‍ അഞ്ചരപോയിന്‍റോടെ ഒന്നാമതായി. നോഡിര്‍ബെക് അബ്ദുസത്തൊറോവ്, ജോവൊകിന്‍ സിന്‍ഡൊറോവ്, പിന്നെ പ്രജ്ഞാനന്ദ. ഇതോടെ വിജയിയെ തീരുമാനിക്കാന്‍ ഇവര്‍ മൂന്ന് പേരും തമ്മില്‍ ടൈബ്രേക്ക് മത്സരം വേണ്ടിവന്നു. ഇതില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെയും ജോവോകിന്‍ സിന്‍ഡൊറോവിനെയും പ്രജ്ഞാനന്ദ തോല്‍പിച്ചു. കിരീടം നേടി.
ഊസ് ചെസിലെ കിരീടം ഇഎല്‍ഒ റേറ്റിംഗില്‍ 12 പോയിന്‍റ് കൂടി പ്രജ്ഞാനന്ദയ്‌ക്ക് നേടിക്കൊടുത്തിരുന്നു. 2025ലെ ടാറ്റാ സ്റ്റീല്‍ ചെസ്സിലും പ്രജ്ഞാനന്ദ തന്നെയായിരുന്നു ചാമ്പ്യന്‍. അര്‍മേനിയയില്‍ നടന്ന ആറാമത് സ്റ്റെപാന്‍ അവഗ്യാന്‍ മെമോറിയല്‍ ചെസില്‍ പ്രജ്ഞാനന്ദ റണ്ണര്‍ അപ് ആയിരുന്നു.
നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ തന്നെയാണ് ലോക റാങ്കിംഗില്‍ ഒന്നാമന്‍. 2839 ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. നോര്‍വ്വെ ചെസ്സിലെ കിരീടമാണ് മാഗ്നസ് കാള്‍സന്റെ റേറ്റിംഗ് കൂട്ടിയത്. രണ്ടാം സ്ഥാനത്ത് ഹികാരു നകാമുറ നിലകൊള്ളുന്നു. 2807 ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. അമേരിക്കയുടെ ഫാബിയാനോ കരുവാന ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 2784 ആണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. നോര്‍വ്വെ ചെസ്സിലെ പ്രകടനമാണ് കരുവാനയ്‌ക്ക് മികച്ച സ്ഥാനം നേടിക്കൊടുക്കത്.
ആദ്യ 25 റാങ്കുകാരില്‍ ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അഞ്ചാം റാങ്കിലേക്കും ഇന്ത്യയുടെ തന്നെ ഡി. ഗുകേഷ് ആറാം റാങ്കിലേക്കും ഉയര്‍ന്നിരുന്നു. അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്റെ റാങ്ക് 15ല്‍ നിന്നും 13ലേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ അരവിന്ദ് ചിതംബരം ആണ് 24ാം റാങ്കുകാരന്‍. 11ാം റാങ്കുകാരനായ അരവിന്ദ് ചിതംബരം ഈയിടെ നടന്ന ടൂര്‍ണ്ണമെന്‍റുകളില്‍ നടത്തിയ മോശം പ്രകടനം കാരണമാണ് 24ലേക്ക് താഴ്ന്നത്.