ഹാരപ്പ, മോഹൻജോ ദാരോ എന്നീ സിന്ധുനദീതട സംസ്കാരങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങൾ സ്കൂളിൽ പഠിച്ച കാലം മുതൽ ഒരത്ഭുതമായി മനസ്സിൽ അവശേഷിച്ചിരുന്നു. അക്ഷരങ്ങളിലൂടെ മനസ്സിലാക്കുകയല്ല, കണ്ടുതന്നെ മനസ്സിലാക്കണമെന്ന മോഹം അന്നുമുതൽ മനസ്സിനുള്ളിൽ കയറിക്കൂടിയതാണ്.
രണ്ടു പ്രദേശങ്ങളും പാകിസ്താനിലായതിനാലും അവിടേക്കെത്തിച്ചേരാൻ ബുദ്ധിമുട്ടായതിനാലും ആ ആഗ്രഹം പതിയെ ഞാനുപേക്ഷിച്ചു. എന്നാൽ, ഹാരപ്പൻ സംസ്കാരം നിലനിന്ന ഇന്ത്യയിലെ 950ഓളം ഇടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഗുജറാത്തിലാണുള്ളത്. അങ്ങനെയാണ് ഗുജറാത്തിലെ ലോഥലിലേക്ക് തിരിച്ചത്.

ധോളാവീരയും ലോഥലും
ഗുജറാത്തിലെ പ്രധാനപ്പെട്ട രണ്ട് ഹാരപ്പൻ നഗരങ്ങൾ ധോളാവീരയും ലോഥലുമാണ്. ‘ലോഥൽ’ എന്ന വാക്കിന് ‘മരിച്ചവരുടെ കുന്ന്’ എന്നാണ് ഗുജറാത്തിയിൽ അർഥം. ഉത്ഖനനം നടത്തിയപ്പോൾ പുരാവസ്തു ഗവേഷകർ മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തതിനാലാണ് ഈ പ്രദേശത്തിന് ഈ പേരുവന്നത്.
2200 ബി.സിയിൽ നിർമിതിയാരംഭിച്ച നഗരമാണ് ലോഥലെന്ന് ആർക്കിയോളജിക്കൽ വിഭാഗം അവകാശപ്പെടുന്നു. 1954ലാണ് ഈ ഹാരപ്പൻ നഗരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കണ്ടെത്തിയത്. 1955ൽ അവർ ഉത്ഖനനം ആരംഭിച്ചു. 1960ൽ പൂർത്തിയാക്കുകയും ചെയ്തു.
2200 ബി.സിക്കും 1900 ബി.സിക്കും ഇടയിൽ സുപ്രധാനവും വളരെ അഭിവൃദ്ധി പ്രാപിച്ചതുമായ വ്യാപാര വ്യവസായ മേഖലയായിരുന്നു ലോഥലെന്ന് എ.എസ്.ഐയുടെ പഠനത്തിൽ പറയുന്നു. സബർമതി നദിയുടെ ശാഖയായ ഭോഗവാ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
കല്ല്, അസ്ഥി, ഗ്ലാസ്, പ്ലാസ്റ്റിക്, തടി, പേൾ എന്നിവകൊണ്ട് ചെത്തി ആകൃതിവരുത്തിയ മുത്തുകൾ (ബീഡ്‌സ്), രത്നങ്ങൾ, വിലയേറിയ ആഭരണങ്ങൾ തുടങ്ങിയവ പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്തിരുന്നു. സിന്ധിലും കച്ചിലുമുള്ള ഹാരപ്പൻ നഗരങ്ങളിൽനിന്നും ലോഥലിലേക്ക് കപ്പൽ വഴി സാധനങ്ങൾ വന്നിരുന്നു.
ഇഷ്ടികകൾ ഏറെ ഉയരത്തിൽ അടുക്കിവെച്ച് അവയുടെ മുകളിലായിരുന്നു ഇവ സംഭരിച്ചിരുന്നത്. ഈ സംഭരണശാലയാണ് ലോഥലിന്‍റെ ഏറ്റവും ഉയരം കൂടിയ ഭാഗം. ആയുധങ്ങൾ, മുദ്രകൾ, വർക്ക് ഷോപ്പുകൾ എന്നിവയും ലോഥലിൽ കണ്ടെത്തിയിട്ടുണ്ട്. മുത്തുകൾ നിർമിച്ചെടുക്കുന്ന ഫാക്ടറിയിരുന്ന സ്ഥലം വേർതിരിച്ചിട്ടിട്ടുണ്ട്. കളിമൺ പാത്രങ്ങൾ ചുട്ടെടുത്തിരുന്ന ചൂളയും അവിടെ കണ്ടു.

17 ഏക്കറും സെമിത്തേരിയും
ഇഷ്ടികകൾ ചുട്ടെടുത്തിരുന്ന ചൂളകളിരുന്ന സ്ഥലങ്ങൾ പലയിടങ്ങളിൽ കാണാം. സാധാരണക്കാരായ ജനങ്ങൾ പാർത്തിരുന്ന, കോട്ടക്കുള്ളിലെ താഴ്ന്ന പ്രദേശങ്ങളായ ‘ലോവർ ടൗണുകളു’ടെ ബോർഡും ഇടക്കിടെ കാണാം. ഭരണാധികാരികളുടെ ഭവനത്തിലെ ടോയ്‍ലറ്റിന്‍റെ ഘടന ഇപ്പോഴും ഒരു കേടുമില്ലാതെ കിടക്കുന്നു.
ലോഥലിന്‍റെ കോട്ടക്കുള്ളിലായി സെമിത്തേരിയും കാണാം. 17 പേരെ അവിടെ അടക്കിയതിന്‍റെ തെളിവുകൾ എ.എസ്.ഐക്ക് ലഭിച്ചിട്ടുണ്ട്. 17 ഏക്കറിലായാണ് ലോഥൽ കിടക്കുന്നത്. അവിടെനിന്ന് കണ്ടുകിട്ടിയ ആഭരണങ്ങൾ, മൺപാത്രങ്ങൾ, മുദ്രകൾ (seals), മതപരമായ വസ്തുക്കൾ, ദൈനംദിന ഉപയോഗ സാധനങ്ങൾ എന്നിവ ലോഥൽ സിറ്റിയോട് ചേർന്ന മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മ്യൂസിയം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
ലോഥലിന് സമീപത്തുകൂടി ഒഴുകിയിരുന്ന സബർമതി നദിയുടെ ശാഖ ഇപ്പോൾ ഈ ഹാരപ്പൻ നഗരത്തിന്‍റെ സമീപത്തേക്കു മാത്രമായി ചുരുക്കിയ ഒരു തടാകമായി മാറ്റപ്പെട്ടിരിക്കുന്നു. കൃത്രിമമായി നിർമിക്കപ്പെട്ട ലോകത്തിലെ ആദ്യ നൗകാശയം (ഡോക്ക്) ലോഥലിലേതാണെന്നതും ഈ ഹാരപ്പൻ നഗരത്തിന്‍റെ പ്രത്യേകതയാണ്.
ഹാരപ്പാ നഗരത്തിലെ ജനങ്ങൾ
ആദ്യകാല യൂറോപ്പിലെയും മധ‍്യകിഴക്കൻ രാജ്യങ്ങളിലെയും വടക്കേ ആഫ്രിക്കയിലെയും ജനങ്ങളോട് സാമ്യമുള്ളവരാണ് കാഴ്ചയിൽ ഹാരപ്പാ നഗരത്തിലെ ജനങ്ങൾ എന്ന് പറയപ്പെടുന്നു. പരുന്തിന്‍റെ ചുണ്ടുപോലെയുള്ള, റോമൻ ജനതയുടെ നാസികപോലെയായിരുന്നു ഹാരപ്പൻ ജനതയുടേതെന്നും പുരുഷന്മാർക്ക് അഞ്ചടി ഒമ്പത് ഇഞ്ച് ഉയരവും സ്ത്രീകൾക്ക് അഞ്ചടി അഞ്ച് ഇഞ്ച് ഉയരവുമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അരക്ക് ചുറ്റുമായി മുണ്ടുപോലെയുള്ള വസ്ത്രം പുരുഷന്മാരും കാൽമുട്ട് വരെയുള്ള പാവാട സ്ത്രീകളും ധരിച്ചിരുന്നു.
സ്ത്രീകൾ വള, കമ്മൽ, മോതിരം, കൊലുസ് എന്നിവയും പുരുഷന്മാർ മുത്തുവെച്ച ബെൽറ്റും ധരിച്ചിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. മുത്തുകളുടെ നിർമിതിക്കായി ഉപയോഗിച്ച സാങ്കേതികവിദ്യയും അതിനായി ഉപയോഗിച്ച ഉപകരണങ്ങളും ലോഹശാസ്ത്രം പോലും അടുത്ത 4000 വർഷങ്ങളിൽ ഭാരതത്തിൽ തുടർന്നിരുന്നു.
ഭാഷയും ആരാധനയും
ലോഥലിൽ ആശയവിനിമയത്തിനുപയോഗിച്ചിരുന്ന ഭാഷ ഏതെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മുദ്രകളിലും മറ്റും കാണുന്നത് ചില മൃഗങ്ങളുടെ രൂപങ്ങളാണ്. മറ്റു ചിലയിടങ്ങളിൽ ലിപികളും കണ്ടെത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലുപയോഗിച്ചിരുന്ന ബ്രഹ്മി ലിപിയോടു സാദൃശ്യമുണ്ടെങ്കിലും ആർക്കും ഇതുവരെ അവ വായിച്ചെടുക്കാനോ മനസ്സിലാക്കാനോ സാധിച്ചിട്ടില്ല.
തീ, മൃഗങ്ങൾ, സമുദ്ര ദേവത എന്നിവയെയായിരുന്നു ഇവർ ആരാധിച്ചിരുന്നതെന്ന് അനുമാനിക്കുന്നു. അതിനുതകുന്ന തെളിവുകൾ ലോഥലിൽനിന്ന് ലഭ്യമായിട്ടുണ്ട്.
എങ്ങനെ എത്തിച്ചേരാം?
അഹ്മദാബാദിൽനിന്ന് ലോഥലിലേക്കുള്ള ദൂരം 85 കിലോമീറ്ററാണ്. ഗാന്ധിഗ്രാം റെയിൽവേ സ്റ്റേഷനിൽനിന്ന് വൈകീട്ട് ആറിന് ലോഥൽ ഭുർക്കിയിലേക്ക് ട്രെയിൻ സർവിസുണ്ട്. അവിടെനിന്ന് ഓട്ടോ പിടിച്ച് ലോഥലിലേക്കു പോകാം.
ലോഥലിലേക്ക് നേരിട്ട് ബസ് സർവിസില്ല. അഹ്മദാബാദിൽനിന്ന് ധോൽകായിലോ ബഗോദറയിലോ ഇറങ്ങി ഓട്ടോയോ ടാക്സിയോ പിടിച്ച് ലോഥലിലേക്കു പോകണം. ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടും ബസ് കിട്ടാഞ്ഞതിനാൽ ഒരു ടാക്സി പിടിച്ച് എനിക്ക് പോകേണ്ടിവന്നു. പോയിവരാൻ 2700 രൂപയാണ് ചാർജ് ചെയ്തത്.